'ദില്ലിയെ തിരിച്ചറിഞ്ഞ അന്‍പ്', അര്‍ജുന്‍ ദാസ് എമ്പുരാനില്‍

'ദില്ലിയെ തിരിച്ചറിഞ്ഞ അന്‍പ്', അര്‍ജുന്‍ ദാസ് എമ്പുരാനില്‍

വിദേശ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് അര്‍ജുന്‍ ദാസ് സിനിമയുടെ ഭാഗമാകുന്നത്.

പ്രമുഖ തമിഴ് യുവതാരം അര്‍ജുന്‍ ദാസ് എമ്പുരാനില്‍ കഥാപാത്രമാകുന്നു. മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എല്‍ 2 എന്ന ചിത്രത്തിലെ സര്‍പ്രൈസ് എന്‍ട്രിയാണ് അര്‍ജുന്‍ ദാസിന്റേത്. വിദേശ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് അര്‍ജുന്‍ ദാസ് സിനിമയുടെ ഭാഗമാകുന്നത്.

അര്‍ജുന്‍ ദാസ് എക്‌സില്‍ പങ്കുവച്ച് പോസ്റ്റില്‍ ഇത് സംബന്ധിച്ച വ്യക്തമായ സൂചനയും നല്‍കുന്നു. മുണ്ടുമടക്കിയുടുക്കുന്ന സ്റ്റീഫന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ജീഫ് ചിത്രമാണ് അര്‍ജുന്‍ ദാസ് പങ്കുവച്ചിരിക്കുന്നത്. ഇതിന് പിന്നാലെ അര്‍ജുന്‍ ദാസിന് സ്വാഗതം പറഞ്ഞുകൊണ്ട് എമ്പുരാന്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ച ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ ഒന്നാം ഭാഗത്തിലില്ലാത്ത താരങ്ങളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയി, സായ്കുമാര്‍, നന്ദു തുടങ്ങിയവരും രണ്ടാം ഭാഗത്തിലുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 5 നാണ് എമ്പുരാന്‍ ചിത്രീകരണം ആരംഭിച്ചത്. പൊന്നിയില്‍ സെല്‍വന്‍, ഇന്ത്യന്‍ 2 തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ലൈക്ക പ്രൊഡക്ഷന്‍സിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം ഒരേസമയം റിലീസ് ചെയ്യും.

logo
The Fourth
www.thefourthnews.in