'ഇതൊരു ടീമിന്റെ വിജയം, എവരി വണ്‍ ഈസ് എ ഹീറോ എന്ന ടാഗ് ലൈന്‍ അതിന് ഉദാഹരണം': തന്‍വി റാം

'ഇതൊരു ടീമിന്റെ വിജയം, എവരി വണ്‍ ഈസ് എ ഹീറോ എന്ന ടാഗ് ലൈന്‍ അതിന് ഉദാഹരണം': തന്‍വി റാം

'അമ്പിളി' കണ്ടിട്ടാണ് ഇതുവരെ ചെയ്ത എല്ലാ സിനിമയിലേക്കും വിളിച്ചത്

'2018, എന്ന സിനിമയുടെ നേട്ടങ്ങള്‍ അതൊരു ടീമിന്റെ വിജയമാണ്. എവരി വണ്‍ ഈസ് എ ഹീറോ എന്നുള്ളതാണ് ആ സിനിമയുടെ ടാഗ് ലൈന്‍ തന്നെയാണ് അതിന്റെ ഉദാഹരണം'. 2018: എവരിവണ്‍ ഇസ് എ ഹീറോ എന്ന സിനിമ ഓസ്‌കറിലേക്ക് ഇന്ത്യയില്‍ നിന്നും എന്‍ട്രി നേടുമ്പോള്‍ ചിത്രം തുറന്നു തന്ന വഴികളെ കുറിച്ച് ചിത്രത്തിലെ നായിക തന്‍വി റാമിന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളും. ദ ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്.

2018 കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്‌റേയും മനസില്‍, മഞ്ജു ഒരു നോവായി അവശേഷിക്കുന്നുണ്ടാകും, ബസിലെ ആ യാത്രയും നിറകണ്ണുകളോടെയുള്ള നോട്ടവും പ്രേക്ഷകരില്‍ വിങ്ങലുണ്ടാക്കും... സിനിമ സ്വപ്‌നം കണ്ട്, ബാങ്കിലെ സ്ഥിര ജോലി ഉപേക്ഷിച്ച് ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലെത്തിയ തന്‍വിക്ക് സിനിമ തന്നെയാണ് മുന്നോട്ടുള്ള ജീവിതം എന്ന് ഉറപ്പ് നല്‍കിയ ചിത്രം കൂടിയാണ് 2018 ... വിശേഷങ്ങളുമായി മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രത്തിലെ നായിക തന്‍വി റാം

മലയാളത്തിലെ ആദ്യ 200 കോടി ചിത്രത്തിലെ നായിക എന്ന റെക്കോര്‍ഡും 2018 എന്ന സിനിമയും ...

200 കോടി ചിത്രത്തിലെ നായിക എന്ന് കേള്‍ക്കുമ്പോള്‍ ഒരു രസമൊക്കെയുണ്ട്. നമ്മള്‍ ചെയ്ത ഒരു സിനിമ വിജയിക്കുന്നതില്‍ തീര്‍ച്ചയായും സന്തോഷമുണ്ട്. പക്ഷേ 2018 നെ സംബന്ധിച്ച് അതൊരു ടീമിന്റെ വിജയമാണ്. അതിലെ നായിക എന്ന് പറയാന്‍ പറ്റില്ല, കാരണം എവരി വണ്‍ ഈസ് എ ഹീറോ എന്നുള്ളതാണ് ടാഗ് ലൈന്‍ തന്നെ, മാത്രമല്ല മറ്റുള്ള കഥാപാത്രങ്ങളെ അപേക്ഷിച്ച് വളരെ കുറവ് കഷ്ടപ്പാടേ ആ സിനിമ ചിത്രീകരിക്കുമ്പോള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുള്ളൂ.

കരിയര്‍ മുന്നോട്ട് പോകുമെന്ന് ഉറപ്പ് നല്‍കിയ ചിത്രമാണ് 2018

അപ്പോള്‍ അങ്ങനെയൊരു ചിത്രത്തിന്‌റെ ഭാഗമാകാനായി എന്നതാണ് വലിയ സന്തോഷമായി കാണുന്നത്. 2019 ഓഗസ്റ്റിലാണ് അമ്പിളി റിലീസാകുന്നത്. ആദ്യ സിനിമയാണ്, എന്താകുമെന്ന ആശങ്കയൊക്കെയുണ്ടായിരുന്നു, സെപ്തംബറില്‍ 2018 എന്ന ചിത്രം കമ്മിറ്റ് ചെയ്തു. കരിയര്‍ മുന്നോട്ട് പോകുമെന്ന് ഉറപ്പ് നല്‍കിയ ചിത്രമാണ് 2018.

