തുറമുഖം; ഈ സിനിമയുടെ രാഷ്ട്രീയവും അതുതന്നെയാണ്

തുറമുഖം; ഈ സിനിമയുടെ രാഷ്ട്രീയവും അതുതന്നെയാണ്

കാലങ്ങളായി മനുഷ്യര്‍ അനുഭവിച്ച് പോരുന്ന ദുരിതങ്ങളെ, അവരുടെ പ്രതിഷേധങ്ങളെ ചടുല വേഗത്തില്‍ കാണിക്കേണ്ടതല്ല

വെടിയുണ്ടകള്‍ക്ക് നേരെ പാഞ്ഞടുത്ത് വാരികുന്തവും, കല്ലും, കരളുറപ്പും കൊണ്ട് പോലീസിനെയും പട്ടാളത്തെയും നേരിട്ട ഉശിരന്‍മാരായ വിപ്ലവകാരികള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ ഒരുപാട് പേരെ കൊലയ്ക്ക് കൊടുത്ത മണ്ടത്തരമായി ഈ പോരാട്ടങ്ങളെ വിലയിരുത്തുന്ന വലതുപക്ഷ ചരിത്രകാരന്‍മാരുമുണ്ട്. കൈയ്യില്‍ കിട്ടിയ കരിങ്കല്ലുകള്‍ കൊണ്ട് പ്രതിരോധിക്കാവുന്നതല്ല പോലീസിന്റെ വെടിയുണ്ടകള്‍ എന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് മനുഷ്യര്‍ പിന്‍മാറാതെ മുന്നോട്ട് തന്നെ മുദ്രാവാക്യങ്ങളുമായി നടന്നടുത്തത് എന്നതിന്റെ ഉത്തരവും അനുഭവവുമാണ് തുറമുഖം. ഈ സിനിമയുടെ രാഷ്ട്രീയവും അത് തന്നെയാണ്.

ചൂഷണത്തിന് മാത്രം വിധേയമായികൊണ്ടിരുന്ന ഒരു ജനസമൂഹം അടിമുടി രാഷ്ട്രീയവത്ക്കരിക്കപ്പെടുന്നത് എങ്ങിനെയെന്ന് ഓരോ ഫ്രെയിമും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

'ഈ സമരത്തില്‍ നിന്ന് ഇപ്പോള്‍ പിന്‍മാറിയാല്‍ നമുക്കൊരു തിരിച്ചുവരവുണ്ടാകില്ല, നമുക്ക് വേണ്ടിയല്ല ഇനിവരുന്ന തലമുറയ്ക്ക് മനുഷ്യരായി ജീവിക്കണമെങ്കില്‍ സഖാക്കളെ നാം മുന്നോട്ട് പോയെ തീരൂ' എന്ന ആഹ്വാനം ഒരു സമൂഹത്തില്‍ നിന്ന് എത്ര സ്വാഭാവികമായി വരുന്നതാണ്. അവരുടെ മുന്നില്‍ മറ്റ് വഴികളില്ല. വിജയം വിദൂരമാണെന്നറിഞ്ഞിട്ടും ജീവന്‍ നല്‍കി പ്രതിഷേധിച്ചവരുടെ കഥകള്‍ പലപ്പോഴും മുഖ്യധാര ചരിത്രത്തിന് പുറത്താണ്. അതൊരു പ്രാദേശിക ചെറുത്ത് നില്‍പ്പ് മാത്രമായി നിസാരവത്ക്കരിക്കപ്പെടും.

പ്രതിരോധിക്കാവുന്നതല്ല പോലീസിന്റെ വെടിയുണ്ടകള്‍ എന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് മനുഷ്യര്‍ പിന്‍മാറിയില്ലെന്നതിന്റെ ഉത്തരമാണ് തുറമുഖം

