ദിലീപിന്റെ തങ്കമണി സിനിമയ്ക്ക് പിന്നിലെ യഥാര്‍ത്ഥ സംഭവം

ദിലീപിനെ നായകനാക്കി സംവിധായകന്‍ രതീഷ് രഘുനന്ദനാണ് ചിത്രം ഒരുക്കുന്നത്

ദിലീപിനെ നായകനാക്കി സംവിധായകന്‍ രതീഷ് രഘുനന്ദന്‍ ഒരുക്കുന്ന ചിത്രമാണ് 'തങ്കമണി'. ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇടുക്കി തങ്കമണി ഗ്രാമത്തിൽ 1986ലുണ്ടായ പോലീസ് വെടിവയ്പിനെ വെള്ളിത്തിരയിലെത്തിക്കുകയാണ് രതീഷ്.

തങ്കമണി വെടിവയ്പിന്റെ ചരിത്രം

ഇടുക്കി ജില്ലയിലെ തങ്കമണിയെന്ന ചെറിയ ഗ്രാമം. അവിടെ ബസ് സര്‍വീസിനെ ചൊല്ലിയുണ്ടായ തര്‍ക്കം. അതാണ് കേരളത്തെ തന്നെ പിടിച്ചുലച്ച തങ്കമണി വെടിവയ്പിലേക്ക് എത്തിച്ചത്. മലയോര ഗ്രാമമാണ് തങ്കമണി. ഇവിടുത്തെ ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി പ്രധാനമായും ആശ്രയിച്ചിരുന്നത് കട്ടപ്പന പട്ടണത്തെയാണ്. വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠനം നടത്തിയിരുന്നതും കട്ടപ്പനയിലെത്തിയാണ്. കട്ടപ്പനയില്‍നിന്നും തങ്കമണിയിലേക്ക് സഞ്ചരിക്കാന്‍ ചുരുക്കം ബസുകള്‍ മാത്രമാണ് അക്കാലത്തുണ്ടായിരുന്നത്.

ഗ്രാമീണമേഖലയായിരുന്നതുകൊണ്ട് തന്നെ കട്ടപ്പനയില്‍നിന്ന് തങ്കമണിയിലേക്കുള്ള റോഡും മോശമായിരുന്നു. ഇവിടേക്ക് സര്‍വിസ് നടത്തിയിരുന്ന 'എലൈറ്റ്' ബസ് തങ്കമണിയിലേക്ക് എത്തിയിരുന്നില്ല. തങ്കമണിക്ക് തൊട്ടടുത്തുള്ള പാറമടയില്‍ സര്‍വിസ് അവസാനിപ്പിക്കുകയായിരുന്നു പതിവ്. എന്നാല്‍ തങ്കമണി വരെയുള്ള പണവും നല്‍കേണ്ടിയിരുന്നു. ബസ് ജീവനക്കാരുടെ ഈ നടപടിയെ ഒരു ദിവസം വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തു. ഇതാണ് വെടിവയ്പിലേക്ക് എത്തിച്ച സംഭവങ്ങളുടെ തുടക്കം.

ദിലീപിന്റെ തങ്കമണി സിനിമയ്ക്ക് പിന്നിലെ യഥാര്‍ത്ഥ സംഭവം
അന്നെന്ത് സംഭവിച്ചു?; 'തങ്കമണി' വീണ്ടും സിനിമയാകുന്നു; കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സംഭവവുമായി ദിലീപ് ചിത്രം
എലൈറ്റ് ബസ്
എലൈറ്റ് ബസ്

തങ്കമണി ടൗണ്‍ വരെ ടിക്കറ്റ് എടുത്ത സാഹചര്യത്തില്‍ അവിടെ വരെ ബസ് എത്തിക്കണമെന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെ ബസ് ജീവനക്കാര്‍ മര്‍ദിച്ചു. തുടര്‍ന്ന് ബസുമായി ജീവനക്കാര്‍ മടങ്ങിപ്പോകുകയും ചെയ്തു. തൊട്ടടുത്ത ദിവസം ബസ് എത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നാട്ടുകാരും കൂടി ചേര്‍ന്ന് ബലമായി ബസ് തങ്കമണി ടൗണിലെത്തിച്ചു. ബസുടമ ദേവസ്യയും ജീവനക്കാരും ചേര്‍ന്ന് ബസ് തിരികെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് പോലീസ് എത്തി. പോലീസും നാട്ടുകാരും തമ്മിലും സംഘര്‍ഷമായി. നാട്ടുകാര്‍ പോലീസ് എയ്ഡ് പോസ്റ്റ് കത്തിച്ചു. മർദനമേറ്റ പോലീസുകാര്‍ മടങ്ങി പോയെങ്കിലും രാത്രി വീണ്ടുമെത്തി. വീടുകള്‍ തോറും കയറി ആളുകളെ ക്രൂര മര്‍ദനത്തിനിരയാക്കി. സ്ത്രീകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.

നാട്ടുകാർ കത്തിച്ച പോലീസ് എയ്ഡ് പോസ്റ്റ്
നാട്ടുകാർ കത്തിച്ച പോലീസ് എയ്ഡ് പോസ്റ്റ്

പോലീസിന്റെ നരനായാട്ട്

1986 ഒക്ടോബര്‍ 22 നായിരുന്നു തങ്കമണി വെടിവയ്പ്. സംഘടിച്ചെത്തിയ പോലീസ് നാട്ടുകാര്‍ക്കുനേരെ വെടിവയ്ക്കുകയായിരുന്നു. തങ്കമണി സ്വദേശിയായ കോഴിമല അവറാച്ചന്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് ഡി ശ്രീദേവിയെ കമ്മിഷനായി നിയമിച്ചു. കമ്മിഷന്റെ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതായിരുന്നു. പോലീസ് മാനഭംഗത്തിനിരയാക്കിയെന്ന് കമ്മിഷന് സ്ത്രീകള്‍ മൊഴി നല്‍കി. എന്നാല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേൽ സര്‍ക്കാർ നടപടി കാര്യമായി ഉണ്ടായില്ലായെന്നതാണ് വസ്തുത.

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ തങ്കമണി

1987 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പാണ് തങ്കമണിയില്‍ വെടിവയ്പുണ്ടായത്. പ്രതിപക്ഷ പാര്‍ട്ടികള്‍ സംഭവത്തെ രാഷ്ട്രീയ ആയുധമാക്കി. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചു. കെ കരുണാകരനായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രി. തങ്കമണി വെടിവയ്പ് തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് യുഡിഎഫിന് ഉണ്ടാക്കിയത്. യുഡിഎഫ് പരാജയപ്പെട്ടു. ഇ കെ നായനാരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തു.

ദിലീപിന്റെ തങ്കമണി സിനിമയ്ക്ക് പിന്നിലെ യഥാര്‍ത്ഥ സംഭവം
മമ്മൂട്ടിയുടെ രാക്ഷസരാജാവിന് 22 വയസ്; രാമനെ രാജാവാക്കേണ്ടി വന്ന കഥയുമായി സംവിധായകൻ വിനയൻ 

Related Stories

No stories found.
logo
The Fourth
www.thefourthnews.in