അമ്പിളി കണ്ടിട്ട് ആന്‌റോ ചേട്ടനാണ് (ആന്‌റോ ജോസഫ്) 2018 ലേക്ക് വിളിക്കുന്നത്. കഥയുടെ വണ്‍ ലൈനും കഥാപാത്രത്തെ കുറിച്ചും കേട്ടപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടു. അങ്ങനെ സിനിമയില്‍ ജോയിന്‍ ചെയ്തു. പത്ത്, പതിനഞ്ച് ദിവസം ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോഴാണ് കോവിഡും ലോക്ഡൗണും വന്നത്. അങ്ങനെയാണ് ഷൂട്ട് നീണ്ടു പോയതും റിലീസ് വൈകിയതും. പക്ഷേ ആ സമയം മുതല്‍ കഥയൊക്കെ അറിയാമായിരുന്നത് കൊണ്ട് സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും എന്ന് തോന്നിയിരുന്നു. പലരും പലപ്പോഴും ഡോക്യുമെന്‌ററി പോലെ ആകുമോ എന്ന ആശങ്കയൊക്കെ പങ്കുവച്ചിരുന്നെങ്കിലും എനിക്ക് അങ്ങനെ തോന്നിയിരുന്നില്ല, പ്രേക്ഷകര്‍ക്ക് കണക്ട് ചെയ്യാന്‍ പറ്റും എന്നൊരു വിശ്വാസം എന്തുകൊണ്ടോ തുടക്കം മുതല്‍ ഉണ്ടായിരുന്നു. മാത്രമല്ല ആ ഹെലികോപ്റ്റര്‍ സീന്‍ ബാഗ്രൗണ്ട് സ്‌കോര്‍ ചേര്‍ക്കുന്നതിന് മുന്‍പ് കണ്ടിട്ട് പോലും അത്രയും ഇംപാക്ട് തോന്നിയിരുന്നു. ഡബ്ബിന് പോയ സമയത്തും ഞാന്‍ ജൂഡേട്ടന്‌റെ കൂടെയുള്ള ഫോട്ടോയ്‌യ്‌ക്കൊപ്പം, എന്‌റെ പ്രതീക്ഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു . ഇഷ്ടമാകും എന്നതിന് അപ്പുറം ഇത്രയും വലിയ സാമ്പത്തിക വിജയമാകുമെന്ന് കരുതിയിരുന്നില്ല.

നായിക ആവണമെന്ന് നിര്‍ബന്ധമില്ല...

നായിക എന്നതിനെക്കാള്‍ നല്ല സ്‌ക്രിപ്റ്റ് , നല്ല കഥ, എന്നതിനൊക്കെയാണ് പ്രധാന്യം കല്‍പ്പിക്കുന്നത്. വലിയ ബാനറിലുള്ള ഒരു സിനിമ വന്നിരുന്നു, നായികയായിട്ട്, ഒരു സീനിലെയുള്ളു, ബാക്കിയൊക്കെ ശബ്ദത്തിലൂടെ മാത്രമാകും ആ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് കാണാനാവുക, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ഒരു നായിക കഥാപാത്രം, അതുകൊണ്ട് തന്നെ അതുവേണ്ടെന്ന് വച്ചു. അങ്ങനെയുള്ള കുറേ സിനിമകള്‍ വന്നിരുന്നു. അങ്ങനെയുള്ള ചിത്രങ്ങള്‍ ഇനിയാണെങ്കിലും ചെയ്യില്ല. വരുന്ന എല്ലാ സിനിമകളും ചെയ്യണമെന്നില്ല, ഒരു സിനിമ ചിത്രീകരണം പൂര്‍ത്തിയായി പുറത്തിറങ്ങുമ്പോള്‍ അയ്യോ ഇത് പുറത്തിറങ്ങണ്ടായിരുന്നു എന്ന് നമ്മള്‍ക്ക് തോന്നുന്ന പോലുള്ള സിനിമകള്‍ ചെയ്യരുത് എന്നാണ് ആഗ്രഹം .

content is king എന്നതില്‍ വിശ്വസിക്കുന്നുണ്ട്. അടുത്ത കാലത്തായി തീയേറ്ററില്‍ വിജയിച്ച സിനിമകളും അങ്ങനെയുള്ളവയാണ്. അതുകൊണ്ട് നല്ല കഥയുള്ള, ശക്തമായ തിരക്കഥയുള്ള സിനിമകളുടെ ഭാഗമായാല്‍ പ്രേക്ഷകര്‍ കാണും എന്ന് തന്നെ വിശ്വസിക്കുന്നു

കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പ് ...