എന്നാല്‍ തൊഴിലാളി വര്‍ഗ്ഗ മുന്നേറ്റങ്ങള്‍ക്ക് ഇത്തരം സമരങ്ങളും രക്തസാക്ഷിത്വവും നല്‍കിയ കരുത്ത് ചെറുതല്ല. നിസഹായരായ മനുഷ്യര്‍ തങ്ങളുടെ ജീവിത ദുരിതങ്ങളില്‍ നിന്ന് ചാവേര്‍ പോരാളികളായി മാറുന്നതിന്റെ വര്‍ഗ്ഗ രാഷ്ട്രീയമാണ് രാജീവ് രവിയുടെ തുറമുഖം.ആ അര്‍ത്ഥത്തില്‍ രാജീവ് രവി തൊഴിലാളി വര്‍ഗ്ഗരാഷ്ട്രീയത്തോട് നീതി ചെയ്തിരിക്കുന്നു. ഏറെ പ്രതിസന്ധികളെ അതിജീവിച്ച് തുറമുഖം തീയേറ്റര്‍ റിലീസിനെത്തുമ്പോള്‍ മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും കാലത്തോട് ചിലത് വിളിച്ച് പറയുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്ത സംതൃപ്തിയില്‍ കലാജീവിതം തുടരാം. 1953 ല്‍ മട്ടാഞ്ചേരിയില്‍ കപ്പല്‍ കമ്പനി മുതലാളിമാര്‍ക്കും,അവരുടെ ഗുണ്ടകള്‍ക്കും,

വിജയം വിദൂരമാണന്നറിഞ്ഞിട്ടും ജീവന്‍ നല്‍കി പ്രതിഷേധിച്ചവരുടെ കഥകള്‍ പലപ്പോഴും മുഖ്യധാര ചരിത്രത്തിന് പുറത്താണ്

തങ്ങളെ ഒറ്റ് കൊടുക്കുന്ന തൊഴിലാളി സംഘടനയ്ക്ക് എതിരെ പട്ടിണി കിടന്ന് അനശ്ചിതകാല സമരം നടത്തി ഒടുവില്‍ വെടിയുണ്ടകളേറ്റ് പിടഞ്ഞ് വീണ് മരിച്ച സെയ്താലി,ആന്റണി,സെയ്ത് എന്നീ തൊഴിലാളികളുടെ രക്തസാക്ഷിത്വത്തിന്റെ പൊള്ളുന്ന ഓര്‍മ്മകള്‍ കൂടിയാണ് തുറമുഖം. അതാകട്ടെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഒന്നൊന്നായി തിരിച്ച് പിടിക്കുന്ന പുതിയ അധികാര വര്‍ഗ്ഗത്തോടും അനുദിനം അരാഷ്ട്രീയ വത്കരിക്കപ്പെടുന്ന പൊതുബോധത്തോടുമുള്ള താക്കീതുകൂടിയാണ്. ഇന്നനുഭവിക്കുന്നതൊന്നും ആരും തളികയില്‍ വെച്ച് നീട്ടിയതല്ല എന്ന ഓര്‍മ്മപ്പെടുത്തലും താക്കീതും.

തുറമുഖം; ഈ സിനിമയുടെ രാഷ്ട്രീയവും അതുതന്നെയാണ്
ചൂഷണക്കൊതിയിൽ കലാപം കണ്ട 'തുറമുഖം'

മനുഷ്യരെ അടിച്ചമര്‍ത്തികൊണ്ടിരുന്നാല്‍ ഒരു നാള്‍ കലാപം പൊട്ടിപ്പുറപ്പെടും' പ്രേക്ഷകരും ആ സമരത്തോട് ഐക്യദാര്‍ഢ്യപ്പെടും

