ട്രാഫിക്ക് നിയമം ലംഘിച്ച 'അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ'

ട്രാഫിക്ക് നിയമം ലംഘിച്ച 'അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ'

റോഡ് ഗതാഗത നിയമങ്ങൾ കൂടുതൽ കർശനമാകുന്ന പശ്ചാത്തലത്തിൽ ഒരു ട്രാഫിക് നിയമലംഘനത്തിന്റെ വേദനാജനകമായ ഓർമ

ഫോണെടുത്ത് ഹലോ പറഞ്ഞപ്പോൾ മിണ്ടാട്ടമില്ല മറുവശത്ത്. മൗനമുഖരിതമായ നിമിഷങ്ങൾക്കൊടുവിൽ പരുക്കൻ ശബ്ദത്തിൽ ഒരു ചോദ്യം: "വേറൊരു പാട്ടും കിട്ടിയില്ലേ നിങ്ങൾക്ക് ഹലോ ട്യൂൺ ആക്കാൻ?'' എന്തു മറുപടി പറയണമെന്നറിയാതെ തരിച്ചു നിന്നു കുറെ നേരം.

അമ്പരപ്പായിരുന്നു മനസ്സിൽ. തെല്ലൊരു നിരാശയും. മലയാള സിനിമയിലെ ഏറ്റവും ഉദാത്തമായ പ്രണയഗാനങ്ങളിൽ ഒന്നാണ് എന്റെ ഫോണിന്റെ ഹലോ ട്യൂൺ. അഥവാ അങ്ങനെയായിരുന്നു അതുവരെയുള്ള ധാരണ. ആ പാട്ടു കേൾക്കാൻ വേണ്ടി മാത്രം വിളിക്കുന്നവരുണ്ട്. വിളിച്ചയുടൻ ഫോണെടുത്താൽ പരിഭവിക്കുന്നവരും. ഇഷ്ടഗാനം ഇടയ്ക്കുവെച്ചു മുറിഞ്ഞുപോകുകയല്ലേ?

മലയാളത്തിലെ ഏറ്റവും മികച്ച, ഏറ്റവും ജനപ്രിയമായ പത്തോ പതിനഞ്ചോ പാട്ടുകളുടെ പട്ടികയെടുത്താൽ ഈ പാട്ടും അതിലുണ്ടാകുമെന്ന് ഉറപ്പ്. നീണ്ട ഇടവേളക്ക് വിരാമമിട്ട് ഇതിഹാസതുല്യരായ മൂന്ന് പ്രതിഭകൾ ഒരുമിച്ച സൃഷ്ടിയാണ്. ഒ എൻ വിയുടെ ആർദ്രമായ കവിത; ദേവരാജന്റെ മാന്ത്രിക സംഗീത സ്പർശം; യേശുദാസിന്റെ ഭാവദീപ്തമായ ആലാപനം. 'നീയെത്ര ധന്യ'യിലെ "അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ'' എന്ന പാട്ടിനെ ഏത് മലയാളിക്കാണ് വെറുക്കാനാകുക? ഉള്ളിൽ ഒരിറ്റ് പ്രണയമെങ്കിലും കാത്തുസൂക്ഷിക്കുന്നവരാണെങ്കിൽ പ്രത്യേകിച്ചും.

മറിച്ചും സംഭവിക്കാം എന്ന് തിരിച്ചറിഞ്ഞത് ഫോൺ വിളിച്ച വ്യക്തി മനസ്സ് തുറന്നപ്പോഴാണ്. ആളുടെ പേര് സജി. സഹൃദയൻ. സംഗീതപ്രേമി. ഒപ്പം നല്ലൊരു വായനക്കാരനും. പാട്ടിനെക്കുറിച്ചുള്ള പംക്തി വായിച്ചു വിളിച്ചതാണ് അയാൾ. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി. മുൻപ് കുറേക്കാലം ഗൾഫിലായിരുന്നു. മലയാളത്തിലെ മനോഹരമായ മെലഡികളായിരുന്നു പ്രവാസജീവിത കാലത്ത് കൂട്ട്.

