ഭാർഗ്ഗവീനിലയത്തിൽ നിന്ന് പുറത്തായ ഒരാൾ

ഭാർഗ്ഗവീനിലയത്തിൽ നിന്ന് പുറത്തായ ഒരാൾ

ക്ലാസിക് ചിത്രമായ ഭാർഗ്ഗവീനിലയം ആറു പതിറ്റാണ്ടിനിപ്പുറം 'നീലവെളിച്ച'മായി പുനർജ്ജനിച്ച വേളയിൽ നിർഭാഗ്യവാനായ ആ സംഗീത പ്രതിഭയെ ഓർക്കാതിരിക്കുന്നതെങ്ങനെ?

ഭാർഗ്ഗവീനിലയ'ത്തിൽ നിന്ന് മാത്രമല്ല, ചരിത്രത്തിൽ നിന്നേ പുറത്തായിരിക്കുന്നു ജോസഫ് കൃഷ്ണ. അലോഷ്യസ് വിൻസന്റിന്റെ ക്ലാസിക് ചിത്രം ആറു പതിറ്റാണ്ടിനിപ്പുറം 'നീലവെളിച്ച'മായി പുനർജ്ജനിച്ച വേളയിൽ നിർഭാഗ്യവാനായ ആ സംഗീത സംവിധായകനെ ഓർക്കാതിരിക്കുന്നതെങ്ങനെ?

'ഭാർഗ്ഗവീനിലയ'ത്തിന്റെ ശീർഷകങ്ങളിലെങ്ങും കാണില്ല ജോസഫ് കൃഷ്ണ എന്ന പേര്. പക്ഷെ ഗോവൻ സംഗീതജ്ഞനായ ജോസഫിന്റെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയല്ലാതെ ആ ചിത്രത്തെ കുറിച്ച് ചിന്തിക്കാൻ പോലുമാവുമോ നമുക്ക്? വിൻസന്റ് മാസ്റ്ററുടെ സംവിധാന മികവിനും ഭാസ്കർ റാവു - സുന്ദരം സഖ്യത്തിന്റെ ക്യാമറക്കാഴ്ചകൾക്കും ഭാസ്കരൻ-ബാബുരാജ് ടീമിന്റെ ഗാനങ്ങൾക്കുമൊപ്പം ജോസഫ് കൃഷ്ണയുടെ പശ്ചാത്തല സംഗീതം കൂടി ചേർന്നാലേ ഭാർഗ്ഗവീനിലയത്തിന്റെ ക്ലാസ്സിക് പരിവേഷം പൂർണ്ണമാകൂ.

ഭാർഗ്ഗവീനിലയ'ത്തിന്റെ ബിജിഎം ചിട്ടപ്പെടുത്തിയത് സംഗീതസംവിധായകൻ എം എസ് ബാബുരാജ് ആണെന്നായിരുന്നു വിശ്വാസം. ആ ധാരണ തിരുത്തിയത് പടത്തിന്റെ സംവിധായകൻ വിൻസന്റ് മാസ്റ്റർ തന്നെ

1960കളുടെ തുടക്കത്തിലെ സാങ്കേതിക പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് 'ഭാർഗ്ഗവീനിലയ'ത്തിന്റെ ബിജിഎം ചിട്ടപ്പെടുത്തിയത് സംഗീതസംവിധായകൻ എം എസ് ബാബുരാജ് ആണെന്നായിരുന്നു വിശ്വാസം. ആ ധാരണ തിരുത്തിയത് പടത്തിന്റെ സംവിധായകൻ വിൻസന്റ് മാസ്റ്റർ തന്നെ. "ഭാർഗ്ഗവീനിലയത്തിന്റെ പശ്ചാത്തല സംഗീതം പൂർണ്ണമായി നിർവഹിച്ചത് ജോസഫ് കൃഷ്ണ ആണ്."- പത്തു വർഷം മുൻപ് 'ചക്കരപ്പന്തൽ' എന്ന ടെലിവിഷൻ പരിപാടിക്ക് വേണ്ടി കണ്ടു സംസാരിച്ചപ്പോൾ മാസ്റ്റർ പറഞ്ഞു. "തികച്ചും യാദൃച്ഛികമായി സംഭവിച്ച കാര്യം."