നാടകത്തില്‍ നിന്ന് സിനിമയിലേയ്ക്ക്

മട്ടാഞ്ചേരി വെടിവെപ്പിനെ കുറിച്ച് 1960 ല്‍ കെ എം ചിദംബരം മാഷ് എഴുതിയ തുറമുഖം എന്ന നാടകത്തില്‍ നിന്ന് അദ്ദേഹത്തിന്റെ മകന്‍ ഗോപന്‍ ചിദംബംരമാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. ഒരു ചരിത്ര സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാകുമ്പോള്‍ സ്വാഭാവികമായും അതിനൊരു ഡോക്യുമെന്ററി സ്വഭാവമുണ്ടാകും. എന്നാല്‍ ആ പരിമിതിയെ മറികടക്കുന്നതാണ് ഗോപന്‍ ചിദംബരത്തിന്റെ തിരക്കഥ. ഒരു കാലത്തിന്റെ കൊടിയ ചൂഷണവും ദൈന്യതയും കൃത്യമായി അനുഭവിപ്പിക്കുവാന്‍ തിരക്കഥാകൃത്തിന് കഴിയുന്നുണ്ട്. രാഷ്ട്രീയ സിനിമ എന്നത് പോലെ തന്നെ രാഷ്ട്രീയ നാടകം എന്താകണമെന്ന ചര്‍ച്ചയും പുരോഗമന പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തികൊണ്ട് വന്ന മണ്ണാണിത്. ഏറെ ആഘോഷിക്കപ്പെട്ട നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകം അതിനായകത്വത്തില്‍ പെട്ടുപോയപ്പോള്‍ ഒരു കമ്യൂണിസ്റ്റ് വിരുദ്ധമായ നാടകമായി പോയെന്ന് ഇഎംസ് നമ്പൂതിരിപ്പാട് തന്നെ എഴുതിയിട്ടുണ്ട്. രാജീവ് രവിയുടെ സിനിമയില്‍ ഇത്തരമൊരു നായക പരിവേഷം എവിടെയും കാണില്ല, സമരത്തിനിറങ്ങിയ തൊഴിലാളികള്‍ക്കാണ് നായകത്വം, അവരുടെ സമരമാകട്ടെ തീര്‍ത്തും ജൈവികവുമാണ്. രാജീവ് രവിയുടെ തന്നെ വാക്കുകളില്‍ 'മനുഷ്യരെ അടിച്ചമര്‍ത്തികൊണ്ടിരുന്നാല്‍ ഒരു നാള്‍ കലാപം പൊട്ടിപ്പുറപ്പെടും' പ്രേക്ഷകരും ആ സമരത്തോട് ഐക്യദാര്‍ഢ്യപ്പെടും. തീയേറ്റർ ഒരു രാഷ്ട്രീയ അനുഭവമാകുന്നത് അങ്ങിനെയാണ്.

ജീവിത ദുരിതങ്ങളുടെ നേര്‍ക്കാഴ്ചയായി ഓരോ ഫ്രെയിമും

ഹൈ ആങ്കിളില്‍ നിന്ന് കാമറ ലാൻഡ് ചെയ്യുന്നത് ചൂട്ടുമായി പണിക്കിറങ്ങുന്ന തുറമുഖത്തെ തൊഴിലാളികളിലേക്കും അവരുടെ ജീവിത്തിലേക്കുമാണ്. തീരദേശത്തെ മനുഷ്യാവസ്ഥയെ ആദ്യ ഫ്രെയിമില്‍ തന്നെ രജിസ്റ്റര്‍ ചെയ്യുന്നുണ്ട് രാജീവ് രവിയുടെ ക്യാമറ.

കൊച്ചി തുറമുഖത്തെ ചാപ്പ സമ്പ്രദായത്തിനെതിരെ തുടങ്ങിയ പ്രതിഷേധം കപ്പല്‍ മുതലാളികളുടെ ചൂഷണങ്ങള്‍ക്കെതിരായി വികസിക്കുന്നുണ്ട്. ചാപ്പ ഏറിന്റെ മുഴുവന്‍ ക്രൂരതയും, തൊഴിലാളികളുടെ അമിത 'ജോലി ഭാരവും,കുറഞ്ഞ കൂലിയും, കള്ളകണക്കെഴുതി പറ്റ് കാശിന്റെ പേരില്‍ നടന്നിരുന്ന കൊടിയ ചൂഷണവും കൃത്യമായി കാണിക്കുന്നുണ്ട്. കപ്പക്കാരില്‍ നിന്ന് തൊഴിലാളി യൂണിയനിലേക്ക് ചാപ്പ നല്‍കുവാനുള്ള അവകാശം മാറ്റപ്പെടുമ്പോഴും ചൂഷണം അവസാനിക്കുന്നില്ല. ഇവിടെയാണ് തൊഴിലാളി യൂണിയന്റെ വര്‍ഗ്ഗബോധം പ്രസക്തമാകുന്നത്. ഇന്റ്ക്ക് കാര്‍ (ഐ.എന്‍.ടി.യു.സി)തൊഴിലാളി വഞ്ചന നടത്തിയതിനെ കുറിച്ച് സിനിമയില്‍ റഫറന്‍സുണ്ട്.

