വൈറലായ  സ്വാമിസംഗീതം

വൈറലായ സ്വാമിസംഗീതം

കാഷായവസ്ത്രധാരിയായി ഫ്രാൻസിലെ നഗരവീഥികളിലും ഗ്രാമാന്തരങ്ങളിലും നിന്നുകൊണ്ട് മലയാളത്തിലെ പ്രണയഗാനങ്ങൾ പാടുന്ന സന്യാസി ആരാണ്?

ജന്മനാടായ കേരളത്തിലെ ഏതോ നാട്ടിൻപുറത്തെ പാരീസിലേക്ക് പറിച്ചുനട്ട പോലെ തോന്നും യോഗാചാര്യ സ്വാമി വേണുദാസിന്റെ വിഡിയോകൾ കാണുമ്പോൾ. പച്ചപുതച്ച പാടശേഖരങ്ങൾ, മലഞ്ചെരിവുകൾ, സ്വച്ഛശാന്തമായി ഒഴുകുന്ന അരുവികൾ, കളിച്ചും ചിലച്ചും പാറിനടക്കുന്ന പക്ഷികൾ ... പശ്ചാത്തലത്തിൽ ഏതെങ്കിലുമൊരു മലയാളം സിനിമാപ്പാട്ടിന്റെ പ്രണയാർദ്രമായ ഈരടികളും.

സന്യാസത്തിൽനിന്ന് സംഗീതത്തിലേക്ക്... തിരിച്ചും..ഏറെ ദൂരമില്ലല്ലോ എന്ന് തോന്നും ഭാവമാധുര്യത്തോടെ സ്വാമി പാടുന്ന ഗാനങ്ങൾ കേൾക്കുമ്പോൾ. പാട്ടുകളുടെ വീഡിയോകൾക്ക് ചുവടെ അത്ഭുതം കലർന്ന കമന്റുകളുമായി എത്തുന്നവർക്ക് അറിയേണ്ട കാര്യങ്ങളിലൊന്ന് ഇതാണ്: ഭൗതിക ജീവിതത്തിൽനിന്ന് സന്യാസത്തിലേക്ക് ഇരുപത്തെട്ട് വർഷം മുൻപ് കൂടുമാറിയ ഒരാൾക്ക് എങ്ങനെ ഇന്നും പ്രണയഗാനങ്ങൾ പാടാൻ കഴിയുന്നു?

"പ്രപഞ്ചം തന്നെ പ്രണയത്തിന്റെ സമൂർത്ത ഭാവമല്ലേ?''സ്വാമി വേണുദാസിന്റെ മറുചോദ്യം. "ഇവിടെ പ്രേമമല്ലാതെ മറ്റൊന്നുമില്ല. നാരദഭക്തിസൂത്രം പറയുന്നു: സാ ത്വസ്മിൻ പരമപ്രേമരൂപായ. ഈശ്വരനിലുള്ള പരമപ്രേമമാണ് ഭക്തി. ഭക്തിയും പ്രണയവും രണ്ടല്ല. എന്തിലും പ്രണയത്തെ ദർശിക്കാൻ കഴിയുക, ഏതിലും പ്രണയമനുഭവിക്കാൻ കഴിയുക. ഇവിടെ അത് സംഗീതത്തിലുമായി എന്ന് മാത്രം. സസൂക്ഷ്മ കണികകൾ, അഥവാ ആറ്റങ്ങൾ, തമ്മിലുള്ള പ്രേമത്തിലൂടെയാണ് ഈ പ്രപഞ്ചം തന്നെ നിലനിൽക്കുന്നത്. അനന്തകോടി ഗോളങ്ങൾ, നക്ഷത്രങ്ങൾ എല്ലാം സന്തുലിതമായ ഒരു താളക്രമത്തിൽ കടന്നുപോകുന്നുണ്ടെങ്കിൽ അതെല്ലാം അന്യോന്യ പ്രേമത്തിന്റെ പ്രതീകങ്ങൾ ആയതുകൊണ്ടുതന്നെ." ഒരു കാര്യം കൂടി ഓർമ്മിപ്പിക്കുന്നു സ്വാമി, "സന്യാസ ദീക്ഷ സ്വീകരിച്ചത് 1990 കളിലാണെങ്കിലും അതിനു മുൻപേ ആദ്ധ്യാത്മികതയുടെ വഴിയിലൂടെ യാത്ര തുടങ്ങിയിരുന്നു."

