ഡിവോഴ്സിൻ്റെ ട്രെയിലർ പുറത്ത്; ഫെബ്രുവരി 24ന് ചിത്രം തിയേറ്ററുകളിലെത്തും

ഡിവോഴ്സിൻ്റെ ട്രെയിലർ പുറത്ത്; ഫെബ്രുവരി 24ന് ചിത്രം തിയേറ്ററുകളിലെത്തും

മിനി ഐ.ജിയുടെ ആദ്യ സിനിമയാണ് ഡിവോഴ്സ്.

കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെൻറ്​ കോർപ്പറേഷൻ്റെ (KSFDC) വനിതാ സംവിധായകർക്കുള്ള സിനിമ പദ്ധതി പ്രകാരം നിർമിച്ച രണ്ടാമത്തെ ചിത്രമായ ഡിവോഴ്സിന്റെ ട്രെയിലർ പുറത്തിറങ്ങി. നേരത്തെ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിൻ്റെ പോസ്റ്റർ പങ്കുവെച്ചിരുന്നു. ആറ് സ്ത്രീകളുടെ ജീവിതവും അവരുടെ അതിജീവനാനുഭവങ്ങളും പങ്കുവെയ്ക്കുന്ന ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മിനി ഐ.ജി ആണ്. ഫെബ്രുവരി 24നാണ് ചിത്രം തിയേറ്ററിലെത്തുക.

വർത്തമാനകാല പരിസരത്ത് ദാമ്പത്യജീവിതത്തിലും കുടുംബ ബന്ധങ്ങളിലും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ വളരെ റിയലിസ്റ്റിക് മനോഭാവത്തോടെ കൈകാര്യം ചെയ്യുന്ന സിനിമയാണ് ഡിവോഴ്സ്. ആണധികാരത്തിൻ്റെ കീഴിൽ നിന്നും സ്വാതന്ത്ര്യത്തിനായി നിയമപോരാട്ടം നടത്തുന്ന സ്ത്രീകളുടെ നിശ്ചയദാർഢ്യത്തെ ട്രെയിലറിൽ കാണാം. അമ്മ ഭാര്യയാകാത്തതു പോലെ ഭാര്യയ്ക്ക് പുരുഷന്റെ അമ്മയാകാനും കഴിയില്ലെന്ന് ട്രെയിലറിൽ പറഞ്ഞ് വയ്ക്കുന്നതിലൂടെ ഡിവോഴ്സ് സംസാരിക്കുന്നത് സ്ത്രീപക്ഷ രാഷ്ട്രീയം തന്നെയാണ്.

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിനു ശേഷം ലാൽ ജോസ്, പി. ബാലചന്ദ്രൻ എന്നിവരുടെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച മിനി നാടക രംഗത്തും സജീവ പ്രവത്തകയായിരുന്നു. മിനി ഐ.ജിയുടെ ആദ്യ സിനിമയാണ് ഡിവോഴ്സ്. വ്യത്യസ്ത സാഹചര്യങ്ങളിലായി ഡിവോഴ്സിലൂടെ കടന്നു പോകുന്ന ആറ് സ്ത്രീകളുടെ ജീവിതമാണ് ചിത്രം ചർച്ച ചെയ്യുന്നത്. സന്തോഷ് കീഴാറ്റൂർ, പി ശ്രീകുമാർ, ഷിബ്ല ഫറാഹ്, അഖില നാഥ്, പ്രിയംവദ കൃഷ്ണൻ, അശ്വതി ചാന്ദ് കിഷോർ, കെ പി എ സി ലീല, അമലേന്ദു, ചന്തുനാഥ്, മണിക്കുട്ടൻ, അരുണാംശു, ഇഷിതാ സുധീഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ഡേവിസ് മാന്വലാണ്. സ്മിത അമ്പുവിന്റെ ഗാനങ്ങൾക്ക് സച്ചിൻ ബാബുവാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in