വക്കീൽ നോട്ടീസ് അയച്ചത് ആരെന്നറിയില്ല: ആരോപണങ്ങൾ പിൻവലിച്ച് ബൊമ്മനും ബെല്ലിയും

വക്കീൽ നോട്ടീസ് അയച്ചത് ആരെന്നറിയില്ല: ആരോപണങ്ങൾ പിൻവലിച്ച് ബൊമ്മനും ബെല്ലിയും

കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും ബൊമ്മൻ
Updated on
1 min read

മികച്ച ഡോക്യുമെന്ററിയ്ക്കുള്ള ഓസ്‌കർ സ്വന്തമാക്കിയ 'ദ എലിഫെന്റ് വിസ്പറേഴ്‌സ്' ഹ്രസ്വ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ചൂഷണം ചെയ്‌തെന്ന ആരോപണം പിന്‍വലിച്ച് ബൊമ്മനും ബെല്ലിയും. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസിന് വക്കീല്‍ നോട്ടീസയച്ചെന്ന വാര്‍ത്തയും ഇരുവരും നിഷേധിച്ചു.

കമ്പനിക്കും സംവിധായികയ്ക്കുമെതിരെ ആരാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് അറിയില്ലെന്ന് ബൊമ്മൻ പറയുന്നു. കൂടാതെ കേസുമായി മുന്നോട് പോകാൻ താത്പര്യമില്ലെന്നറിയിച്ച ബൊമ്മൻ സംവിധായിക കാര്‍ത്തികി തന്നെ വിളിച്ച് സംസാരിച്ചതായും അവർ തങ്ങളെ സഹായിക്കാമെന്ന് ഉറപ്പ് പറഞ്ഞതായും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

'ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ കേസ് പിന്‍വലിക്കുമെന്ന് പറഞ്ഞിട്ടില്ല. അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. വക്കീൽ നോട്ടീസ് അയച്ചത് ആരാണെന്ന് അറിയില്ല. എൻ്റെ കയ്യില്‍ ഒരു തെളിവുമില്ല. കാര്‍ത്തികി വിളിച്ച് സംസാരിച്ചിരുന്നു, സഹായിക്കാമെന്ന് പറയുകയും ചെയ്തിട്ടുണ്ട്- എന്നായിരുന്നു ബൊമ്മൻ്റെ വാക്കുകൾ.

മുമ്പ് ഹ്രസ്വ സിനിമയുടെ ചിത്രീകരണത്തിനായി ആനപരിപാലകരായ ദമ്പതികളില്‍ നിന്നും സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് പണം വാങ്ങിയതായും അത് ഇതുവരെ തിരികെ നല്‍കിയില്ലെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും പറഞ്ഞിരുന്നു. കൊച്ച് മകളുടെ പഠനത്തിന് പണം നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും എന്നാല്‍ പിന്നീട് സഹായം നല്‍കാതിരിക്കുകയും ഫോണ്‍കോളുകള്‍ അവഗണിച്ചതായും ദമ്പതികള്‍ പറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രീകരണത്തിന് പണമില്ലെന്ന് പറഞ്ഞപ്പോള്‍ കൊച്ചുമകളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം എടുത്ത് നല്‍കുകയായിരുന്നു. സിനിമയ്ക്കായി തങ്ങളോട് ചെയ്യാന്‍ പറഞ്ഞതെല്ലാം ചെയ്ത് കൊടുത്തു. എന്നാല്‍ ഒരു ചായ പോലും വാങ്ങി കൊടുത്തില്ലെന്നും അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് സംഭവത്തെ കുറിച്ച് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും വിഷയം പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയും ചെയ്തതോടെ ദ എലിഫെന്റ് വിസ്പറേഴ്‌സിന്റെ നിര്‍മ്മാണ കമ്പനിയായ സിഖ്യ എന്റെര്‍ടെയ്ന്‍മെന്റ്‌സ് ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി.

ഓസ്‌കര്‍ പുരസ്കാരം നേടുന്നത് പണത്തിന് വേണ്ടിയല്ല. അത് ചലച്ചിത്ര നിര്‍മ്മാണ മികവിനുള്ള അംഗീകാരമാണ്. ആന സംരക്ഷണവും വനംവകുപ്പിന്റെയും പാപ്പാന്മാരായ ബൊമ്മന്റെയും ബെല്ലിയുടെയും മഹത്തായ പരിശ്രമങ്ങളും ഉയര്‍ത്തിക്കാട്ടുക എന്നതാണ് 'എലിഫന്റ് വിസ്‌പേഴ്‌സിന്റെ ലക്ഷ്യം. റിലീസ് ചെയ്തത് മുതല്‍, ഡോക്യുമെന്ററി ഇക്കാര്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും പാപ്പാന്മാരുടെയും കവാഡികളുടെയും സമൂഹത്തില്‍ ഇതുവഴി വലിയ സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ടെന്നുമായിരുന്നു കമ്പനിയുടെ പ്രതികരണം.

95- മത് ഓസ്കർ പുരസ്കാരവേദിയിലാണ് കാർത്തികി ഗോൺസാൽവസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ദ എലഫന്റ് വിസ്പറേഴ്സിന്, മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രനുള്ള പുരസ്കാരം സ്വന്താമാക്കിയത്. അനാഥനായ ഒരു ആനക്കുട്ടിയുമായുള്ള ദമ്പതികളുടെ ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. കാർത്തികി ഗോൺസാൽവസിന്റെ സംവിധാനത്തിലൊരുങ്ങിയ ആദ്യ ചിത്രമാണിത്. 2022 ഡിസംബർ 8ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസായത്.

logo
The Fourth
www.thefourthnews.in