'കടക്കെണിയിലായി നാടുവിട്ട നിർമാതാവിന്റെ മക്കളുടെ വിജയം; കണ്ണൂർ സ്ക്വാഡ്
ഞങ്ങളുടെ 'മഹായാനം': റോണി ഡേവിഡ് രാജ്

'കടക്കെണിയിലായി നാടുവിട്ട നിർമാതാവിന്റെ മക്കളുടെ വിജയം; കണ്ണൂർ സ്ക്വാഡ് ഞങ്ങളുടെ 'മഹായാനം': റോണി ഡേവിഡ് രാജ്

മഹായാനം എന്ന മമ്മൂട്ടി ചിത്രത്തിന്റെ നിർമാതാവിന്റെ മക്കളാണ് കണ്ണൂർ സ്ക്വാഡിന്റെ സംവിധായകൻ റോബിയും തിരക്കഥാകൃത് റോണിയും

മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് തീയേറ്ററിൽ വൻ ഹിറ്റിലേക്ക് നീങ്ങുമ്പോൾ പഴയ ഒരു പരാജയത്തിന്റെ വേദന കൂടിയാണ് സന്തോഷമായി മാറുന്നത്. 1989ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ മഹായാനം എന്ന ചിത്രം നിർമിച്ച സി ടി രാജന്റെ മക്കളാണ് കണ്ണൂർ സ്ക്വാഡിന്റെ സംവിധായകൻ റോബിയും തിരക്കഥാകൃത്തും നടനുമായ റോണിയും.നിരൂപക പ്രശംസയടക്കം നേടിയെങ്കിലും മഹായാനം സാമ്പത്തികമായി പരാജയപ്പെട്ടിരുന്നു. കടക്കെണിയിലായ രാജൻ അതോടെ സിനിമാ നിർമാണം അവസാനിപ്പിച്ചു. അന്ന് അച്ഛൻ പരാജയപ്പെട്ടിടത്ത് ഞങ്ങൾക്ക് വിജയിക്കാനായതിൽ സന്തോഷമുണ്ടെന്ന് നടനും തിരക്കഥാകൃത്തുമായ റോണി ദ ഫോർത്തിനോട് പറഞ്ഞു

മഹായാനം മനസിലുണ്ടാകാം; എടുത്തത് മെറിറ്റിൽ

മഹായാനം നിർമിച്ച സി ടി രാജന്റെ മക്കളാണ് ഞങ്ങൾ രണ്ടുപേരുമെന്നത് മമ്മൂക്കയ്ക്ക് അറിയാം. റോബി സ്വതന്ത്ര ക്യാമറമാനാകുന്നത് പോലും മമ്മൂക്കയുടെ പുതിയ നിയമത്തിലൂടെയാണല്ലോ... പക്ഷേ കണ്ണൂർ സ്ക്വാഡ് ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചത് മെറിറ്റ് അടിസ്ഥാനത്തിലാണ്. ഒരുപക്ഷേ മഹായാനം അദ്ദേഹത്തിന്റെ മനസിലുണ്ടാകാം. അതുപക്ഷേ ഞങ്ങളോ അദ്ദേഹമോ ഒരിക്കലും സംസാരിച്ചിട്ടില്ല. ചില ഘട്ടങ്ങളിൽ ഒരു നിർമാതാവിന്റെ വിഷമം നിങ്ങൾക്ക് പറഞ്ഞു തരേണ്ടതില്ലല്ലോ എന്ന വാക്കിലൊക്കെ മാത്രം ഒതുങ്ങുന്നതായിരുന്നു മമ്മൂക്കയുമായുള്ള അത്തരം സംസാരം. അച്ഛൻ പരാജയപ്പെടിടത്ത് നിർമാതാവെന്ന നിലയിൽ മമ്മൂക്കയും അദ്ദേഹം അർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കാനായതിൽ ഞങ്ങളും വിജയിച്ചുവെന്ന സന്തോഷമുണ്ട്

മഹായാനം എന്നാൽ മഹത്തായ യാത്ര എന്നാണ്, അച്ഛൻ തുടങ്ങിവച്ച ആ യാത്ര, വിജയകരമായി പൂർത്തിയാക്കാൻ ഞങ്ങൾക്ക് സാധിച്ചത് ഇന്നലെയാണ്. ഇത് സിനിമ പരാജയപ്പെട്ട് കണക്കെണിയിലായി നാടുവിട്ട നിർമാതാവിന്റെ മക്കളുടെ വിജയമാണ്

അച്ഛന്റെ സന്തോഷം മമ്മൂക്കയ്ക്കൊപ്പം ഞാൻ അഭിനയിക്കുന്നതിൽ

ഞങ്ങൾ കുടുംബമായിട്ടാണ് ഇന്നലെ സിനിമ കണ്ടത്. ഞാൻ ഇത്രയും സീൻ ഒരുമിച്ച് മമ്മൂക്കയോടൊപ്പം അഭിനയിച്ചു എന്നതിലാണ് അച്ഛന് ഏറ്റവും സന്തോഷം

അധികം പ്രൊമോഷൻ വേണ്ടെന്ന് തീരുമാനിച്ചിരുന്നു

സിനിമയുടെ കാര്യത്തിൽ ആത്മവിശ്വാസമുണ്ടായിരുന്നു. നല്ലതാണെങ്കിൽ വിജയിക്കും പ്രേക്ഷകർ ഏറ്റെടുക്കും. ഒരുപാട് പ്രൊമോഷൻ വേണ്ടെന്ന തീരുമാനം ബോധപൂർവമായിരുന്നു. ആ തീരുമാനം ശരിയായിരുന്നെന്ന് ഇന്നലെ ബോധ്യപ്പെട്ടു. ഇപ്പോൾ എല്ലാ തീയേറ്ററുകളും ഷോ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in