"നാട്ടിൽ എനിക്കൊരു സുഹൃത്തുണ്ട്.''-സജി പറഞ്ഞു. "കിരൺ എന്നാണ് പേര്. മെഡിക്കൽ റെപ്രസെന്റേറ്റിവ്. ഒപ്പം ഗായകനും. പഴയ പാട്ടുകളുടെ വലിയൊരു ആരാധകനാണ്. മിക്ക ദിവസവും അവൻ ഗൾഫിലേക്ക് വിളിക്കും. രാത്രി വൈകുവോളം ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കും. പാട്ടാണ് വിഷയം. ഫോണിലൂടെ ഞാൻ ആവശ്യപ്പെടുന്ന പാട്ടുകൾ മടികൂടാതെ മനോഹരമായി പാടിത്തരും അവൻ...''

ഹെഡ്ഫോൺ വെച്ചാണ് പാടുന്നത്. ഒപ്പം ഡ്രൈവ് ചെയ്യുന്നുമുണ്ട്. പുറത്തുകൂടി പാഞ്ഞുപോകുന്ന വാഹനങ്ങളുടെ ശബ്ദവും ഹോണടിയും ഒക്കെ പശ്ചാത്തലത്തിൽ കേൾക്കാം. ഉള്ളു നിറയെ ടെൻഷനായിരുന്നു എനിക്ക്

ഒരു ദിവസം വൈകീട്ട് ഞാൻ ഫോൺ ചെയ്യുമ്പോൾ കാറോടിക്കുകയാണ് കിരൺ. പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോൺ ഡിസ്കണക്റ്റ് ചെയ്യാൻ നോക്കിയെങ്കിലും അവൻ വഴങ്ങുന്നില്ല. അപ്പോൾ തന്നെ ഒരു പാട്ട് എന്നെ പാടിക്കേൾപ്പിച്ചേ പറ്റൂ. അതും ഞങ്ങൾക്കിരുവർക്കും ഏറെ പ്രിയപ്പെട്ട അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന ഗാനം. മദ്യലഹരിയിലാണോ എന്ന് ചെറിയൊരു സംശയം തോന്നിയത് കൊണ്ട് വേണ്ടെന്ന് വിലക്കി നോക്കി ആദ്യം. അത്ര നിർബന്ധമാണെങ്കിൽ കാർ വഴിയരികിൽ പാർക്ക് ചെയ്ത ശേഷം പാടിക്കോളൂ എന്ന് പറഞ്ഞിട്ടും കാര്യമുണ്ടായില്ല. അപ്പോഴേക്കും അവൻ പാടിത്തുടങ്ങിയിരുന്നു. തുടങ്ങിയാൽ പിന്നെ പാട്ടിൽ പൂർണ്ണമായി മുഴുകുന്നതാണ് കിരണിന്റെ ശീലം. ഹെഡ്ഫോൺ വെച്ചാണ് പാടുന്നത്. ഒപ്പം ഡ്രൈവ് ചെയ്യുന്നുമുണ്ട്. പുറത്തുകൂടി പാഞ്ഞുപോകുന്ന വാഹനങ്ങളുടെ ശബ്ദവും ഹോണടിയും ഒക്കെ പശ്ചാത്തലത്തിൽ കേൾക്കാം. ഉള്ളു നിറയെ ടെൻഷനായിരുന്നു എനിക്ക്. പാടുന്നതിനിടെ ചെറുതായി അവന്റെ ശ്രദ്ധയൊന്ന് പാളിപ്പോയാൽ... ഫോൺ കട്ട് ചെയ്യാമെന്ന് വെച്ചാൽ അതും പ്രശ്നം. ആൾ വികാരജീവിയാണ്. പിണങ്ങാൻ വേറെ കാരണമൊന്നും വേണ്ട.''

