കാത്തിരുന്നു 'പ്രായപൂര്‍ത്തിയായി, ഗരുഡനില്‍ പറക്കാനൊരുങ്ങി അരുണ്‍ വര്‍മ

കാത്തിരുന്നു 'പ്രായപൂര്‍ത്തിയായി, ഗരുഡനില്‍ പറക്കാനൊരുങ്ങി അരുണ്‍ വര്‍മ

സുരേഷ് ഗോപിയും ബിജു മേനോനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന 'ഗരുഡന്‍' നീണ്ട നാളത്തെ ഒരു സ്വപ്‌നമാണ് പൂര്‍ത്തിയാക്കിയത്

ഒരു ശരാശരി മലയാളി യുവാവിനെ പോലെ തന്നെ നടനാവണമെന്നായിരുന്നു കുട്ടിക്കാലത്ത് അരുണിന്റെ ആഗ്രഹം, എന്നാല്‍ എല്ലാവരും പോകുന്ന വഴിക്ക് പകരം സിനിമയിലെ സാങ്കേതിക മേഖലകളിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചുകൂടെ എന്ന് ചോദിച്ചത് അച്ഛനായിരുന്നു. അതും 9-ാം ക്ലാസില്‍ പഠിക്കുമ്പോള്‍. വര്‍ഷങ്ങള്‍ക്കിപ്പുറം ഗരുഡന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ സംവിധായകനായി അരങ്ങേറുകയാണ് അരുണ്‍ വര്‍മ. റിലീസ് ചെയ്തതിന് പിന്നാലെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. സുരേഷ് ഗോപിയും ബിജു മേനോനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം നീണ്ട നാളത്തെ ഒരു സ്വപ്‌നമാണ് പൂര്‍ത്തിയാക്കിയത്.

കുട്ടിക്കാലത്ത് ഉള്ളില്‍ കയറികൂടിയ സ്വപ്‌നം സഫലമായതിന്റെ സന്തോഷത്തിനിടയില്‍ അരുണ്‍ വര്‍മ ദ ഫോര്‍ത്തിനോട് സംസാരിക്കുകയാണ്, തന്റെ യാത്രയെ കുറിച്ചും ഗരുഡന്‍ സിനിമയെ കുറിച്ചും.

കാത്തിരുന്നു 'പ്രായപൂര്‍ത്തിയായി, ഗരുഡനില്‍ പറക്കാനൊരുങ്ങി അരുണ്‍ വര്‍മ
പലസ്തീനിലെ കുഞ്ഞുങ്ങളുടെ വീഡിയോ ബാധിച്ചു, ആ സമയത്താണ് ഈ സംഭവം; കളമശേരി സംഭവത്തിലെ പ്രതികരണത്തെ കുറിച്ച് ഷെയ്ൻ നിഗം

'ആസ് യൂഷ്യല്‍'; ചെന്നൈ പട്ടണം, സിനിമാ പട്ടണം

പാലക്കാട്ടുകാരാണ് അരുണിന്റെ അച്ഛനും അമ്മയും. പിന്നീട് മകന്റെ വിദ്യഭ്യാസകാര്യത്തിനായി ചെന്നൈയിലേക്ക് താമസം മാറ്റുകയായിരുന്നു. സിനിമ നിറഞ്ഞു നിന്നിരുന്ന ചെന്നൈയുടെ സ്വാധീനമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്നറിയില്ല, കുട്ടിക്കാലം മുതല്‍ തന്നെ സിനിമയില്‍ എത്തണമെന്നായിരുന്നു അരുണിന്റെ ആഗ്രഹം. അതും സിനിമ നടനായിട്ട്. എന്നാല്‍ ആ ആഗ്രഹം വഴി തിരിച്ചുവിട്ടതാവട്ടെ 9-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛനും. അതിനെ കുറിച്ച് അരുണിന്റെ വാക്കുകള്‍ ഇങ്ങനെ.

