ബി 32 മുതൽ 44 വരെ, ഇപ്പോൾ
ഒടിടി റിലീസ് വേണ്ടെന്ന് കെഎസ്എഫ്ഡിസി; പ്രതികരണവുമായി സംവിധായിക

ബി 32 മുതൽ 44 വരെ, ഇപ്പോൾ ഒടിടി റിലീസ് വേണ്ടെന്ന് കെഎസ്എഫ്ഡിസി; പ്രതികരണവുമായി സംവിധായിക

ചിത്രത്തിന്റെ വിതരണത്തിൽ വൻ വീഴ്ചയുണ്ടായെന്ന് തീയേറ്റർ ഉടമകൾ

സ്ത്രീ ശരീരത്തിന്റെ രാഷ്ട്രീയം പ്രമേയമാക്കി ശ്രുതി ശരണ്യം ഒരുക്കിയ ചിത്രമാണ് ബി 32 മുതൽ 44 വരെ. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുമ്പോഴും വേണ്ടത്ര തീയേറ്ററുകളോ, ആവശ്യത്തിന് പ്രദർശനമോ ഇല്ലാതെ പ്രതിസന്ധിയിലാണ് അണിയറ പ്രവർത്തകർ. ഓൺലൈൻ പ്രമോഷനും നിരൂപക പ്രശംസയുമാണ് ചിത്രത്തെ ഇപ്പോഴും തീയേറ്ററുകളിൽ നിലനിർത്തുന്നതെന്ന് സംവിധായിക ശ്രുതി ശരണ്യം ദ ഫോർത്തിനോട് പറഞ്ഞു. ആവശ്യത്തിന് തീയേറ്ററുകൾ ലഭിക്കാത്തതിനാൽ ഒടിടി റിലീസെന്ന ആലോചന അണിയറ പ്രവർത്തകർക്കുണ്ടെങ്കിലും അതിന് സർക്കാർ അനുമതിയില്ല.

ബി 32 മുതൽ 44 വരെ സർക്കാർ സഹായത്താൽ കെ എസ് എഫ് ഡി സി വഴി നിർമ്മിച്ച ചിത്രമായതിനാൽ തന്നെ സർക്കാർ അനുമതിയില്ലാതെ ഒടിടി പ്രദർശനം സാധ്യമാകില്ല. സർക്കാർ ഒടിടി പ്ലാറ്റ് ഫോം തുടങ്ങുന്നത് പരിഗണനയിലായതിനാൽ നിലവിൽ മറ്റ് ഒടിടികൾക്ക് ചിത്രത്തിന്റെ അവകാശം നൽകാനാകില്ലെന്ന നിലപാടിലാണ് കെഎസ്എഫ്ഡിസി. സർക്കാർ ഒടിടി പ്ലാറ്റ് ഫോം എന്ന ആശയത്തിന് വർഷങ്ങളുടെ പഴക്കമുള്ളതിനാൽ തന്നെ എന്ന് എപ്പോൾ എന്ന കാര്യത്തിലും വ്യക്തതയില്ല. നിലവിലെ സാഹചര്യത്തിൽ തീയേറ്ററിൽ വലിയ പ്രേക്ഷക പങ്കാളിത്തം ഉണ്ടാകാത്ത സിനിമകൾ പോലും പ്രേക്ഷകരിലേക്ക് എത്തുന്നത് ഒടിടി പ്ലാറ്റ് ഫോം വഴിയാണെന്നതിനാൽ ഒടിടി റിലീസുകൾ നിർണായകവുമാണ്

സംവിധായികയുടെ വാക്കുകൾ

ഒടിടിയിൽ റിലീസ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഇന്ത്യക്ക് പുറത്തുള്ള പ്രേക്ഷരിലേക്ക് ചിത്രം എത്തണമെങ്കിലും ഒടിടി പ്ലാറ്റ്ഫോമിലൂടെ മാത്രമേ സാധ്യമാകൂ. അവകാശം സംബന്ധിച്ച പ്രശ്നമാണെങ്കിൽ ഒരു നിശ്ചിത സമയത്തേക്ക് മാത്രം പ്രദർശനാവകാശം നൽകാവുന്ന തരത്തിലുള്ള കരാറുകൾ ഇപ്പോൾ ആമസോൺ പ്രൈം പോലുള്ളവയുമായി സാധ്യവുമാണ്. (ഹൈബ്രിഡ് പ്ലാറ്റ് ഫോം) നിശ്ചിത സമയത്തിന് ശേഷം അവകാശം സർക്കാരിന് തിരിച്ചെടുക്കാമെന്നതിനാൽ മറ്റ് പ്രശ്നങ്ങൾ ഉണ്ടാകാനിടയില്ല. അതിനാൽ തന്നെ സർക്കാർ ഒടിടി യാഥാർത്ഥ്യമാകുമ്പോൾ ചിത്രം അവിടെ പ്രദർശിപ്പിക്കാനുമാകും. വനിതാ സംവിധായകരെ സിനിമയെടുക്കാന്‍ സഹായിക്കുന്ന കെഎസ്എഫ്ഡിസി ആ ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനും മുന്‍കൈ എടുക്കണം. അതിനുള്ള വേദിയൊരുക്കണം

ഇതിനിടെ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽഹേറ്റ് ക്യാമ്പയിനുകളും സജീവമാണ്

ചിത്രത്തിന്റെ വിതരണത്തിൽ നിർമാതാക്കളായ കെഎസ്എഫ്ഡിസിക്ക് വലിയ പാളിച്ചയുണ്ടായതായി തീയേറ്റർ ഉടമകളും ആരോപിക്കുന്നു. ഒരുമാസം മുൻപെങ്കിലും ആരംഭിക്കേണ്ട വിതരണ പരിപാടികൾ നാല് ദിവസം മുൻപ് മാത്രമാണ് ആരംഭിച്ചത്. ഒരിടത്തും ചിത്രത്തിന്റെപോസ്റ്റർ പോലും കാണാൻ കഴിഞ്ഞില്ലെന്നാണ് പല തീയേറ്ററുടമകളുടെയും പ്രതികരണം. 37 തീയേറ്ററുകൾ മാത്രമാണ് ചിത്രത്തിന് ലഭിച്ചത്. അതിൽ തന്നെ പല തീയേറ്ററുകളും ഒരു ഷോ പോലും പ്രദർശിപ്പിക്കാതെ ചിത്രം തീയേറ്ററുകളിൽ നിന്ന് മാറ്റുകയും ചെയ്തു.

logo
The Fourth
www.thefourthnews.in