സുഹൃത്തിന്റെ ശബ്ദത്തിൽ നിമിഷങ്ങൾ മുൻപ് മാത്രം കേട്ട 'അരികിൽ' എന്ന പാട്ടിന്റെ ശീലുകളാണ് അപ്പോഴും കാതിൽ. എത്ര മായ്ച്ചുകളയാൻ ശ്രമിച്ചിട്ടും ആ ഗാനം മനസ്സിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു - അപശകുനം പോലെ

പല്ലവിയും അനുപല്ലവിയും കഴിഞ്ഞു പാട്ട് ചരണത്തിലെത്തിയപ്പോഴാണ് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചത്. ഫോണിന്റെ മറുതലയ്ക്കൽ പടക്കം പൊട്ടുന്നത് പോലെ ഒരു ശബ്ദം . അതോടെ നിലച്ചു ആലാപനം. എന്തോ അപകടം സംഭവിച്ചു എന്ന് മാത്രം മനസ്സിലായി. ആകെ ബഹളം. പൊടുന്നനെ ഫോൺ ഓഫാകുന്നു. തല കറങ്ങും പോലെ തോന്നി സജിക്ക്. സുഹൃത്തിന്റെ ശബ്ദത്തിൽ നിമിഷങ്ങൾ മുൻപ് മാത്രം കേട്ട 'അരികിൽ' എന്ന പാട്ടിന്റെ ശീലുകളാണ് അപ്പോഴും കാതിൽ. എത്ര മായ്ച്ചുകളയാൻ ശ്രമിച്ചിട്ടും ആ ഗാനം മനസ്സിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു - അപശകുനം പോലെ. ഫോണിന്റെ മറുതലയ്ക്കൽ സംഭവിച്ചതെന്തെന്ന് സജി അറിഞ്ഞത് പിറ്റേന്നാണ്‌. പാട്ടു കേട്ട് ഡ്രൈവ് ചെയ്യുന്നതിനിടെ ഒരു നിമിഷം ശ്രദ്ധ പിഴച്ചിരിക്കണം കിരണിന്. ട്രാഫിക് ലൈറ്റ് അവഗണിച്ച് മുന്നിലേക്ക് കുതിച്ച കാർ വലതുവശത്തു നിന്ന് പാഞ്ഞുവന്ന ടാങ്കർ ലോറിയിൽ ചെന്നിടിക്കുന്നു.

"പിന്നീട് ഞാൻ നാട്ടിൽ ചെന്ന് കാണുമ്പോൾ ശരീരത്തിന്റെ പാതിയിലേറെ തളർന്നു വീട്ടിൽ കിടക്കുകയാണ് കിരൺ. സംസാരിക്കാൻ വയ്യ. എന്നെ കണ്ടപ്പോൾ അവൻ പൊട്ടിക്കരഞ്ഞു. അത് കണ്ടു നിൽക്കാൻ കഴിയാതെ ഇറങ്ങിനടന്നു ഞാൻ.'' പിന്നീടൊരിക്കലും 'അരികിൽ' എന്ന പാട്ട് തനിക്ക് ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് പറയുന്നു സജി. അതെപ്പോൾ കേൾക്കുമ്പോഴും കിരണിന്റെ കരച്ചിലാണ് ഓർമ്മ വരിക. പിന്നെ ആ കൂട്ടിമുട്ടലിന്റെ ഹൃദയഭേദകമായ ശബ്ദവും. തളർച്ചയെ ഏറെക്കുറെ അതിജീവിച്ചെങ്കിലും സംസാരശേഷി വീണ്ടെടുക്കാനായില്ല കിരണിന്. പാടാൻ ശ്രമിച്ചാലും ശബ്ദം പുറത്തുവരാത്ത അവസ്ഥ.

ഒരാളുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന പാട്ട് മറ്റൊരാൾക്ക് വേദനയുടെ പ്രതീകമാകുന്നു. നേരെ മറിച്ചും സംഭവിക്കാം. തികച്ചും ആത്മനിഷ്ഠമാണ് ഗാനങ്ങളോടുള്ള ശ്രോതാവിന്റെ സമീപനം

സജി വേദനയോടെ വിവരിച്ച ആ അനുഭവം 'അരികിൽ' എന്ന ഗാനത്തിന്റെ രചയിതാവായ ഒ എൻ വിയുമായി പങ്കുവെച്ചിട്ടുണ്ട് ഒരിക്കൽ. സിനിമാപ്പാട്ടിനോടുള്ള സാധാരണക്കാരന്റെ മനോഭാവങ്ങളിലെ വൈരുധ്യമായിരുന്നു ചർച്ചാവിഷയം. ഒരാളുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന പാട്ട് മറ്റൊരാൾക്ക് വേദനയുടെ പ്രതീകമാകുന്നു. നേരെ മറിച്ചും സംഭവിക്കാം. തികച്ചും ആത്മനിഷ്ഠമാണ് ഗാനങ്ങളോടുള്ള ശ്രോതാവിന്റെ സമീപനം

മനസ്സിനെ തൊട്ട മറ്റൊരു അനുഭവം ഓർമ്മിച്ചെടുത്തു വിവരിച്ചുതന്നു അപ്പോൾ ഒ എൻ വി. കുറച്ചു വർഷം മുൻപ് ഒരു വിദേശയാത്രക്കിടെയാണ് അവർ കവിയെ കാണാൻ വന്നത്, മലയാളികളായ ഭാര്യയും ഭർത്താവും. നന്ദി പറയാൻ വന്നതായിരുന്നു അവർ. ദീർഘകാലം വിവാഹമോചിതരായി കഴിഞ്ഞിരുന്ന തങ്ങളെ വീണ്ടും ഒരുമിപ്പിച്ചതിന് -ഏതാണ്ട് ഇരുപതു വർഷങ്ങൾക്ക് ശേഷം. ഇരുവരും അംഗങ്ങളായ ക്ലബ്ബിന്റെ വാർഷിക യോഗത്തിൽ ഗായകനായ ഭർത്താവ് അരികിൽ എന്ന പാട്ടാണ് പാടിയത്. സദസ്സിലൊരാളായി അത് കേട്ടിരുന്ന മുൻ ഭാര്യയെ പാട്ടിന്റെ വരികളും സംഗീതവും പഴയ കാലത്തേക്ക് തിരിച്ചുകൊണ്ടുപോയത്രെ. അന്ന് രാത്രി പഴയ ജീവിതസഖാവിന്റെ ഫോൺ നമ്പർ തേടിപ്പിടിച്ച് വിളിക്കുന്നു അവർ. അത് പുതിയൊരു യാത്രയുടെ തുടക്കമാകുകയിരുന്നു. താമസിയാതെ വീണ്ടും വിവാഹജീവിതത്തിൽ പ്രവേശിച്ചു അവർ. അരികിൽ എന്ന പാട്ട് എന്നെ പാടിക്കേൾപ്പിച്ച ശേഷമാണ് ഇരുവരും യാത്രയായത്. ആഹ്ളാദവും സംതൃപ്തിയും തോന്നിയ നിമിഷങ്ങളായിരുന്നു അവയെന്ന് ഒ എൻ വി. ഒരാളെ വേദനയുടെയും ആത്മരോഷത്തിന്റെയും കയങ്ങളിലേക്ക് തള്ളിയിട്ട അതേ പാട്ടിതാ മറ്റു ചിലർക്ക് തകർച്ചയിൽ നിന്ന് ജീവിതം വീണ്ടും കെട്ടിപ്പടുക്കാനുള്ള ഔഷധമാകുന്നു...

logo
The Fourth
www.thefourthnews.in