'നടനാവണമെന്ന ആഗ്രഹവുമായി നില്‍ക്കുമ്പോഴാണ് അച്ഛന്‍ ചോദിക്കുന്നത്. സിനിമയില്‍ എത്തണം എന്നല്ലെ നിന്റെ ആഗ്രഹം എല്ലാവരും ചിന്തിക്കുന്ന പോലെ നീ എന്തിനാണ് നടനാവാന്‍ ആഗ്രഹിക്കുന്നത് നിനക്ക് സിനിമയുടെ പിന്നണിയിലെ ഏറ്റവും പവര്‍ഫുള്‍ ആയ സംവിധായകനോ തിരക്കഥാകൃത്തോ ആയിക്കൂടെ ?. ആ ചോദ്യമാണ് എന്നെ മാറ്റി ചിന്തിച്ചത്. അങ്ങനെ അഭിനയം എന്നതില്‍ നിന്ന് സിനിമയുടെ പിന്നണിയിലേക്ക് ചിന്തിച്ചു തുടങ്ങി. പ്ലസ് ടു കഴിഞ്ഞും സിനിമ എന്ന ആഗ്രഹം വലുതായതോടെ ചെന്നൈയില്‍ ലയോളോ കോളെജില്‍ ഡിഗ്രിക്ക് ചേര്‍ന്നു. കോഴ്‌സ് കഴിയുന്നതിന് മുമ്പ് തന്നെ സിനിമയിലേക്ക് അവസരം ലഭിക്കുകയും ചെയ്തു.

മേജറിന്റെ പട്ടാളചിട്ട, സിനിമയിലെ അച്ചടക്കം

മേജര്‍ രവിയുടെ ആദ്യ ചിത്രമായ കീര്‍ത്തിചക്രയിലാണ് ആദ്യമായി അസിസ്റ്റന്റ് ആവാന്‍ അവസരം ലഭിക്കുന്നത്.ലാലേട്ടന്‍ നായകനായി എത്തുന്ന ആ ചിത്രത്തില്‍ ശരിക്കും പട്ടാള ചിട്ടയിലാണ് മേജര്‍ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. ആലോചിക്കുമ്പോള്‍ ഇന്ന് വളരെ രസകരമാണ്. ഒരു പക്ഷെ സിനിമയിലെ ഡിസിപ്ലിന്‍ എനിക്ക് എനിക്ക് വന്നത് മേജറിനൊപ്പം വര്‍ക്ക് ചെയ്തപ്പോഴാണ്. സിനിമയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അതിനെ എങ്ങനെ നമ്മളെ മൈന്റ് മാറാതെ നേരിടാന്‍ കഴിയുന്നതും ഈ ട്രെയ്‌നിങ് കൊണ്ടാണ്. അന്ന് മേജറിന്റെ പട്ടാള ചിട്ട ചിലവിഷമങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഇപ്പോഴാണ് അതിന്റെ ഗുണങ്ങള്‍ മനസിലാവുന്നത്.

കടുത്ത തണുപ്പിലായിരുന്ന കശ്മീരിലെ ചിത്രീകരണം. ഒരു മുന്‍ മാതൃകകളും മുന്നിലില്ല. കൂടാതെ സിനിമയുടെ ചിത്രീകരണത്തിന് നേരെ ഉണ്ടാവുന്ന ഭീഷണികള്‍, ഷൂട്ടിങ് ലൊക്കേഷനുകള്‍ക്ക് അടുത്ത് വരെ ഉണ്ടായ സ്‌ഫോടനങ്ങള്‍ ഇതിന്റെ എല്ലാം ഇടയ്ക്കാണ് ആ ചിത്രം ഒരുക്കിയത്. ആദ്യ ചിത്രത്തില്‍ തന്നെ അത്ഭുതപ്പെടുത്തിയ ഒരാള്‍ ലാലേട്ടനാണ്. ആ ദിവസങ്ങളില്‍ പരിമിതമായ ക്രൂവുമായിട്ടാണ് നമ്മള്‍ ചിത്രീകരണത്തിന് എത്തിയത്. അവിടെ ഒരു സൂപ്പര്‍ താരം എന്നതില്‍ ഉപരിയായി ആ സിനിമയിലെ ഒരു സഹസംവിധായകനെ പോലെയായിരുന്നു ലാലേട്ടന്‍ പെരുമാറിയത്. അഭിനയിക്കാനില്ലാത്ത സമയങ്ങളില്‍ ലൊക്കേഷനിലെ ജോലികളില്‍ ഞങ്ങളെ സഹായിക്കുക, സാധനങ്ങള്‍ ഷിഫ്റ്റ് ചെയ്യുക പോലുള്ള സംഭവങ്ങളില്‍ അദ്ദേഹം സഹായിച്ചു.

