ആക്ഷൻ, ആകാംക്ഷ, തമാശ; വിജയ് സേതുപതി- സന്തോഷ് ശിവൻ ബോളിവുഡ് ചിത്രം, മുംബൈക്കർ; ടീസർ

ആക്ഷൻ, ആകാംക്ഷ, തമാശ; വിജയ് സേതുപതി- സന്തോഷ് ശിവൻ ബോളിവുഡ് ചിത്രം, മുംബൈക്കർ; ടീസർ

വിജയ് സേതുപതി ആദ്യമായി ബോളിവുഡിൽ അഭിനയിക്കുന്ന ചിത്രം

ലോകേഷ് കനകരാജിന്റെ ഹിറ്റ് തമിഴ് ചിത്രം മാനനഗരത്തിന്റെ ഹിന്ദി റീമേക്കായ മുംബൈക്കറിന്റെ ടീസർ പുറത്ത്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രാന്ത് മാസിയും വിജയ് സേതുപതിയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. വിജയ് സേതുപതി ആദ്യമായി ബോളിവുഡിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് മുംബൈക്കർ.

മുംബൈയിലെ അപകടകാരിയായ ഒരു ഡോണിന്റെ മകനെ ആളുമാറി തട്ടിക്കൊണ്ടു പോകുന്നതും തുടർന്നുണ്ടാകുന്ന സന്ദർഭങ്ങളുമാണ് ചിത്രത്തിന്റെ കഥ. ആക്ഷനും ആകാംക്ഷയും തമാശയും നിറഞ്ഞ ത്രില്ലർ ശ്രേണിയിലാണ് ചിത്രമൊരുങ്ങുന്നത്.

മുംബൈ നഗരത്തിൽ 24 മണിക്കൂറിനിടെ നടക്കുന്ന സംഭവങ്ങളെ ആധാരമാക്കി ഒരുക്കുന്ന സിനിമയിൽ രൺവീർ ഷോറെ, തന്യ മണിക്തല, സഞ്ജയ് മിശ്ര, സച്ചിൻ ഖേദ്കര്‍, ഹൃദു ഹാരൂൺ തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നു. രൺവീർ ഷോറെയാണ് മുബൈ ഡോണിന്റെ വേഷത്തിലെത്തുന്നത്. 2021 ജനുവരിയിൽ എസ് എസ് രാജമൗലിയും കരൺ ജോഹറും ചേർന്നാണ് ചിത്രം പ്രഖ്യാപിച്ചത്. ജൂൺ 2 മുതൽ ജിയോ സിനിമാസിൽ ചിത്രം പ്രദർശനത്തിനെത്തും.

എല്ലാ നഗരത്തിനും ഒരു ആത്മാവുണ്ട്. കോൺക്രീറ്റ് കാടുകൾക്ക് നടുവിലുള്ള ഹൃദയമിടിപ്പുള്ള നഗരമാണ് മുംബൈ. മുംബൈയിലെ ജനങ്ങള്‍ ഒരു വികാരം തന്നെയാണ്. അതിനാലാണ് മുംബൈക്കർ എന്ന തലക്കെട്ട് തിരഞ്ഞെടുത്തതെന്നായിരുന്നു മാധ്യമങ്ങളോട് സന്തോഷ് ശിവൻ നേരത്തെ പ്രതികരിച്ചത്.

logo
The Fourth
www.thefourthnews.in