ഇടുക്കി ജില്ലയിലെ രാമക്കൽമേടിൽ ജനിച്ച വേണുദാസിനെ വിജ്ഞാനവഴിയിലൂടെ ആദ്യം കൈപിടിച്ചു നടത്തിയത് സ്വന്തം പിതാമഹനാണ്, അച്ഛന്റെ അച്ഛൻ ദേവപെരുമാൾ. ആശ്രമ ജീവിതം പിന്തുടർന്ന ഗൃഹസ്ഥാശ്രമിയും ആദ്ധ്യാത്മികാചാര്യനും ആയിരുന്ന പിതാമഹനാണ് ഭാഷയിലും ശാസ്ത്രീയ സംഗീതത്തിലും ഹഠയോഗത്തിലും വേദശാസ്ത്രങ്ങളിലും ആയുർവേദത്തിലുമെല്ലാം പ്രഥമ ഗുരുനാഥൻ. വനാന്തരത്തിലെ ആശ്രമത്തിൽ ചെലവഴിച്ച ആ വർഷങ്ങളാവണം ഉള്ളിലെ അന്വേഷണകുതുകിയായ വിദ്യാർത്ഥിയെ ജീവിത പരീക്ഷണങ്ങൾ നേരിടാൻ സജ്ജനാക്കിയതെന്ന് വിശ്വസിക്കുന്നു സ്വാമി വേണുദാസ്. തുടർന്ന് അച്ഛന്റെ ആഗ്രഹപ്രകാരം പത്തനംതിട്ടയിലെ ഒരു കോളേജിൽനിന്ന് ജന്തുശാസ്ത്രത്തിൽ ഉപരിവിദ്യാഭ്യാസം.

മനസ്സ് അപ്പോഴും സംഗീതത്തിലാണ്. ഗാനമേളകളിലും മറ്റും പാടി. ഒപ്പം ചില ഭക്തിഗാനങ്ങൾ റെക്കോർഡ് ചെയ്തു പുറത്തിറക്കുകയും ചെയ്തു. മാനസഗുരു ഗാനഗന്ധർവൻ തന്നെ. "യേശുദാസ് എന്ന മഹാഗായകൻ പഠിച്ച വിദ്യാലയത്തിൽ ചേർന്ന് സംഗീതമഭ്യസിക്കണമെന്ന സ്വപ്നം ഏറെക്കാലമായി ഉള്ളിലുണ്ടായിരുന്നു. അങ്ങനെയാണ് തൃപ്പൂണിത്തുറ ആർ എൽ വി കോളേജിൽ ഗാനഭൂഷണം കോഴ്‌സിന് ചേർന്നത്." പഠനവും മറ്റുമായി ഒരു വ്യാഴവട്ടക്കാലം തൃപ്പൂണിത്തുറയിൽ കഴിഞ്ഞ ശേഷം രണ്ടു വർഷത്തോളം സംഗീതാധ്യാപകനായി മദ്ധ്യകേരളത്തിലെ ഒരു കലാകേന്ദ്രത്തിൽ.

"പരിവ്രജനം" എന്ന് സ്വാമി വിശേഷിപ്പിക്കുന്ന, സന്യാസജീവിതത്തിലേക്കുള്ള കൂടുമാറ്റവും ഇതേ കാലയളവിൽ തന്നെ. കോഴിക്കോട് കൊളത്തൂർ ആശ്രമാധിപതി സ്വാമി ചിദാനന്ദപുരിയിൽനിന്ന് സന്ന്യാസസദീക്ഷ സ്വീകരിച്ച ശേഷം 1995 ൽ ഫ്രാൻസിലേക്ക് തിരിക്കുന്നു സ്വാമി വേണുദാസ്. പാരീസ് കേന്ദ്രമാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് സനാതനധർമ്മപ്രചാരണം നടത്തുകയാണ് കാൽ നൂറ്റാണ്ടിലേറെക്കാലമായി അദ്ദേഹം. ഒപ്പം യോഗ, സംഗീതം, വേദാന്തം, ഭാഷ എന്നീ മേഖലകളിലും പരിശീലനം നൽകുന്നു. ലോകമെങ്ങുമുണ്ട് സ്വാമിക്ക് ശിഷ്യസമ്പത്ത്.