അരുണ്‍ വര്‍മ
അരുണ്‍ വര്‍മ

18 വര്‍ഷത്തിന് ശേഷം ആദ്യ ചിത്രം

കീര്‍ത്തിചക്ര മുതല്‍ കാണ്ഡഹാര്‍ വരെ മേജര്‍ രവിയുടെ ചിത്രങ്ങളില്‍ ഞാന്‍ പ്രവര്‍ത്തിച്ചു. പിന്നീട് ചില പരസ്യചിത്രങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. ഇടയ്ക്ക് പ്രിയദര്‍ശന്‍ സാറിന്റെ ഒരു പരസ്യ ചിത്രത്തില്‍ അസിസ്റ്റന്റ് മാനേജറായും വര്‍ക്ക് ചെയ്തു. 2015 ലാണ് ഇപ്പോള്‍ ലോ കോളെജില്‍ പ്രൊഫസറായ സുഹൃത്ത് ജിനേഷ് ഈ ചിത്രത്തിന്റെ കഥയുടെ ആശയം എന്നോട് സൂചിപ്പിക്കുന്നത്. പിന്നെയതില്‍ ഞങ്ങളിരുന്ന് കുറേ വര്‍ക്ക് ചെയ്തു. പലതവണ മാറ്റി എഴുതി. 2019 ലാണ് മാജിക് ഫ്രെയിംസില്‍ ലിസ്റ്റിന്‍ സ്റ്റീഫനോട് ഞങ്ങള്‍ കഥ പറയുന്നത്. ചിത്രത്തിന് ആവശ്യമായ ചില തയ്യാറെടുപ്പുകള്‍ ആവശ്യമായിരുന്നു. അതൊക്കെ ചെയ്ത് കഥ എഴുതി. മുന്നോട്ട് പോകുമ്പോഴാണ് മറ്റൊരാളുടെ അഭിപ്രായം കിട്ടിയാല്‍ നല്ലതായിരിക്കുമെന്ന് തോന്നിയത്.

മിഥുന്‍ മാനുവല്‍ തോമസ്
മിഥുന്‍ മാനുവല്‍ തോമസ്

കാരണം 2015 മുതല്‍ ഓരോ തവണയും ചില കാര്യങ്ങള്‍ ഔട്ട്‌ഡേറ്റഡ് ആവുമ്പോള്‍ നമ്മള്‍ കഥ മാറ്റി എഴുതികൊണ്ടിരിക്കും. അഞ്ച് വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഒരു ഡിസിഷന്‍ എടുക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഏത് ഡ്രാഫ്റ്റ് എടുക്കണം ഏത് ഒഴിവാക്കണം എന്നിങ്ങനെ. അപ്പോള്‍ ലിസ്റ്റിന്‍ വഴിയാണ് മിഥുന്‍ മാനുവല്‍ തോമസിനെ 2020 ല്‍ പരിചയപ്പെടുന്നത്. പുള്ളിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നറിയാനായിരുന്നു അത്. മിഥുന്‍ വളരെ പോസിറ്റീവായ അപ്രോച്ചായിരുന്നു എടുത്തത്. ഞങ്ങളുടെ കഥയില്‍ ചിലത് ആഡ് ചെയ്തും ചിലത് മാറ്റിയുമൊക്കെ തിരക്കഥ മിനുക്കിയെടുത്തു. അങ്ങനെയാണ് പ്രോജക്ട് മുന്നോട്ടു പോകുന്നത്.

