പോച്ചറിലൂടെ ബി-ടൗണറിഞ്ഞ മോളിവുഡ് ടച്ച്; കരിയർ 'തേച്ചു മിനുക്കുന്ന' നിമിഷയും റോഷനും

പോച്ചറിലൂടെ ബി-ടൗണറിഞ്ഞ മോളിവുഡ് ടച്ച്; കരിയർ 'തേച്ചു മിനുക്കുന്ന' നിമിഷയും റോഷനും

2022ലിറങ്ങിയ ഒരു തെക്കന്‍ തല്ലു കേസിലൂടെയായിരുന്നു നിമിഷയും റോഷനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്

ഡല്‍ഹി ക്രൈം ക്രിയേറ്റര്‍ റിച്ചി മേത്ത തിരക്കഥയൊരുക്കി സംവിധാനം നിര്‍വഹിച്ച പോച്ചര്‍ മികച്ച അഭിപ്രായങ്ങള്‍ നേടി ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ നിമിഷ സജയന്റെയും റോഷന്‍ മാത്യുവിന്റെയും പ്രകടനങ്ങളും ചര്‍ച്ചയാകുന്നു. ഇരുവരുടെയും പ്രകടനങ്ങള്‍ മലയാളികള്‍ നേരത്തെ മനസിലാക്കിയതാണെങ്കിലും പോച്ചറിലൂടെ ഇരുവരും ഹിന്ദി പ്രേക്ഷകരുടെ പ്രീതിയും നേടിക്കൊണ്ടിരിക്കുകയാണ്. 2022- ല്‍ ഇറങ്ങിയ ഒരു തെക്കന്‍ തല്ലു കേസിലൂടെയായിരുന്നു നിമിഷയും റോഷനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. ഇരുവരുടെയും കെമിസ്ട്രി സിനിമയിലുടനീളം മികച്ച കാഴ്ചാനുഭവം നല്‍കിയിരുന്നു. അതേസമയം, അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഴോണറിലുള്ള സീരീസാണ് പോച്ചര്‍.

ഒരു തെക്കൻ തല്ലു കേസ്
ഒരു തെക്കൻ തല്ലു കേസ്

നാടക പശ്ചാത്തലത്തില്‍ നിന്നും വന്ന റോഷന്‍ മാത്യു 2015ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് ടിവി മിനി സീരീസായ ടാന്‍ലിന്‍സിലൂടെയാണ് സിനിമാ രംഗത്ത് പ്രവേശിക്കുന്നത്. അതേവര്‍ഷം തന്നെ അടി കപ്യാരെ കൂട്ടമണിയിലൂടെ റോഷന്‍ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. ആനന്ദത്തിലെ കോളേജ് പയ്യന്റെ (ഗൗതം) മുഴുനീള റോള്‍ റോഷന് വഴിത്തിരിവാകുകയായിരുന്നു. ബോക്‌സ് ഓഫീസില്‍ വലിയ ഓളം സൃഷ്ടിക്കാനായില്ലെങ്കിലും പിന്നീടിറങ്ങിയ വിശ്വാസപൂര്‍വം മന്‍സൂര്‍, മാച്ച്‌ബോക്‌സ്, ഒരായിരം കിനാക്കള്‍ തുടങ്ങിയ സിനിമകളിലെ റോഷന്റെ പ്രകടനങ്ങള്‍ ചര്‍ച്ചയായിരുന്നു. അഞ്ജലി മേനോന്റെ കൂടെയിലെ ചെറിയ വേഷവും റോഷന്‍ മനോഹരമാക്കി.

 മൂത്തോൻ
മൂത്തോൻ

2019ല്‍ പുറത്തിറങ്ങിയ ഗീതു മോഹന്‍ദാസിന്റെ മൂത്തോനിലെ അമീര്‍, റോഷന്റെ കരിയറിലെ തന്നെ മികച്ച വേഷമായിരുന്നു. സ്വവര്‍ഗാനുരാഗിയായ ആ കഥാപാത്രത്തെ തന്റെ വികാരങ്ങളിലൂടെ പ്രതിഫലിപ്പിക്കാന്‍ റോഷന് സാധിച്ചിരുന്നു. കോവിഡ് ലോക്ഡൗണിന് തൊട്ടുമുമ്പ് പുറത്തിറങ്ങിയ കപ്പേളയിലെ നെഗറ്റീവ് റോളിലൂടെയും വിവിധ റോളുകള്‍ തന്റെ കയ്യില്‍ ഭദ്രമാണെന്ന് റോഷന്‍ തെളിയിക്കുകയായിരുന്നു. 2020ല്‍ തന്നെ അനുരാഗ് കശ്യപിന്റെ ചോക്ഡിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ചിത്രം വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ അതേ വര്‍ഷം തന്നെ ഒടിടിയിലൂടെ പുറത്തിറങ്ങിയ സി യു സൂണ്‍ രാജ്യമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റി.

പോച്ചറിലൂടെ ബി-ടൗണറിഞ്ഞ മോളിവുഡ് ടച്ച്; കരിയർ 'തേച്ചു മിനുക്കുന്ന' നിമിഷയും റോഷനും
ദൃശ്യം ഹോളിവുഡിലേക്കും; റീമേക്ക് അവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്

ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി, പ്രേക്ഷകരുടെ മനം കീഴടക്കിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെയുമാണ് നിമിഷ സജയന്‍ സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്നത്. 2017ല്‍ ഇറങ്ങിയ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. തന്റെ ആദ്യ ചിത്രത്തില്‍ തന്നെ സ്വതസിദ്ധവും സ്വാഭാവികവുമായ അഭിനയത്തിലൂടെ നിമിഷ ശ്രദ്ധേയയായി.

 ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍
ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍

ഈടെ, സനല്‍ കുമാര്‍ ശശിധരന്റെ ചോല, സ്റ്റാന്‍ഡ് അപ് തുടങ്ങിയ സിനിമകളിലും തന്റെ കഥാപാത്രം ഭംഗിയാക്കാന്‍ നിമിഷ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ജിയോ ബേബിയുടെ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലൂടെയാണ് നിമിഷ ദേശീയ തലത്തില്‍ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. മാര്‍ട്ടിന്‍ പ്രകാട്ടിന്റെ നായാട്ട്, മഹേഷ് നാരായണന്റെ മാലിക്, രാജീവ് രവിയുടെ തുറമുഖം എന്നീ സിനിമകള്‍ നിമിഷയെന്ന നടിയുടെ ഗ്രാഫ് ഉയര്‍ത്തുന്നതായിരുന്നു. ജിഗര്‍തണ്ട ഡബിള്‍ എക്‌സിലെ മലയ്യരസിയിലൂടെ നിമിഷ തമിഴ് സിനിമാ ലോകത്തും ഇടംപിടിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in