ബ്ലാക്ക് പാന്തർ മുതൽ വാരിസ് വരെ; ഫെബ്രുവരിയിലെ ഒടിടി, തീയേറ്റർ റിലീസുകൾ

ബ്ലാക്ക് പാന്തർ മുതൽ വാരിസ് വരെ; ഫെബ്രുവരിയിലെ ഒടിടി, തീയേറ്റർ റിലീസുകൾ

ബ്ലാക്ക് പാന്തർ ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്തു. വാരിസ് ഫെബ്രുവരി 10 ന് ഒടിടിയിൽ എത്തും.

പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രങ്ങളാണ് ഫെബ്രുവരി മാസത്തിൽ തിയേറ്ററുകളിലും ഒടിടിയിലുമായി റിലീസിന് ഒരുങ്ങുന്നത്.

ബ്ലാക്ക് പാന്തർ വക്കാണ്ട ഫോറെവർ - ഹോട്ട്സ്റ്റർ

ആരാധകർ ഏറെയുള്ള മാർവൽ യൂണിവേഴ്‌സ് കഥാപാത്രമാണ് ബ്ലാക്ക് പാന്തർ. ബ്ലാക്ക് പാന്തർ വക്കാണ്ട ഫോറെവറർ ഫെബ്രുവരി ഒന്നിന് ഹോട്ട്സ്റ്ററിൽ സംപ്രേഷണം ആരംഭിച്ചു. നായകൻ ചാഡ്വിക്ക് ബോസ്‌മാന്റെ മരണശേഷം പുറത്തിറങ്ങിയ വക്കാണ്ട ഫോറെവറിൽ, ബ്ലാക്ക് പാന്തറിന്റെ മരണശേഷം ദുഷ്ട ശക്തികളിൽ നിന്നും തങ്ങളുടെ രാജ്യം രക്ഷിക്കാനുള്ള പെൺപോരാട്ടമാണ് വിഷയമാക്കുന്നത്.

വാരിസ് - ആമസോൺ പ്രൈം

വിജയ്‌യുടെ സൂപ്പർഹിറ്റ് ചിത്രം വാരിസ് ഫെബ്രുവരി 10ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. തീയേറ്ററിൽ വൻ തരംഗം സൃഷ്‌ടിച്ച ചിത്രം 11 ദിവസത്തിനിടെ 250 കോടി കളക്ഷനാണ് നേടിയത്. വംശി പൈടിപ്പള്ളിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ വിജയ്ക്ക് പുറമെ രശ്മിക മന്ദാന, ശരത് കുമാര്‍, ശ്രീകാന്ത്, ജയസുധ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫാർസി - ആമസോൺ പ്രൈം

വിജയ് സേതുപതിയും ഷാഹിദ് കപൂറും ഒരുമിക്കുന്ന ഹിന്ദി സീരിസാണ് ഫാർസി. ഫെബ്രുവരി 10ന് ആമസോൺ പ്രൈമിലാണ് സീരിസ് സംപ്രേഷണം ആരംഭിക്കുന്നത്. സീരിസില്‍ ഇരുവരുടെയും അരങ്ങേറ്റമാണ് ചിത്രം. ക്രൈം ത്രില്ലർ വിഭാഗത്തിലുള്ള ഫാര്‍സിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് രാജ് നിദിമൊരു, കൃഷ്ണ ഡി കെ എന്നിവർ ചേർന്നാണ്.

യു സീസൺ 4 - നെറ്റ്ഫ്ലിക്സ്

സൈക്കോ ത്രില്ലർ സീരീസ് 'യു'വിന്റെ നാലാമത്തെ സീസൺ ഫെബ്രുവരി 9ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ജോയും മരിയെനുമായി മുൻപോട്ടൊരു ജീവിതം സാധ്യമാണോ എന്ന ചോദ്യത്തിലാണ് മൂന്നാം സീസൺ അവസാനിച്ചത്. ഇനിയെന്ത് സംഭവിക്കുമെന്ന 2021 മുതലുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമം ആകുകയാണ്.

തീയേറ്റർ റിലീസുകൾ

മൈക്കിൾ - ഫെബ്രുവരി 3

രഞ്ജിത് ജയക്കൊടി സംവിധാനം നിർവഹിച്ചിരിക്കുന്ന മൈക്കിൾ ഫെബ്രുവരി 3ന് തീയേറ്ററുകളിലെത്തും. വിജയ് സേതുപതി, സന്ദീപ് കിഷൻ, വരലക്ഷ്മി ശരത്കുമാർ, ഗൗതം വാസുദേവ് ​​മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. റെട്രോ വസ്ത്രങ്ങളും ഗ്യാങ്‌സ്റ്റർ കാറുകളും ഒക്കെയുള്ള ട്രെയ്‌ലറില്‍ നിന്നും ഒരു വിന്റേജ് ഫീലാണ് ചിത്രം നൽകുന്നത്.

രോമാഞ്ചം - ഫെബ്രുവരി 3

സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന രോമാഞ്ചം ഫെബ്രുവരി 3ന് തീയേറ്ററുകളിലെത്തും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിന്റെ റിലീസ്. നവാഗതനായ ജിത്തു മാധവന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

ശാകുന്തളം - ഫെബ്രുവരി 17

മഹാഭാരതത്തിലെ ശകുന്തള - ദുഷ്യന്തന്‍ പ്രണയകഥയായ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ശാകുന്തളം. ഫെബ്രുവരി 17 ന് ചിത്രം തിയേറ്ററുകളിലെത്തും. ഗുണശേഖര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സാമന്തയും ദേവ് മോഹനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വാത്തി - ഫെബ്രുവരി 17

ധനുഷ് ചിത്രം വാത്തി ഈ മാസം തീയേറ്ററുകളിലെത്തും . സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക . വെങ്കി അറ്റ്ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാത്തി

logo
The Fourth
www.thefourthnews.in