കാത്തിരുന്നു 'പ്രായപൂര്‍ത്തിയായി, ഗരുഡനില്‍ പറക്കാനൊരുങ്ങി അരുണ്‍ വര്‍മ
'ഞാൻ ഗോകുലിന് ഭാരമാകുന്ന നിലവാരത്തിൽ പോയ നടനല്ല': സുരേഷ് ഗോപി

പിന്നീട് ചില കഥ ഒന്ന് രണ്ട് പേരോട് കഥകള്‍ പറഞ്ഞു. കഥ എല്ലാവര്‍ക്കും ഇഷ്ടമാവുന്നുണ്ടെങ്കിലും ചിത്രത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങള്‍ വരുന്നത് ചിലര്‍ക്ക് പ്രശ്‌നമായിരുന്നു. ചിലര്‍ക്ക് ഡേറ്റ് പ്രശ്‌നമായിരുന്നു. അങ്ങനെയാണ് സുരേഷ് ഏട്ടനിലും ബിജു ഏട്ടനിലും എത്തുന്നത്. കഥ കേട്ട രണ്ടുപേരും ഇത് ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. അങ്ങനെ അവരെ ഉള്‍പ്പെടുത്തി ചെറിയ തിരുത്തലുകളുമായി മുന്നോട്ട് പോയി. ഇടയ്ക്ക് കോവിഡും മറ്റും വില്ലനായെങ്കിലും ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന നിര്‍മാതാവ് പൂര്‍ണ പിന്തുണയുമായി പിന്നിലുണ്ടായിരുന്നു. ഒരിക്കല്‍ പോലും സിനിമ മാറ്റിവെയ്ക്കാമെന്നോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സമ്മര്‍ദ്ദമോ അദ്ദേഹം ചെലുത്തിയില്ല. അവര്‍ വളരെ പ്രൊഫഷണലായാണ് കാര്യങ്ങളെല്ലാം ലിസ്റ്റിന്‍ ചെയ്തത്. ഇത്രയും വലിയ കാസ്റ്റ് ആന്റ് ക്രൂവിനെ ഒന്നിച്ചു മുന്നോട്ട് കൊണ്ടു പോയി 63 ദിവസം ഷൂട്ട് ചെയ്താണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഒടുവില്‍ സിനിമയില്‍ എത്തി 18 വര്‍ഷം കഴിയുമ്പോള്‍ ആദ്യ ചിത്രം റിലീസ് ചെയ്യുന്നു.

ലിസ്റ്റിന്‍ സ്റ്റീഫന്‍
ലിസ്റ്റിന്‍ സ്റ്റീഫന്‍

നിര്‍ത്തി പോകാന്‍ തീരുമാനിച്ചിടത്ത് തിരികെയെത്തിക്കുന്ന സിനിമ

പലപ്പോഴും സിനിമ മേഖല നിര്‍ത്തി പോയാലോ എന്ന് ചിന്തിച്ചിട്ടുണ്ട്. എന്നാല്‍ പലകാരണങ്ങള്‍ കൊണ്ട് അവസാനിപ്പിക്കാമെന്ന് ചിന്തിക്കുന്നിടത്ത് സിനിമ അതിന്റെ മാജിക് കാണിക്കും ദൈവത്തിന്റെ ഒരു അദൃശ്യകരങ്ങളും ഇതിന് പിന്നിലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. കോവിഡ് കാലത്തും മറ്റും വലിയ സമ്മര്‍ദ്ദമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലം ചിത്രീകരണം നീണ്ടുപോയപ്പോഴും സംവിധായകന്‍ എന്ന നിലയില്‍ നല്ല സമ്മര്‍ദ്ദം ഉണ്ടായിരുന്നു. പലപ്പോഴും എന്റെ ഭാര്യ മിനിയാണ് മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചത്. ആള്‍ ചെന്നൈയില്‍ ഡോക്ടറാണ്. നമുക്ക് പറ്റിയതല്ലെ സിനിമ എന്നൊരു ചിന്ത പോലും വന്നിരുന്നു. ഓരോ തവണ പാടുപെട്ട് ഒന്നും നടക്കാതെ വരുമ്പോള്‍ ഇനി മതി എന്ന് മനസ് പറയും. പക്ഷെ അങ്ങനെ തോന്നുന്നിടത്ത് വലിയ എന്തെങ്കിലും സര്‍പ്രൈസ് നമ്മെ കാത്തിരിക്കുന്നുണ്ടാകും.