ഓരോ ഫ്രെയിമിലെയും ജീവിതം അടുത്ത നിമിഷം പൊട്ടിത്തെറിക്കാവുന്ന പ്രതിഷേധം പേറുന്നുണ്ട് എന്ന സ്വാഭാവികത അത്ര എളുപ്പമല്ല

സ്വതന്ത്ര്യ ഇന്ത്യയിലാണ് ഈ കൊടിയ ചൂഷണം നടന്നിരുന്നത് എന്നത്, ആര്‍ക്കാണ് സ്വാതന്ത്ര്യം ലഭിച്ചത് എന്ന ചോദ്യത്തെ ഓര്‍മ്മയില്‍ കൊണ്ടുവരുന്നുണ്ട്. ഇവിടെയാണ് വര്‍ഗ്ഗബോധമുള്ള തൊഴിലാളി യൂണിയന്‍ പ്രസക്തമാകുന്നത്.സമര മുഖത്തേക്ക് തീരദേശത്തെ ഓരോ വഴികളിലൂടെയും ചെങ്കൊടികളുമായി തൊഴിലാളികള്‍ ഒഴുകിയെത്തുന്നത് നാം അതുവരെ കണ്ടിരുന്ന ജീവിതാനുഭവങ്ങളുടെ തുടര്‍ച്ചയാണ്. സാന്റോ ഗോപാലന്‍ എന്ന തൊഴിലാളി നേതാവിനെ മട്ടാഞ്ചേരിക്കാര്‍ എക്കാലവും ഓര്‍ക്കുന്നതും ഈ സമരത്തിന് നേതൃത്വം നല്‍കി എന്നതുകൊണ്ട് തന്നെയാണ്. ഓരോ ഫ്രെയിമിലെയും ജീവിതം അടുത്ത നിമിഷം പൊട്ടിത്തെറിക്കാവുന്ന പ്രതിഷേധം പേറുന്നുണ്ട് എന്ന സ്വാഭാവികത അത്ര എളുപ്പമല്ല. ഈ രാഷ്ട്രീയം സിനിമയുടെ മിക്ക ഷോട്ടുകളിലും കാണാന്‍ കഴിയും. മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് , തീ പുകയാത്ത അടുക്കളയ്ക്ക്, ചന്തയിലെ ചാക്ക് കെട്ടില്‍ നിന്ന് നിലത്ത് വീണ അരിമണികള്‍ പെറുക്കി കൂട്ടൂന്ന ഉമ്മമാരില്‍ എല്ലാം ആ രാഷ്ട്രീയമുണ്ട്. ഇവരോട് വ്യവസ്ഥിതി ചെയ്യുന്നതെന്താണ് എന്ന രാഷ്ട്രീയ ബോധ്യത്തിലേക്ക് പ്രേക്ഷകന്‍ ഐക്യപ്പെടുമ്പോഴാണ് ആസ്വാദനവും രാഷ്ട്രീയമാകുന്നത്.

ചരിത്രത്തിലെ ഇടിമുഴക്കമായ മുന്ദ്രാവാക്യങ്ങള്‍

പലപ്പോഴും മുഖ്യധാര സിനിമകള്‍ കൈയ്യടിക്ക് വേണ്ടി മാത്രമാണ് മുദ്രാവാക്യങ്ങളെ ഉപയോഗിച്ചിട്ടുള്ളത്. അതാകട്ടെ ചരിത്രത്തോട് ഒട്ടും നീതി പുലര്‍ത്താത്തതുമാകും. തൊഴിലാളി സമരങ്ങളാണ് കേരളത്തിന്റെ ശാപമെന്ന് വരുത്തി തീര്‍ക്കാന്‍ എത്ര എത്ര സിനിമകളാണ് മലയാളത്തിലുണ്ടായിട്ടുള്ളത്. ഇവിടെയാണ് രാഷട്രീയ മുന്ദ്രാവാക്യങ്ങളെ ജീവിതാനുഭവങ്ങളോട് രാജീവ് രവി കോര്‍ത്തിണക്കുന്നത്. അത് വല്ലാത്തൊരു ഓര്‍മ്മപ്പെടുത്തലാണ്.