സ്‌പെഷൽ എഫക്ട്സ് ഒക്കെ സ്വപ്നം മാത്രമായിരുന്ന ആ കാലത്ത് കഥയിലെ ഭീതിദമായ അന്തരീക്ഷം ആവിഷ്കരിക്കാൻ പശ്ചാത്തല സംഗീതം ഏറെ സഹായിച്ചു

പടത്തിലെ മനോഹര ഗാനങ്ങളുടെ പിറവിക്ക് തൊട്ടു പിന്നാലെ സംഗീത സംവിധായകൻ ബാബുരാജുമായി ഇടയുന്നു വിൻസന്റ്. ഭാർഗ്ഗവീനിലയത്തെ പോലൊരു മ്യൂസിക്കൽ ഹിറ്റ് ഒരുക്കിയിട്ടും പിന്നീടെന്തുകൊണ്ട് വിൻസന്റ് മാസ്റ്ററുടെ ഒരു പടത്തിലും ബാബുരാജിന്റെ സാന്നിധ്യമുണ്ടായില്ല എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു ആ വെളിപ്പെടുത്തൽ. "നിർഭാഗ്യകരമായ സംഭവമായിരുന്നതു കൊണ്ട് ആ അകൽച്ചയെക്കുറിച്ചു അധികം സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല." -വിൻസന്റ് മാസ്റ്ററുടെ വാക്കുകൾ. "റീ റെക്കോർഡിംഗ് ചുമതല ജോസഫ് കൃഷ്ണയെ ഏൽപ്പിക്കുന്നത് അങ്ങനെയാണ്. എം എസ് വിശ്വനാഥന്റെ കൂടെ വർഷങ്ങളോളം ജോലി ചെയ്ത പരിചയമുള്ള ഒന്നാന്തരം സംഗീതജ്ഞനാണ് ജോസഫ്. ഭാർഗ്ഗവീനിലയത്തിന്റെ സംഗീതമേന്മയെ കുറിച്ച് നിങ്ങൾ പറയുമ്പോൾ അദ്ദേഹത്തെ ഓർക്കാതിരിക്കാനാവില്ല. സ്‌പെഷൽ എഫക്ട്സ് ഒക്കെ സ്വപ്നം മാത്രമായിരുന്ന ആ കാലത്ത് കഥയിലെ ഭീതിദമായ അന്തരീക്ഷം ആവിഷ്കരിക്കാൻ പശ്ചാത്തല സംഗീതം ഏറെ സഹായിച്ചിട്ടുണ്ട്."

പശ്ചാത്തല സംഗീതക്കാർക്ക് ക്രെഡിറ്റ് കൊടുക്കുന്ന സമ്പ്രദായം അത്രകണ്ട് പ്രചാരത്തിൽ വന്നിട്ടില്ലാത്ത കാലമായിരുന്നതുകൊണ്ടാവാം. ഇന്നോർക്കുമ്പോൾ ആ അവഗണന എത്ര വേദനാജനകമാണ്

നിർഭാഗ്യവശാൽ ജോസഫ് കൃഷ്ണയുടെ പേര് 'ഭാർഗ്ഗവീനിലയ'ത്തിന്റെ ശീർഷകങ്ങളിലോ പാട്ടുപുസ്തകത്തിലോ കാണില്ല നമ്മൾ. പശ്ചാത്തല സംഗീതക്കാർക്ക് ക്രെഡിറ്റ് കൊടുക്കുന്ന സമ്പ്രദായം അത്രകണ്ട് പ്രചാരത്തിൽ വന്നിട്ടില്ലാത്ത കാലമായിരുന്നതുകൊണ്ടാവാം. ഇന്നോർക്കുമ്പോൾ ആ അവഗണന എത്ര വേദനാജനകമെന്നറിയുന്നു നാം.