പോലീസുകാരനായ സുരേഷ് ഗോപി, ബിജു മേനോന്‍

കുട്ടിക്കാലത്ത് പോലീസ് എന്നാല്‍ സുരേഷ് ഗോപി എന്ന നിലയില്‍ സിനിമ കണ്ട ഒരാളാണ് ഞാന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ആളെ വെച്ച് അതും ഒരു പോലീസുകാരനായി ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കാണാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. തേക്കടിയില്‍ വെച്ചാണ് ചിത്രത്തിന്റെ കഥ സുരേഷ് ഏട്ടനോട് പറയുന്നത്. പിന്നീട് ലിസ്റ്റിനോട് കഥ ഇഷ്ടമായെന്നും ചെയ്യാമെന്നും സുരേഷ് ഏട്ടന്‍ സമ്മതിക്കുകയായിരുന്നു. ഒരു തുടക്കക്കാരനെന്ന നിലയിലേ അല്ല അദ്ദേഹം പെരുമാറിയത്. ഇതേപോലെ തന്നെയായിരുന്നു ബിജു ചേട്ടനും കഥ കേട്ട് ഇഷ്ടമായി ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. രണ്ട് കഥാപാത്രങ്ങളിലൂടെ കഥ പറയുന്നതുകൊണ്ട് തന്നെ ഈ രണ്ട് കഥാപാത്രങ്ങള്‍ക്കും അത്രയും പ്രാധാന്യം ഉണ്ടായിരുന്നു. പിന്നെ ഇതൊരു സിംഗിള്‍ ഴോണറില്‍ വരുന്ന കഥയല്ല. ഴോണറുകളുടെ ബ്ലെന്‍ഡിങ് എന്നുവേണമെങ്കില്‍ പറയാം.

സിനിമ റിവ്യു വിവാദങ്ങള്‍

റിവ്യു ചെയ്യരുത് എന്നൊന്നും പറയാന്‍ സാധിക്കില്ല. ആളുകളുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളുമൊക്കെ തന്നെയാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്. അല്ലെങ്കില്‍ സ്വയം തിരുത്താന്‍ സഹായിക്കുന്നത്. പക്ഷെ റിവ്യു ചെയ്യുമ്പോള്‍ ചില പരിഗണനകള്‍ കൂടി നല്‍കാം. ആരും ഒരു മോശം സിനിമയെടുക്കണമെന്ന് കരുതിയല്ല സിനിമയെടുക്കുന്നത്. ഒരോ സിനിമയ്ക്ക് പിന്നിലും സംവിധായകന്റെയും നിര്‍മാതാവിന്റെയും അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയുമെല്ലാം കഷ്ടപ്പാടുകള്‍ ഉണ്ട്. വിലയിരുത്തലുകളും വിമര്‍ശനങ്ങളും ആവുമ്പോള്‍ തന്നെ അധിക്ഷേപിക്കല്‍ ആവരുത് റിവ്യു. ഒറ്റ ഒരു സിനിമ കൊണ്ട് ഒന്നും അവസാനിക്കുന്നില്ലല്ലോ. സിനിമ ഒരുക്കുന്നവരുടെ കഷ്ടപാടുകള്‍ക്ക് കൂടി ചെറിയ ഒരു പരിഗണന നല്‍കണം.

സിനിമ കാണാന്‍ വരുന്ന പ്രേക്ഷകരോട്

മുന്‍ധാരണകള്‍ വെച്ചുപുലര്‍ത്താതെ വളരെ പ്ലെയിന്‍ ആയി വന്ന് സിനിമ കാണുക. സുരേഷ് ഏട്ടന്റെ പോലീസ് വേഷം എന്നുപറയുമ്പോള്‍ അദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങള്‍ പോലെ തീപൊരി ഡയലോഗോ, ആക്ഷനോ ഒന്നും ഈ ചിത്രത്തില്‍ ഇല്ല. മുമ്പ് പറഞ്ഞപോലെ ഇത് ശരിക്കും വിവിധ ഴോണറുകളുടെ ഒരു ബ്ലെന്‍ഡ് ആണ്. പല ഇമോഷനുകളും ഈ സിനിമയിലൂടെ കടന്നുപോകുന്നുണ്ട്. ആ ഒരു ധാരണയോടെ സിനിമ കണ്ടാല്‍ നിങ്ങള്‍ക്ക് ഇഷ്ടമാവുമെന്ന് ഉറപ്പാണ്. ഈ കഥയില്‍ എനിക്ക് നല്ല വിശ്വാസമുണ്ട്.

logo
The Fourth
www.thefourthnews.in