എങ്കിലും പ്രഥമാനുരാഗങ്ങളിലൊന്ന് ഇന്നും സംഗീതം തന്നെ. "ചെറുപ്പത്തിൽ ഗാനമേളകളിൽ പാടിയിരുന്നത് ജീവസന്ധാരണത്തിന് വേണ്ടിയാണെങ്കിൽ ഇന്ന് പാടുന്നത് ആത്മസംതൃപ്തിക്ക് വേണ്ടിയാണ്. സംഗീതത്തോളം മനസ്സിനെ സ്പർശിക്കാനും ശുദ്ധീകരിക്കാനും ചുറ്റുമുള്ളവരിൽ പ്രസാദാത്മകത നിറയ്ക്കാനും കഴിവുള്ള കലകൾ ഏറെയില്ലെന്നാണ് വിശ്വാസം. ഈശ്വരസാക്ഷാത്കാരത്തിലേക്കുള്ള മാർഗ്ഗങ്ങളിലൊന്നു തന്നെയാണത്. ചിലർക്കൊക്കെ നമ്മൾ പാടുന്നത് ഇഷ്ടപ്പെടുന്നുവെന്ന് അറിയുമ്പോൾ സന്തോഷം. ഈശ്വരാനുഗ്രഹം എന്നേ പറയാനാകൂ."

മലയാള സിനിമാ സംഗീതത്തിന്റെ സുവർണകാലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 1960- 70 കാലഘട്ടത്തിലെ മിക്ക ജനപ്രിയ ഗാനങ്ങളും സ്വാമിയ്ക്ക് മനഃപാഠം. "കാവ്യഗുണവും സംഗീത ഗുണവുമുള്ള ഗാനങ്ങളോടാണ് മമത. വയലാർ, ഭാസ്കരൻ മാഷ്, ഒ എൻ വി, ശ്രീകുമാരൻ തമ്പി തുടങ്ങിയ ഗാനരചയിതാക്കൾ. ദേവരാജൻ, ബാബുരാജ്, ദക്ഷിണാമൂർത്തി, കെ രാഘവൻ, സലിൽ ചൗധുരി തുടങ്ങിയ സംഗീത ശില്പികൾ. ആ പാട്ടുകൾ പാടാനാകട്ടെ യേശുദാസിനേയും ജയചന്ദ്രനേയും ജാനകിയമ്മയെയും സുശീലാമ്മയെയും പോലുള്ള അനുഗൃഹീത ഗായകർ. ശരിക്കും ഒരു ഗാനവസന്തം തന്നെയായിരുന്നു അത്. പിന്നീട് വന്ന ജോൺസൺ-രവീന്ദ്രൻ തലമുറയുടെ പാട്ടുകളും പാടാറുണ്ട്. മിക്കപ്പോഴും പ്രകൃതിയോട് ഇണങ്ങിനിന്നാണ് പാടുക. അതിന്റെ സംതൃപ്തി ഒന്നു വേറെയാണ്."

പ്രശസ്ത ഗായകൻ സതീഷ് ബാബു വഴിയാണ് സ്വാമി വേണുദാസിനെ പരിചയം. വൈവിധ്യമാർന്ന ഗാനങ്ങളുടെ വീഡിയോകളിലൂടെ ഇന്ന് ലോകമെങ്ങുമുള്ള മലയാളി സംഗീതാസ്വാദകർക്കും സ്വാമി സുപരിചിതൻ. "ദൈവികമായ കലയാണ് സംഗീതം. മറ്റുള്ളവർക്ക് ആഹ്ളാദം പകരാൻ അത് പ്രയോജനപ്പെടുത്തുന്നതിൽ തെറ്റൊന്നുമില്ല. ഇന്നുവരെ കണ്ടുമുട്ടിയിട്ടില്ലാത്ത ഏതൊക്കെയോ മനുഷ്യർക്ക് നിമിഷ നേരത്തേക്കെങ്കിലും മനഃശാന്തി പകരാൻ നമ്മുടെ സംഗീതം ഉപയുക്തമാകുന്നുവെങ്കിൽ അതാണ് ഏറ്റവും വലിയ ദൈവാനുഗ്രഹം എന്ന് വിശ്വസിക്കുന്നു.." സ്വാമിയുടെ വാക്കുകൾ.

logo
The Fourth
www.thefourthnews.in