സ്ക്രിപ്റ്റ് പോലും കേള്‍ക്കാതെ, കഥാപാത്രം മാത്രം ഇഷ്ടപ്പെട്ട് ചെയ്ത സിനിമകളാണ് മുകുന്ദനുണ്ണിയും 2018 നും. മാത്രമല്ല ആ ടീമിനെയും ബാനറിനെയും അത്രമേല്‍ വിശ്വാസവും ഉണ്ടായിരുന്നു. കഴിഞ്ഞ ഒന്നു രണ്ട് ചിത്രങ്ങള്‍ ബന്ധങ്ങളുടെ പുറത്തും ചെയ്തിട്ടുണ്ട്. ബാക്കി എല്ലാ സിനിമകളും സ്‌ക്രിപ്റ്റ് വായിച്ച് എന്‌റെ കഥാപാത്രം നല്ലതാണോ എന്നൊക്കെ നോക്കിയിട്ട് തന്നെയാണ് ചെയ്തിട്ടുള്ളത്.

ചാലഞ്ചിങ് ആയിട്ടുള്ള റോള്‍ ചെയ്യാന്‍ ആഗ്രഹം...

കഥാപാത്രത്തിനായി പ്രിപ്പയര്‍ ചെയ്ത്, ഹോം വര്‍ക്ക് ചെയ്ത്, അങ്ങനെ ആഴത്തില്‍ ഇറങ്ങി ചെല്ലേണ്ട ചില കഥാപാത്രങ്ങളില്ലേ? അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. പ്രൊമോഷനും പരിപാടികള്‍ക്കുമൊക്കെ പോകുമ്പോള്‍ കൂടുതല്‍ എത്തിനിക് വസ്ത്രങ്ങള്‍ ഇടുന്നത് കൊണ്ടാണോ എന്നറിയില്ല, കിട്ടിയതില്‍ കൂടുതലും നാടന്‍ കഥാപാത്രങ്ങളാണ് , മോഡേണ്‍ വൈബുള്ള കഥാപാത്രങ്ങള്‍ ചെയ്യാനും ആഗ്രഹമുണ്ട്.

അമ്പിളി എന്നും സ്‌പെഷ്യലാണ് ...

'അമ്പിളി' കണ്ടിട്ടാണ് ഇതുവരെയുള്ള എല്ലാ സിനിമയിലേക്കും വിളിച്ചത് ... 'ആരാധികേ' എന്ന പാട്ടും, അമ്പിളി എന്ന സിനിമയുമാണ് ഇതുവരെയുള്ള എല്ലാ അവസരങ്ങളും ലഭിച്ചത്. പക്ഷേ, കഴിഞ്ഞ ദിവസം പുറത്ത് പോയപ്പോള്‍ ഒരു ഗ്രൂപ്പ് ആദ്യമായിട്ടാണ് ചോദിക്കുന്നത് 2018 ല്‍ അഭിനയിച്ച കുട്ടിയല്ലേ എന്ന്, 2018 ഫെയിം എന്ന രീതിയില്‍ പ്രേക്ഷകര്‍ തിരിച്ചറിയാന്‍ തുടങ്ങിയെന്ന് ഞാന്‍ അപ്പോള്‍ ജൂഡേട്ടന് (ജൂഡ് ആന്തണി) മെസജേ് അയച്ചിരുന്നു

പൂജ കഴിഞ്ഞും ഷൂട്ട് തുടങ്ങുന്നതിന് തലേദിവസവുമൊക്കെ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്

സേഫ് സോണില്‍ നിന്ന് സിനിമയിലേക്ക് ...