1950 കളില്‍ പി.ജെ ആന്റണി എഴുതിയ

കാട്ടാളന്‍മാര്‍ നാടു ഭരിച്ചീ

നാട്ടില്‍ തീ മഴ പെയ്തപ്പോള്‍

പട്ടാളത്തെ പുല്ലായ് കരുതിയ

മട്ടാഞ്ചേരി മറക്കാമോ

എന്ന മുന്ദ്രാവാക്യം ചരിത്രത്തിന്റെ അനിവാര്യമായ ഓര്‍മ്മപ്പെടുത്തലാണ്.

ചെങ്കൊടിക്ക് ചോരയാല്‍ നിറംകൊടുത്തതാരടാ

സഖാവ് സാന്റോ ഗോപാലന്‍

എന്ന മുന്ദ്രാവാക്യവുമായി ചടുലമായ ചുവടുകളുമായി തൊഴിലാളികളുടെ മുന്നേറ്റമുണ്ട് അത് തോല്‍ക്കാനല്ല ജയിക്കുവാനാണ് ഈ സമരം എന്ന ഓര്‍മ്മപ്പെടുത്തലാണ്.

ആരിത് പറയുന്നതറിയാമോ

കൊച്ചി കായല്‍ താണ്ടി വരുന്നൊരു

ചെമ്പടയാണന്നറിയാമോ

ചതിയന്‍മാരെ കണ്ടോളൂ

തൊഴിലാളികളുടെ ചെമ്പടയെ

രാധാസിംങ്കെ കങ്കാളീ

ഖദര്‍ ധരിച്ച വിഷപാമ്പെ

മ്ട്ടാഞ്ചേരി കൊച്ചിതെരുവില്‍

കള്ളചൂത് കളിച്ചെന്നാല്‍

വെള്ളമിറങ്ങി ചാകൂല

തള്ളയെ കണ്ട് മരിക്കില്ല

ഇങ്ങനെ ഒരു കാലഘട്ടത്തിന്റെ മുദ്രാവാക്യങ്ങളെ സന്ദര്‍ഭോചിതമായി കോര്‍ത്തിണക്കുന്നത് പ്രതിഷേധത്തിന്റെ കടലിരമ്പമായി തീയേറ്റര്‍ വിട്ടാലും നമ്മുടെ കാതുകളില്‍ മുഴങ്ങികൊണ്ടിരിക്കും.

പെണ്‍ പോരാട്ടവും സഹനവും

ഞാനില്ലാതായാല്‍ നീ മക്കളെ നോക്കില്ലെ എന്ന ചോദ്യത്തോട് കരളുറപ്പോടെ പ്രതികരിക്കുന്നുണ്ട് പാത്തുമ്മ. അര്‍ദ്ധരാത്രിയില്‍ തന്നെ കയറിപിടിക്കുന്ന പോലീസുകാരനെ അടിച്ച് വീഴ്ത്തുന്നുണ്ട് ഉമാനി, സ്ത്രീകളുടെ കണ്ണുനീരുപ്പ് വീണ കഞ്ഞിയാണ് അവരുടെ ഭക്ഷണം. അത് തന്നെയാകാം കരുത്തും. തുറമുഖം മുന്നോട്ട് പോകുന്നത് ഈ പെണ്ണനുഭവങ്ങളിലൂടെയാണ്. താന്‍ കെട്ടാന്‍ പോകുന്ന ചെക്കന്‍ ഏത് ഭാഷയാണ് സംസാരിക്കുക എന്ന നിസഹായതയുണ്ട് ഖദീജയ്ക്ക്. മാറാ രോഗികളായി തിരിച്ചെത്തുന്ന പെണ്ണുങ്ങളുണ്ട് ഈ തുറമുഖത്ത്. അവര്‍ പോരാട്ടങ്ങളോട് ഐക്യപ്പെടുന്നത് ജീവിക്കുവാനാണ്. വെടിവെപ്പിന് ശേഷം തങ്ങളുടെ പ്രിയപ്പെട്ടവരെ അന്വേഷിച്ച് ഓടി വരുന്ന സ്ത്രീകളുടെ നിസഹായതയും കണ്ണുനീരും എത്ര എത്ര ചരിത്ര യാഥാര്‍ത്ഥ്യങ്ങളെയാണ് ഓര്‍മ്മപ്പെടുത്തുന്നത്.

