വിജയ് സേതുപതി 'മരണത്തിന്റെ വ്യാപാരി'; 
ജവാനിലെ വില്ലനെ പരിചയപ്പെടുത്തി ഷാരൂഖ് ഖാൻ

വിജയ് സേതുപതി 'മരണത്തിന്റെ വ്യാപാരി'; ജവാനിലെ വില്ലനെ പരിചയപ്പെടുത്തി ഷാരൂഖ് ഖാൻ

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി സെപ്റ്റംബർ ഏഴിന് ചിത്രം തീയേറ്ററിൽ എത്തും

അറ്റ്ലി ചിത്രം 'ജവാനി'ലെ വില്ലനെ പരിചയപ്പെടുത്തി കിങ് ഖാന്‍. ആക്ഷന്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ വില്ലനായി എത്തുന്നത് വിജയ് സേതുപതിയാണ്. മരണത്തിന്റെ വ്യാപാരി എന്ന അർത്ഥത്തിൽ 'ദ ഡീലര്‍ ഓഫ് ഡെത്ത്' എന്ന കുറിപ്പോടെയാണ് വിജയ് സേതുപതിയുടെ പോസ്റ്റര്‍ ഷാരൂഖ് ട്വിറ്ററിലൂടെ പരിചയപ്പെടുത്തിയത്.

'അവനെ ഒന്നിനും തടയാനാകില്ല' എന്ന അടിക്കുറിപ്പും പോസ്റ്റിനൊപ്പം ഷാരൂഖ് പങ്കുവച്ചിട്ടുണ്ട്. തമിഴ് സിനിമയിലെ സൂപ്പർഹിറ്റ് ഡയറക്ടര്‍ അറ്റ്‌ലിയുടെ ഹിന്ദി അരങ്ങേറ്റ ചിത്രമാണ് ജവാൻ.

'ഷാരൂഖ് ഖാൻ' എന്നത് മാത്രമാണ് ജവാൻ തിരഞ്ഞെടുക്കാൻ കാരണമെന്നാണ് ജവാനെ കുറിച്ച് നേരത്തെ വിജയ് സേതുപതി പറഞ്ഞത്. ഷാരൂഖിനൊപ്പം അഭിനയിക്കാൻ ലഭിക്കുന്ന അവസരം മറ്റെന്തെങ്കിലും പേരിൽ നഷ്ടപ്പെടുത്താനാകുമായിരുന്നില്ല, പ്രതിഫലം നൽകിയില്ലെങ്കിൽ പോലും ചിത്രത്തിന്റെ ഭാഗമാകുമായിരുന്നു എന്നും വിജയ് സേതുപതി നേരത്തെ പറഞ്ഞിരുന്നു

റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ നിർമിക്കുന്ന ചിത്രത്തിൽ ഷാരൂഖ് സൈനിക ഉദ്യോഗസ്ഥനായാണ് എത്തുന്നത്. പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. പ്രിയാമണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് താരങ്ങൾ. അതിഥി വേഷത്തിൽ ദീപിക പദുക്കോണും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി സെപ്റ്റംബർ ഏഴിന് ചിത്രം തീയേറ്ററിൽ എത്തും.

logo
The Fourth
www.thefourthnews.in