ദീപികയും പ്രഭാസും ആദ്യമായി
ഒരുമിക്കുന്നു; പ്രോജക്ട്  കെ അടുത്തവർഷം തീയേറ്ററുകളിൽ

ദീപികയും പ്രഭാസും ആദ്യമായി ഒരുമിക്കുന്നു; പ്രോജക്ട് കെ അടുത്തവർഷം തീയേറ്ററുകളിൽ

വൈജയന്തി മൂവീസ് സ്ഥാപിതമായി അൻപതാം വർഷത്തോടനുബന്ധിച്ചാണ് 2020 ഫെബ്രുവരിയിൽ ചിത്രം പ്രഖ്യാപിച്ചത്.

നാഗ് അശ്വിൻ രചനയും തിരക്കഥയും നിർവഹിച്ച് പ്രഭാസ്, ദീപിക പദുകോൺ, അമിതാഭ് ബച്ചൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പ്രോജക്ട് കെ 2024 ൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ നിർമാതാക്കളായ വൈജയന്തി മൂവീസ് പുറത്ത് വിട്ട പോസ്റ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മഹാശിവരാത്രി ആശംസകൾ നേർന്ന് കൊണ്ടാണ് ചിത്രത്തിൻ്റെ പ്രദർശനത്തെക്കുറിച്ച് പറഞ്ഞത്. തെലുങ്കിലും ഹിന്ദിയിലും ഒരേ സമയം ചിത്രീകരിക്കുന്ന ചിത്രം ലോകമെമ്പാടുമുള്ള ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യും. ചിത്രം ജനുവരി 12-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് പ്രോജക്ട് കെ. വൈജയന്തി മൂവീസ് സ്ഥാപിതമായി അൻപതാം വർഷത്തോടനുബന്ധിച്ചാണ് 2020 ഫെബ്രുവരിയിൽ ചിത്രം പ്രഖ്യാപിച്ചത്. കോവിഡ് കാരണം ചിത്രത്തിൻ്റെ നിർമ്മാണം ഒരു വർഷം വൈകിയിരുന്നു. മാത്രമല്ല, ചിത്രീകരണത്തിനായി പ്രത്യേകം നിർമ്മിച്ച വാഹനങ്ങൾ ആവശ്യമായതിനാൽ ചിത്രത്തിൻ്റെ പ്രീ-പ്രൊഡക്ഷനും നീണ്ടുപോയിരുന്നു. ചിത്രത്തിലെ അഭിനേതാക്കളുടെ ലുക്ക് ഒന്നും തന്നെ ഇതുവരെയും നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. പുറത്ത് വിട്ടിരിക്കുന്ന പോസ്റ്ററിൽ ഒരു വലിയ കൈ മാത്രമാണ് കാണുന്നത്. സ്‌നൈപ്പർമാർ ജാഗ്രതയോടെ അതിനെ ലക്ഷ്യം വച്ചുകൊണ്ട് പോകുന്നതാണ് കാണാനാവുക. പ്രഭാസിൻ്റെ കൈയുടെ പോസ്റ്ററും ദീപികയുടെ സിൽഹൗട്ടും ഉൾപ്പെടെ നിർമ്മാതാക്കൾ ഇതുവരെ പുറത്തുവിട്ടതെല്ലാം കണക്കിലെടുക്കുമ്പോൾ സിനിമ സയൻസ് ഫിക്ഷൻ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

കോവിഡിന് ശേഷം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ഒരുക്കിയ ഫ്യൂച്ചറിസ്റ്റിക് സെറ്റിൽ 2021 ജൂലൈയിൽ ചിത്രീകരണം ആരംഭിച്ചു. 500 കോടി ബജറ്റിൽ നിർമ്മിച്ച പ്രോജക്ട് കെ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമകളിൽ ഒന്നാണ്. ഡാനി സാഞ്ചസ് ലോപ്പസിന്റെ ഛായാഗ്രഹണത്തിൽ മിക്കി ജെ മേയറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടിക്ക് ശേഷമുള്ള നാഗ് അശ്വിൻ്റെ പ്രോജക്ട് കെയിൽ ആരാധകരുടെ പ്രതീക്ഷ വാനാളമുണ്ട്. അമിതാഭ് ബച്ചനടക്കമുളള ബോളിവുഡ് താരങ്ങൾ കൂടി അണിനിരക്കുന്നതിനാൽ ചിത്രം വമ്പൻ ഹിറ്റായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ദീപിക പദുകോണിൻ്റെ ടോളിവുഡ് അരങ്ങേറ്റവും പ്രഭാസുമായുള്ള അവരുടെ ആദ്യ സിനിമയും കൂടിയാണിത്. ദിഷ പടാനിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രോജക്ട് കെയുടെ ബിഗ് സ്‌ക്രീൻ റിലീസിനായി സിനിമാപ്രേമികൾ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in