മലയാളസിനിമയില്‍ തന്റെ സ്ഥാനമുറപ്പിക്കുവാന്‍ പൂര്‍ണ്ണിമ ഇന്ദ്രജിത്തിന് ഈ ഉമ്മ വേഷം ധാരാളം. എന്തെല്ലാം അനുഭവങ്ങളിലൂടെയാണ് അത്രമേല്‍ സ്വാഭാവികമായി അവര്‍ കടന്നുപോകുന്നത്, ഓരോരുത്തരും തങ്ങള്‍ക്ക് കിട്ടിയ കഥാപാത്രമായി ജീവിച്ചു.അന്‍വറലിയുടെ പാട്ടുകളും ഷഹബാസ് അമന്റെ സംഗീതവും ചിത്രത്തിന്റെ രാഷട്രീയത്തോട് ലയിച്ച് ചേരുന്നുണ്ട്. ഒരു കാലഘട്ടത്തെ പുനരാവിഷ്‌ക്കരിക്കുന്നതില്‍ ഗോകുല്‍ ദാസിന്റെ കലാസംവിധാനത്തിന് കഴിയുന്നുണ്ട്.

കൊച്ചി വന്‍ നഗരമായി വികാസം പ്രാപിച്ചപ്പോള്‍ അരികുവത്കരിക്കപ്പെട്ട സാധാരണ മനുഷ്യരുടെ കഥയായിരുന്നു കമ്മട്ടി പാടം. എന്നാല്‍ ഇന്നീ കാണുന്ന കൊച്ചിക്കും മട്ടാഞ്ചേരിക്കുമെല്ലാം കേവലമായ നഗരകാഴ്ചകള്‍ക്കപ്പുറം പോരാട്ടത്തിന്റെയും സഹനത്തിന്റെയും ചരിത്രമുണ്ടന്ന ഓര്‍മ്മപ്പെടുത്തലായി തുറമുഖം. അതിനാടകീയതയിലേക്ക് വഴുതി മാറാന്‍ ഏറെ സാധ്യതയുണ്ടായിട്ടും റിയലിസ്റ്റിക്കായി ഈ ചരിത്രത്തെ അടയാളപെടുത്തുവാന്‍ രാജീവ് രവിക്ക് കഴിഞ്ഞു. മട്ടാഞ്ചേരിയുടെ സമര ചരിത്രം പറയുന്നതിലൂടെ ഓരോ പ്രദേശത്തിന്റെയും രാഷ്ട്രീയ പാരമ്പര്യം അന്വേഷിച്ചിറങ്ങുന്നതിനുള്ള വഴിമരുന്നിടുന്നുണ്ട് രാജീവ് രവി.

സിനിമ ലാഗ് ചെയ്യുന്നു എന്ന് ചിലകോണുകളില്‍ നിന്നുണ്ടായ വിമര്‍ശനത്തിനുള്ള മറുപടിയും അത് തന്നെയാണ്, കാലങ്ങളായി മനുഷ്യര്‍ അനുഭവിച്ച് പോരുന്ന ദുരിതങ്ങളെ അവരുടെ പ്രതിഷേധങ്ങളെ ചടുല വേഗത്തില്‍ കാണിക്കേണ്ടതല്ല. തുറമുഖം കിടിലന്‍ തീയേറ്റര്‍ എക്സ്പീരിയന്‍സാണ്. ഒപ്പം ഈ സിനിമ തീയേറ്ററില്‍ വിജയിക്കണം കാരണം മലയാളിക്ക് ഇനിയും രാഷ്ട്രീയ സിനിമകള്‍ വേണം.

logo
The Fourth
www.thefourthnews.in