നിലവാരമില്ലാത്ത  ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് വാടക ഈടാക്കാൻ തീയേറ്റർ ഉടമകൾ;  ചർച്ചയ്ക്ക് ശേഷം അന്തിമ തീരുമാനം

നിലവാരമില്ലാത്ത  ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് വാടക ഈടാക്കാൻ തീയേറ്റർ ഉടമകൾ; ചർച്ചയ്ക്ക് ശേഷം അന്തിമ തീരുമാനം

റിലീസിന് രണ്ട് ദിവസം മുൻപ് മാത്രം തീയേറ്റർ ആവശ്യപ്പെടുന്ന ചിത്രങ്ങൾക്കും തീരുമാനം ബാധകം 

മലയാള സിനിമകൾ തുടർച്ചയായി തീയേറ്ററിൽ പരാജയപ്പെടുന്ന സാഹചര്യത്തിൽ ചിത്രങ്ങളുടെ നിലവാരം ഉറപ്പാക്കാൻ കടുത്ത നടപടിയുമായി ഫിയോക്ക്. നിലവാരമില്ലാത്ത ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ വാടക ഈടാക്കാനാണ് തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൻ്റെ  തീരുമാനം. ഇത്തരം ചിത്രങ്ങൾ  ഏഴു ദിവസത്തേക്കാകും പ്രദർശിപ്പിക്കുക ,അതിനുള്ള വാടകയും ഈടാക്കും. തീയേറ്ററുകളുടെ നിലവാരം അനുസരിച്ച് വാടക നിരക്കിലും മാറ്റമുണ്ടാക്കും . 

ഒ ടി ടി ലക്ഷ്യം വച്ച് വരുന്ന ചിത്രങ്ങൾ പ്രൊമോഷൻ ഒന്നും ചെയ്യാതെ രണ്ട് ദിവസം മുൻപ് മാത്രം തീയേറ്ററുകളെ അറിയിക്കുന്ന ഒരു രീതി ഇപ്പോൾ കാണുന്നുണ്ട്. അങ്ങനെയുള്ള ചിത്രങ്ങളുടെ കാര്യത്തിലും ഈ തീരുമാനം നടപ്പിലാക്കണമെന്നാണ് ഫിയോക്കിൻ്റെ ആവശ്യം. 

അടുത്ത മാസം മുതൽ തീരുമാനം നടപ്പിലാക്കണമെന്നാണ് ഫിയോക്കിൻ്റെ ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനം വിതരണക്കാരുമായും  നിർമാതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം മാത്രമേ എടുക്കാനാകൂവെന്ന് ഫിയോക്ക് പ്രതിനിധികളായ സുരേഷ് ഷേണായിയും  എം സി ബോബിയും  ദ  ഫോർത്തിനോട് പറഞ്ഞു.

ഈ വർഷം റിലീസ് ചെയ്ത 95% ചിത്രങ്ങളും  പരാജയപ്പെട്ടതോടെ തീയേറ്ററുകളുടെ ദൈന്യംദിന പ്രവർത്തനങ്ങൾ അടക്കം പ്രതിസന്ധിയിലാണെന്നും കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങാതെ തീയേറ്റർ വ്യവസായം നിലനിർത്തി കൊണ്ടുപോകാനാകില്ലെന്നും ഫിയോക്ക് ചൂണ്ടിക്കാട്ടുന്നു . ഒ ടി ടി ബിസിനസ് ലക്ഷ്യം വച്ച്, തട്ടിക്കൂട്ട് സിനിമകൾ എടുത്ത്  പേരിന് തീയേറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളാണ്  പരാജയപ്പെടുന്നവയിൽ കൂടുതലെന്നും ഫിയോക്ക് കുറ്റപ്പെടുത്തുന്നു. തീയേറ്ററിൽ റിലീസ് ചെയ്യാത്ത ചിത്രങ്ങൾ മുൻനിര ഒ ടി ടി പ്ലാറ്റ്ഫോമുകൾ നിലവിൽ എടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് നിലവാരമില്ലാത്ത ചിത്രങ്ങൾക്ക് വാടക ഈടാക്കാനുള്ള ഫിയോക്കിൻ്റെ തീരുമാനം 

എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനം വിതരണക്കാരുമായും നിർമാതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം മാത്രമേ എടുക്കാനാകൂവെന്ന് ഫിയോക്ക്

ചിത്രങ്ങളുടെ നിലവാരം എങ്ങനെ തീരുമാനിക്കും?

ഇതുവരെയുള്ള അനുഭവ പരിചയം കൊണ്ട് തന്നെ ഒരു ചിത്രം തീയേറ്ററിൽ ഓടുമോ ഇല്ലയോ എന്ന് തിരിച്ചറിയാമെന്നാണ് തീയേറ്റർ ഉടമകൾ പറയുന്നത്.  മാത്രമല്ല ഒ ടി ടി ലക്ഷ്യം വച്ച് വരുന്ന ചിത്രങ്ങൾ പ്രൊമോഷൻ ഒന്നും ചെയ്യാതെ രണ്ട് ദിവസം മുൻപ് മാത്രം തീയേറ്ററുകളെ അറിയിക്കുന്ന ഒരു രീതി ഇപ്പോൾ കാണുന്നുണ്ട്. അങ്ങനെയുള്ള ചിത്രങ്ങളുടെ കാര്യത്തിലും ഈ തീരുമാനം നടപ്പിലാക്കണമെന്നാണ് ഫിയോക്കിൻ്റെ ആവശ്യം. 

നിലവിലെ സാഹചര്യം വിതരണക്കാരെയും നിർമാതാക്കളെയും ബോധ്യപ്പെടുത്താനാണ് തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൻ്റെ നീക്കം. ഈ മാസം തന്നെ വിതരണക്കാരുമായും നിർമാതാക്കളുമായും ചർച്ച നടത്തുമെന്നും ഫിയോക്ക് പ്രതിനിധികൾ പറഞ്ഞു.

logo
The Fourth
www.thefourthnews.in