'ഭാർഗ്ഗവീനിലയ'ത്തിന്റെ പുത്തൻ ദൃശ്യവ്യാഖ്യാനമായ 'നീലവെളിച്ച'ത്തിന്റെ യൂട്യൂബ് ലിങ്കുകൾക്കടിയിലെ ക്രെഡിറ്റ് ലൈനുകൾ കാണുമ്പോഴാണ് ജോസഫ് കൃഷ്ണയുടെ ദുര്യോഗത്തെ കുറിച്ച് ഓർക്കുക.'നീലവെളിച്ച'ത്തിലെ സംഗീത വിഭാഗത്തിന്റെ ഭാഗമായ ഓരോ വ്യക്തിയുടേയും പേരുവിവരം കൃതമായി രേഖപ്പെടുത്തിയിട്ടുണ്ട് വീഡിയോകൾക്ക് ചുവടെ. സംഗീത സംവിധായകന് പുറമെ ഓർക്കസ്ട്രൽ അറേഞ്ച്മെന്റ്, മിക്സിംഗ്, മാസ്റ്ററിംഗ്‌, സൗണ്ട് ഡിസൈൻ എന്നിവയുടെയെല്ലാം ചുമതലക്കാരുടെ പേരുകൾ കാണാമവിടെ. പാട്ടുകളുടെ പിന്നണിയിൽ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്തവരുടെ വിശദാംശങ്ങൾ വേറെ. എന്നാൽ 'ഭാർഗ്ഗവീനിലയ'ത്തിൽ ജോസഫ് കൃഷ്ണ കാണാമറയത്താണ്. ചരിത്രത്തിൽ ഇടം നേടാതെ പോയ ഒരു അദൃശ്യ സാന്നിധ്യം.

ഇന്ത്യൻ സിനിമാ സംഗീതത്തിന് ഫ്രാങ്ക് ഫെർനാൻഡ്, സെബാസ്റ്റ്യൻ ഡിസൂസ, ആന്റണി ഗോൺസാൽവസ്, ചിക്ക് ചോക്കളേറ്റ്, ദത്താറാം തുടങ്ങി ഇതിഹാസ തുല്യരായ എത്രയോ ഓർക്കസ്ട്ര വിദഗ്ദ്ധരെ സംഭാവന ചെയ്ത ഗോവയിൽ നിന്നാണ് ജോസഫിന്റെയും വരവ്. യഥാർത്ഥ പേര് ജോസഫ് ഫെർണാണ്ടസ്. ഹിന്ദി സിനിമാ ലോകത്തെ അന്നത്തെ പതിവനുസരിച്ച് കൃഷ്ണ എന്ന ഹൈന്ദവ നാമം പേരിനോട് കൂട്ടിച്ചേർക്കുകയായിരുന്നു ജോസഫ് എന്ന്, പഴയ സഹപ്രവർത്തകനും മികച്ച വയലിനിസ്റ്റുമായ ജെറി ഫെർണാണ്ടസ് ഓർക്കുന്നു. "ഉപജീവനാർത്ഥം കൊൽക്കത്തയിൽ എത്തിയ ശേഷമാണ് ജോസഫ് കൃഷ്ണ സംഗീത ലോകത്ത് സജീവമായത്. അവിടെ വെർഗ എന്നൊരു ഇറ്റാലിയൻ ചെല്ലോ ആർട്ടിസ്റ്റിനെ ഗുരുവായി കിട്ടി അദ്ദേഹത്തിന്."- തെന്നിന്ത്യൻ സിനിമയിൽ ആയിരക്കണക്കിന് പാട്ടുകളുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുള്ള ജെറിയുടെ ഓർമ്മ.

