118 ദിവസങ്ങള്‍, അജയന്റെ രണ്ടാം മോഷണത്തിന് പാക്ക് അപ്പ്

118 ദിവസങ്ങള്‍, അജയന്റെ രണ്ടാം മോഷണത്തിന് പാക്ക് അപ്പ്

ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രമായതിനാല്‍ പ്രേക്ഷകർ വളരെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്

ടൊവിനോ തോമസ് ട്രിപ്പിള്‍ റോളില്‍ എത്തുന്ന അജയന്റെ രണ്ടാം മോഷണം (ARM) ഷൂട്ടിങ് പൂര്‍ത്തിയതായി അണിയറപ്രവര്‍ത്തകര്‍. 118 ദിവസത്തെ ഷൂട്ടിങ്ങിനൊടുവില്‍ ചിത്രം പാക്ക് അപ്പായതായി സംവിധായകന്‍ ജിതിന്‍ ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രമായതിനാല്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

'അഞ്ച് വര്‍ഷത്തിലധികമായി ഈ സിനിമ യാഥാര്‍ഥ്യമാക്കുന്നതിനായി പിന്നിട്ട നാള്‍വഴികളും പ്രതിസന്ധികളും തന്നെയാണ് ഈ സിനിമയുടെ കരുത്തെന്ന് വിശ്വസിക്കുന്നു. സിനിമ ചെയ്യാന്‍ എന്താണ് യോഗ്യതയെന്ന് ചോദിച്ചവരും, പരിഹസിച്ചവരും നല്‍കിയത് കരുത്തു തന്നെയാണ്. ഒക്ടോബര്‍ 11ന് തുടങ്ങി 125 ദിവസം പ്ലാന്‍ ചെയ്ത ഷൂട്ടിങ് ഇന്ന് മാര്‍ച്ച് 11ന് 118 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ കടപ്പാട് ഒരുപാട് പേരോടുണ്ട്' എന്ന് ജിതിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാക്ക് അപ്പ് ആയതിന്റെ വീഡിയോയും ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. കൂടെ നിന്ന ഓരോരുത്തര്‍ക്കും ജിതിന്‍ കുറിപ്പില്‍ നന്ദി അറിയിച്ചു.

കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ള എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന എന്റര്‍ടെയിനര്‍ എന്ന നിലയില്‍ സിനിമ ഒരുക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും. വി എഫ് എക്‌സ്, ത്രീഡി, സൗണ്ട് തുടങ്ങിയ മേഖലകളില്‍ ഏറ്റവും നൂതനമായ പരീക്ഷണങ്ങള്‍ ആവശ്യപ്പെടുന്ന സിനിമയായതിനാല്‍ ഇനിയും സിനിമയുടെ പൂര്‍ണതയ്ക്കായി ഏറെ പ്രയത്‌നിക്കേണ്ടതുണ്ടെന്നും സംവിധായകന്‍ പറയുന്നു. കാലം കരുതി വെച്ച നിഗൂഢതകള്‍ അകമ്പടിയേറ്റുന്ന ചീയോതിക്കാവിലെ മായ കാഴ്ച്ചകളുടെ ടീസര്‍ ഉടന്‍ പ്രേക്ഷകരിലേക്കെത്തുമെന്നും ജിതിന്‍ ലാല്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in