വിജയം ആവർത്തിച്ച് രൺബീർ- ശ്രദ്ധ ജോഡി ; ബോക്സ് ഓഫീസിൽ തരംഗമായി 'തൂ ജൂട്ടീ മേം മക്കാർ'

വിജയം ആവർത്തിച്ച് രൺബീർ- ശ്രദ്ധ ജോഡി ; ബോക്സ് ഓഫീസിൽ തരംഗമായി 'തൂ ജൂട്ടീ മേം മക്കാർ'

ലവ് രഞ്ജൻ സംവിധാനം ചെയ്ത് ചിത്രം മാർച്ച് 8നാണ് തിയേറ്ററുകളിലെത്തിയത്

ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി 'തൂ ജൂട്ടീ മേം മക്കാർ'. രൺബീർ കപൂറും ശ്രദ്ധ കപൂറും പ്രധാന കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം, ലവ് രഞ്ജൻ ആണ് സംവിധാനം . മാർച്ച് 8ന് തീയേറ്ററുകളിൽ എത്തിയ ചിത്രം 11 ദിവസം കൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്. ഇന്ത്യയിൽ 100 ​​കോടി കടക്കുന്ന രൺബീറിന്റെയും ശ്രദ്ധയുടെയും ആറാമത്തെ ചിത്രം കൂടിയാണിത്. സഞ്ജു , ബ്രഹ്മാസ്ത്ര , യേ ജവാനി ഹേ ദീവാനി , ഏ ദിൽ ഹേ മുഷ്കിൽ , ബർഫി എന്നീ ചിത്രങ്ങളിലൂടെ രൺബീർ 100 കോടി പിന്നിട്ടപ്പോൾ, ചിച്ചോർ , സഹോ , സ്ട്രീ , എബിസിഡി - എനി ബോഡി കാൻ ഡാൻസ് , ഏക് വില്ലൻ എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധ കപൂർ ഈ നേട്ടം ഇതിന് മുൻപ് കൈവരിച്ചത്.

ഫിലിം ട്രേഡ് അനലിസ്റ്റ് ജോഗീന്ദർ തുതേജയാണ് ചിത്രം 100 കോടി ക്ലബിൽ എത്തിയതായി ട്വീറ്റ് ചെയ്തത്. ലോകമെമ്പാടുമായി ബോക്സ് ഓഫീസിൽ 124 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ലവ് രഞ്ജനും അങ്കുർ ഗാർഗും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ പ്രൊഡക്ഷൻ നിർവഹിച്ചിരിക്കുന്നത് ലവ് ഫിലിംസും ടി-സീരീസ് ഫിലിംസും ചേർന്നാണ്. ഡിംപിൾ കപാഡിയ, ബോണി കപൂർ, സ്റ്റാൻഡ്-അപ്പ് ആർട്ടിസ്റ്റ് അനുഭവ് സിംഗ് ബസ്സി എന്നിവരും ചിത്രത്തിലുണ്ട്. സന്താന കൃഷ്ണനും രവിചന്ദ്രനും ഛായാഗ്രഹണം നിർവഹിച്ച ചിത്രം അകിവ് അലിയും ചേതൻ എം. സോളങ്കിയും ചേർന്നാണ് എഡിറ്റ് ചെയ്തത്.

വിജയം ആവർത്തിച്ച് രൺബീർ- ശ്രദ്ധ ജോഡി ; ബോക്സ് ഓഫീസിൽ തരംഗമായി 'തൂ ജൂട്ടീ മേം മക്കാർ'
മകള്‍ക്കൊപ്പം സമയം ചെലവഴിക്കണം; അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേളയെടുക്കാന്‍ രൺബീർ കപൂർ

പഠാൻ റിലീസ് ചെയ്ത് ഏഴാഴ്ചയിലേറെയായിട്ടും ബോളിവുഡിൽ ഇതുവരെ മറ്റൊരു ചിത്രവും ബോക്‌സ് ഓഫീസ് വിജയം നേടിയിരുന്നില്ല. അതുകൊണ്ട് തന്നെ 'തൂ ജൂട്ടി മേം മക്കാർ' വിജയം നേടുമോയെന്ന് ആരാ‌ധകരടക്കം ഉറ്റുനോക്കുന്നുണ്ടായിരുന്നു. 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന ലവ് രഞ്ജന്റെ രണ്ടാമത്തെ ചിത്രമാണ് 'തൂ ജൂട്ടി മേം മക്കാർ'. ലവ് രഞ്ജന്റെ സംവിധാനത്തിൽ 2018ൽ പുറത്തിറങ്ങിയ സോനു കെ ടിറ്റു കി സ്വീറ്റി ആണ് ഇതിന് മുൻപ് 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നത്.

ഷംഷേരയും ബ്രഹ്‌മാസ്ത്രയുമാണ് രൺബീറിന്റെ പോയ വർഷം പുറത്ത് വന്ന ചിത്രങ്ങൾ. ബ്രഹ്‌മാണ്ഡ ചിത്രമായ ബ്രഹ്‌മാസ്ത്ര വൻ വിജയമായി മാറുകയും ചെയ്തിരുന്നു. ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ബ്രഹ്മാസ്ത്രയ്ക്ക് ശേഷം രൺബീറിന്റെ തുടർച്ചയായ രണ്ടാമത്തെ ഹിറ്റാണ് തു ജൂട്ടി മേം മക്കാർ. അയൻ മുഖർജിയുടെ സംവിധാനത്തിൽ 2022 ൽ പുറത്തിറങ്ങിയ ബ്രഹ്മാസ്ത്ര: ഒന്നാം ഭാഗം - ശിവ 2022-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രമായിരുന്നു. രാജ്യത്ത് നിന്ന് മാത്രം 257 കോടി കളക്ഷൻ നേടിയ ചിത്രമായിരുന്നു ഇത്. രശ്മിക മന്ദാന, അനിൽ കപൂർ, ബോബി ഡിയോൾ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ആനിമലാണ് രൺബീറിന്റെ ഇനി വരാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി.

logo
The Fourth
www.thefourthnews.in