ജനിച്ചതും വളര്‍ന്നതും ബാംഗ്ലൂരിലാണ്. പഠിക്കുന്ന സമയത്തൊക്കെ നമ്മളോട് ആരാകണം എന്ന് ചോദിക്കുമ്പോള്‍ പോലും സിനിമയില്‍ അഭിനയിക്കണം എന്നാണ് പറഞ്ഞിരുന്നത്. എങ്ങനെ ആ ആഗ്രഹം ഉണ്ടായി എന്നൊന്നും അറിയില്ല, പക്ഷേ അതായിരുന്നു പണ്ട് മുതലുള്ള ആഗ്രഹം. എന്നാല്‍ എവിടെ എങ്ങനെ തുടങ്ങണം എന്നൊന്നും അറിയില്ലായിരുന്നു. 2012 ല്‍ മിസ് കേരളയില്‍ പങ്കെടുത്തതാണ് ശരിക്കും വഴിത്തിരിവായത് എന്ന് പറയാം. ഇതിനിടയില്‍ പഠനം പൂര്‍ത്തിയാക്കി ബാംഗ്ലൂരില്‍ ഒരു ബാങ്കില്‍ ജോലിക്ക് കയറി. ഓഡിഷനുകളില്‍ പങ്കെടുത്തു.

സിനിമ വിടണമെന്നോ കോര്‍പറേറ്റ് സെക്ടറിലേക്ക് തിരികെ പോകണമെന്നോ ഒരിക്കലും ചിന്തിച്ചിട്ടില്ല

ഒരു സിനിമ പൂജ ഒക്കെ കഴിഞ്ഞു, പിന്നെ പ്രൊഡക്ഷനില്‍ എന്തോ പ്രശ്‌നം എന്ന് പറഞ്ഞ് ഷൂട്ട് മാറ്റിവച്ചു, പിന്നെ കുറേ നാള്‍ കഴിഞ്ഞാണ് ആ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി എന്ന് അറിയുന്നത്. ആ ചിത്രത്തിന്‌റെ ക്രൂ മൊത്തം പുതിയ ആള്‍ക്കാരായിരുന്നു. അതുകൊണ്ട് പുതുമുഖങ്ങളെ വച്ച് സിനിമയെടുക്കാന്‍ ധൈര്യമില്ലെന്ന് പറഞ്ഞാണ് ഒഴിവാക്കിയത് എന്ന് പിന്നീട് പറഞ്ഞു. അതിന് ശേഷം ഒരു സിനിമ എല്ലാം ഓകെയായി അടുത്ത ദിവസം ഷൂട്ട് തുടങ്ങും എന്ന് പറഞ്ഞു, ബാംഗ്ലൂരില്‍ നിന്ന് ഇങ്ങോട്ട് വരാന്‍ തുടങ്ങുന്നതിന് തലേദിവസം ആ ചിത്രവും മുടങ്ങി.

കാത്തിരിപ്പ് നല്ലതിനായിരുന്നു എന്ന് പിന്നീട് മനസിലായി, കാരണം ഓഡിഷനിലൂടെ അമ്പിളിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, അമ്പിളിക്ക് നല്ല അഭിപ്രായം കിട്ടിയപ്പോള്‍ തന്നെ തുടക്കം നന്നായി എന്ന് തോന്നി , മാത്രമല്ല അമ്പിളി റിലീസ് ആയപ്പോള്‍ മുതല്‍ അടുത്ത അവസരങ്ങളിലേക്കുള്ള വിളികള്‍ വരുന്നുണ്ടായിരുന്നു. സിനിമയും ജോലിയും ഒരുമിച്ച് കൊണ്ടുപോകാന്‍ പറ്റാത്ത ഘട്ടത്തില്‍ ജോലി വിട്ടു. ആ തീരുമാനം വേണ്ടായിരുന്നു എന്നോ, സിനിമ വിടണമെന്നോ കോര്‍പറേറ്റ് സെക്ടറിലേക്ക് തിരികെ പോകണമെന്നോ ഒരിക്കലും ചിന്തിച്ചിട്ടില്ല. ലോക്ഡൗണ്‍ സമയത്ത് സമയം പോകാനുള്ള ബുദ്ധിമുട്ട് എന്നതൊഴിച്ചാല്‍ കമ്മിറ്റ് ചെയ്ത സിനിമകള്‍ നടക്കും എന്ന ഉറപ്പുള്ളതിനാലും (ഇടയ്ക്ക് ജൂഡേട്ടനെ വിളിച്ച് ചോദിക്കുമായിരുന്നു പടം ഡ്രോപ്പ് ചെയ്തിട്ടല്ലല്ലോ എന്ന്) മറ്റ് പ്രശ്‌നങ്ങള്‍ തോന്നിയില്ല. പാഷനൊപ്പം യാത്ര ചെയ്യുന്നുവെന്ന ത്രില്ലുമുണ്ട് ഇപ്പോള്‍...

logo
The Fourth
www.thefourthnews.in