അന്വേഷണങ്ങളുടെ കഥ പറയാൻ പൊലീസ് വേഷത്തിൽ ടൊവീനോ; അന്വേഷിപ്പിൻ കണ്ടെത്തും ചിത്രീകരണം പൂർത്തിയായി

അന്വേഷണങ്ങളുടെ കഥ പറയാൻ പൊലീസ് വേഷത്തിൽ ടൊവീനോ; അന്വേഷിപ്പിൻ കണ്ടെത്തും ചിത്രീകരണം പൂർത്തിയായി

കാപ്പക്കു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും

നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനാകുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ എസ്ഐ ആനന്ദ് എന്ന കഥാപാത്രത്തെയാണ് ടൊവീനോ തോമസ് അവതരിപ്പിക്കുന്നത്. അന്വേഷകരുടെ കഥയല്ല അന്വേഷണങ്ങളുടെ കഥയാണ് എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുക

രണ്ടു ഷെഡ്യൂകളിലായി എൺപതു ദിവസത്തോളമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. കോട്ടയം, കട്ടപ്പന, തൊടുപുഴ, ഈരാറ്റുപേട്ട. കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലായിരുന്നു പ്രധാന ലൊക്കേഷൻ . അന്വേഷണങ്ങളുടെ കഥ പറയുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും താരസമ്പന്നവും വൻ ബഡ്ജറ്റിലും ഒരുങ്ങുന്ന ചിത്രമായിരിക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു

തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കാപ്പക്കു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഷമ്മി തിലകൻ, സിദ്ദിഖ്, ബാബുരാജ്, ഇന്ദ്രൻസ്, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, അർത്ഥനാ ബിനു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ

ജിനു വി ഏബ്രഹാമിൻ്റേതാണ് തിരക്കഥ .സന്തോഷ് വർമ്മയുടെ വരികൾക്ക് സന്തോഷ് നാരായണൻ ഈണം പകർന്നിരിക്കുന്നു. ഗൗതം ശങ്കറാണ് ഛായാഗ്രാഹകൻ. ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തുമെന്നാണ് സൂചന

logo
The Fourth
www.thefourthnews.in