ചെല്ലോയുടെ അടിസ്ഥാന വശങ്ങൾ ഇറ്റാലിയൻ ഗുരുവിൽ നിന്ന് സ്വായത്തമാക്കിയ ജോസഫ് കൃഷ്ണയുടെ പിന്നീടുള്ള യാത്ര മിക്കവാറും ഒറ്റയ്ക്കായിരുന്നു. "പരമ്പരാഗത രീതിയിൽ പരിശീലനം സിദ്ധിച്ച സംഗീതജ്ഞൻ ആയിരുന്നില്ല ജോസഫ്. വയലിനും മാൻഡലിനും പിയാനോയും ഒക്കെ പഠിച്ചെടുത്തത് പരസഹായം കൂടാതെയാണ്. ഏകാന്തവും ഏകാഗ്രവുമായ ഒരു സംഗീത തപസ്യ." ജന്മസിദ്ധമായ പ്രതിഭയായിരുന്നു എക്കാലവും അദ്ദേഹത്തിന്റെ കൈമുതൽ. വെസ്റ്റേൺ ക്ലാസ്സിക്കലിലെ പരിജ്ഞാനക്കുറവ് പോലും ഈ പ്രതിഭയാൽ മറികടക്കാൻ കഴിഞ്ഞു ജോസഫിന്. എന്തും അനുകരിക്കാനുള്ള കഴിവ് വേറെ.

ഇടക്കെപ്പോഴോ കൊൽക്കത്തയിൽ വെച്ച് കണ്ടു പരിചയപ്പെട്ട പ്രമുഖ വെസ്റ്റേൺ വയലിനിസ്റ്റും സിംഫണി ഓർക്കസ്ട്ര കലാകാരനുമായ ഫ്രാൻസിസിന്റെ സഹായത്തോടെ ഹിസ് മാസ്റ്റേഴ്സ് വോയ്‌സിൽ റെക്കോർഡിംഗ് ആർട്ടിസ്റ്റ് ആയി കയറിക്കൂടുന്നു ജോസഫ് കൃഷ്ണ. "ഇന്റർവ്യൂവിന്റെ ഭാഗമായി മാൻഡലിൻ വായിച്ചുകേൾപ്പിക്കാമോ എന്ന് എച്ച്എംവിക്കാർ ജോസഫിനോട് ചോദിച്ച കഥ അങ്കിൾ ഫ്രാൻസിസ് എന്ന് സംഗീത ലോകത്ത് അറിയപ്പെടുന്ന ഫ്രാൻസിസ് മാസ്റ്റർ പറഞ്ഞുകേട്ടിട്ടുണ്ട്. വയലിൻ പോലും ശരിക്ക് പഠിക്കാത്ത ആൾ എങ്ങനെ മാൻഡലിൻ വായിക്കാൻ? എന്നാൽ നിസ്സംശയം മാൻഡലിൻ എടുത്ത് വായിച്ചു കേൾപ്പിച്ച് എല്ലാവരെയും വിസ്മയിപ്പിക്കുകയാണ് ജോസഫ് ചെയ്തതത്രേ."-പിൻതലമുറയിലെ പ്രശസ്ത വയലിനിസ്റ്റ് റെക്സ് ഐസക്‌സിന്റെ ഓർമ്മ.

ചെന്നൈയിലേക്കായിരുന്നു ജോസഫ് കൃഷ്ണയുടെ അടുത്ത യാത്ര. തെന്നിന്ത്യൻ ചലച്ചിത്ര സംഗീതം വളർന്നു വികസിക്കുന്ന കാലം. " വിശ്വനാഥൻ - രാമമൂർത്തി, രംഗറാവു, ലിംഗപ്പ തുടങ്ങിയ ആദ്യകാല സംഗീത സംവിധായകരുടെയെല്ലാം റെക്കോഡിംഗുകളിൽ സഹകരിച്ചു ജോസഫ്."-ജെറി ഫെർണാണ്ടസ് പറയുന്നു. "മികച്ച സോളോ വയലിനിസ്റ്റും പിയാനിസ്റ്റുമായിരുന്നു അദ്ദേഹം. എത്രയോ അനശ്വര ഗാനങ്ങളിൽ ജോസഫിന്റെ മനോഹരമായ പിയാനോ നോട്ടുകൾ കേൾക്കാം നമുക്ക്. എം എസ് വിയുടെ വിശ്വസ്തനായ അസിസ്റ്റന്റും കണ്ടക്റ്ററും ആയിരുന്നെങ്കിലും മറ്റു സംഗീത സംവിധായകരുമായും സഹകരിച്ചു അദ്ദേഹം. ഇടക്ക് സ്വതന്ത്ര സംഗീത സംവിധായകനായും തിളങ്ങി."

മലയാളത്തിൽ ബോബനും മോളിയും, ജീസസ്, സ്വർണമെഡൽ എന്നീ സിനിമകൾക്ക് പാട്ടുകളൊരുക്കിയിട്ടുണ്ട് ജോസഫ്. ബോബനും മോളിയും എന്ന ചിത്രത്തിൽ വയലാറായിരുന്നു ഗാനരചന. ജീസസിലെ "യഹൂദിയാ" എന്ന ഗാനം രചിച്ചതും വയലാർ തന്നെ. ഇതേ ചിത്രത്തിൽ ശ്രീകുമാരൻ തമ്പി രചിച്ച "അത്യുന്നതങ്ങളിൽ വാഴ്ത്തപ്പെടും" ഇറങ്ങിയ കാലത്ത് ശ്രദ്ധിക്കപ്പെട്ട പാട്ടാണ്. "ജീവിതം ഒരു ഗാനം" പോലുള്ള സിനിമകളിൽ പശ്ചാത്തല സംഗീതവും നിർവഹിച്ചു ജോസഫ്.

"ജോസഫിന്റെ അന്ത്യനാളുകൾ ദുരിതമയമായിരുന്നു."-- ദീർഘകാലം എം എസ് വിയുടെ റെക്കോർഡിംഗുകളിൽ ജോസഫ് കൃഷ്ണയോടൊപ്പം വയലിനിസ്റ്റായി പങ്കെടുത്ത ചരിത്രമുള്ള സംഗീത സംവിധായകൻ ശ്യാമിന്റെ ഓർമ്മ. "അർബുദബാധിതനായാണ് അദ്ദേഹം മരിച്ചത്." ജോലിയിലെ കർശനമായ അച്ചടക്കം ജീവിതത്തിൽ പിന്തുടരാൻ മിനക്കെടാതിരുന്നതാണ് ജോസഫിന് വിനയായതെന്ന് സാക്ഷ്യപ്പെടുത്തും അദ്ദേഹത്തിന്റെ സമകാലികർ. "തൊഴിലിൽ അസാമാന്യ വൈദഗ്ദ്യം പ്രകടിപ്പിച്ച ആളായിരുന്നു ജോസഫ്."- ഭാർഗ്ഗവീനിലയത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിരുന്ന ആർ എസ് പ്രഭുവിന്റെ ഓർമ്മ. "ഞങ്ങൾ രണ്ടു പേർക്കും കൊങ്കിണി വശമുണ്ടായിരുന്നതുകൊണ്ട് ആ ഭാഷയിലായിരുന്നു ആശയവിനിമയം."

'ഭാർഗവീനിലയം' വീണ്ടും ചർച്ചയാകുമ്പോൾ ജോസഫ് കൃഷ്ണ എന്ന 'സെൽഫ് മേഡ്' സംഗീതജ്ഞനും ഓർമ്മയിൽ നിറയുന്നു. നിഴലും വെളിച്ചവും ഇടകലർന്ന സിനിമാലോകത്ത് സ്വന്തം സംഗീത മുദ്ര പതിപ്പിച്ച ശേഷം ഒരു നാൾ അധികമാരുമറിയാതെ കടന്നുപോയ കലാകാരൻ.

logo
The Fourth
www.thefourthnews.in