'സംവിധായകൻ' മധു

'സംവിധായകൻ' മധു

നടനെന്ന നിലയിൽ മലയാളിക്ക് സുപരിചിതനായി മാറിയ മധു ക്യാമറക്ക് പിന്നിലെ മിടുക്കനായൊരു സംവിധായകൻ കൂടിയായിരുന്നു എന്ന കാര്യം അധികമാർക്കും അറിയാനിടയില്ല.

പഠനകാലത്തേ അഭിനയത്തോട് വല്ലാത്ത അടുപ്പം കൊണ്ടുനടന്ന മധു അന്നത്തെ സ്കൂൾ നാടകങ്ങളിൽ സജീവ മുഖമായിരുന്നു. എങ്കിലും ഇടക്കാലത്ത് എല്ലാം മാറ്റിനിർത്തി പഠനത്തിൽ കൂടുതൽ ശ്രദ്ധിച്ചു. അങ്ങനെ ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി നാഗർകോവിലിലെ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. അപ്പോഴും ഉള്ളിലുളള നടനെ അങ്ങനെയങ്ങ് കണ്ടില്ലെന്ന് വെക്കാൻ അദ്ദേഹത്തിനായില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം, നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ഒരു പരസ്യം അദ്ദേഹം പത്രത്തിൽ കാണുന്നത്. മറ്റൊന്നും നോക്കിയില്ല, ജോലി രാജിവച്ച്‌ ഡൽഹിക്ക് വണ്ടികയറി. 1959 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏക മലയാളിയായി മധു.

സ്കൂൾ ഓഫ് ​ഡ്രാമയിലെ പഠനത്തിന് ശേഷം വീണ്ടും നാടകത്തിലേക്ക് തിരിച്ചുപോകണം, അതായിരുന്നു മോഹം. പക്ഷെ പഠനകാലത്തെ സൗഹൃദങ്ങൾ സിനിമയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു. അന്ന് പ്രേംനസീറും സത്യനും നിറഞ്ഞു നിന്നിരുന്ന കാലം. എന്നിട്ട് കൂടി സിനിമയിൽ എത്തി അധികം വൈകാതെ തന്നെ അതുവരെ പ്രേക്ഷകർ കാണാത്ത, സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായൊരിടം സൂപ്പർതാരങ്ങൾക്ക് ഇടയിലും മധുവിന് ഉണ്ടാക്കാൻ കഴിഞ്ഞു. സത്യൻ കഴിഞ്ഞാൽ പിന്നെ സ്വാഭാവിക അഭിനയത്തിൽ ക്യാമറക്ക് മുന്നിൽ ജീവിച്ച നടനായി മധു അറിയപ്പെട്ടു. തമിഴ്, ഹിന്ദി ഭാഷകളിൽ ഉൾപ്പെടെ 386 സിനിമകളിൽ അഭിനയിച്ചു. നടനെന്ന നിലയിൽ മലയാളിക്ക് സുപരിചിതനായി മാറിയ മധു ക്യാമറക്ക് പിന്നിലെ മിടുക്കനായൊരു സംവിധായകൻ കൂടിയായിരുന്നു എന്ന കാര്യം അധികമാർക്കും അറിയാനിടയില്ല.

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് അഭിനയം മാത്രം പോര എന്ന തീരുമാനത്തിൽ അദ്ദേഹം ഒരു സംവിധാന രംഗത്തേക്ക് എത്തുന്നത്. ചെമ്മീന്റെ വലിയ വിജയത്തിന് ശേഷം സ്ഥിരമായി കിട്ടിക്കൊണ്ടിരുന്ന നിരാശാ കാമുകവേഷങ്ങളിൽ നിന്നും ഒരു ഇടവേള കൂടിയായിരുന്നു 1970 ൽ ഇറങ്ങിയ പ്രിയ എന്ന ആദ്യ സംവിധാന ചിത്രം. ഒരു വിമാന യാത്രയിൽ വെച്ച് പരിചയപ്പെട്ട എൻപി അബു, മാഹി സ്വദേശിയായ എൻപി അലി എന്നിവർ ചേർന്ന് ആരംഭിച്ച ജമ്മു ഫിലിസിന്റെ ബാനറിലാണ് ഈ സിനിമ നിർമ്മിച്ചത്. നോവലിസ്റ്റ് സി.രാധാകൃഷ്ണന്റെ തേവിടിശ്ശി എന്ന നോവലിന് അദ്ദേഹം തന്നെയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. ഈ സിനിമയിലെ വില്ലൻ വേഷമായ ഗോപനെ അവതരിപ്പിച്ചതും മധു തന്നെയായിരുന്നു. ലില്ലി ചാറ്റർജിയായിരുന്നു നായിക.

എപ്പോഴും ഒരു മാറ്റം ആ​ഗ്രഹിക്കുന്ന ആളായിരുന്നു മധു, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സിനിമയിൽ, ഹാസ്യ വേഷങ്ങളിൽ മാത്രം കണ്ടിരുന്ന അടൂർഭാസിയെ സ്വഭാവനടനാക്കി അവതരിപ്പിക്കുകയും ചെയ്തു. 1971 ൽ ഒരു ആനയെ പ്രധാനകഥാപാത്രമായി കൊണ്ടുവന്ന് യൂസഫലി കേച്ചേരി നിർമ്മിച്ച സിന്ദൂരച്ചെപ്പ് എന്ന സിനിമയിലൂടെ അന്നത്തെ യുവതലമുറയെ ആകർഷിക്കുന്ന മനോഹര പ്രണയകഥ പറയാൻ മധുവിന് സാധിച്ചു. ഈ സിനിമയിൽ സംവിധായകൻ എന്നതിന് പുറമെ നായകനുമായിരുന്നു അദ്ദേഹം.

കേരളത്തിൽ സ്വന്തമായി ഫിലിം സ്റ്റുഡിയോ ആരംഭിച്ച ഏക നടനാണ് മധു. ഉദയ സ്റ്റുഡിയോകൾ മാത്രം ഉണ്ടായിരുന്ന കേരളത്തിൽ 1976 ലാണ് തിരുവനന്തപുരം പുളിയറക്കോണത്ത് ഉമാ ആർട്സ് സ്റ്റുഡിയോ മധുവിന്റെ ഉടമസ്ഥതയിൽ ആരംഭിച്ചത്. പക്ഷെ ഒരുകാലത്ത് സിനിമകൾ സ്റ്റുഡിയോകൾ വിട്ട് പുറത്തേക്കിറങ്ങി തുടങ്ങി. അതോടെ 1984 ൽ ഉമാ ആർട്സ് സ്റ്റുഡിയോ മധു ഏഷ്യാനെറ്റ് കമ്യൂണിക്കേഷന് കൈമാറുകയായിരുന്നു. 1972ൽ ജി.ശങ്കരപിള്ളയുടെ പൂജാമുറി എന്ന നാടകം സതി എന്ന പേരിൽ സിനിമയാക്കി. ഉമാ ആർട്സ് സ്റ്റുഡിയോയുടെ ബാനറിൽ മധു നിർമ്മിക്കുന്ന ആദ്യ സിനിമയായിരുന്നു ഇത്.

1974 ൽ കൈനിക്കര കുമാരപിള്ളയുടെ മാതൃകാ മനുഷ്യൻ എന്ന നാടകം മുഴുനീള ഹാസ്യചിത്രമായി മാന്യശ്രീ വിശ്വാമിത്രൻ എന്ന പേരിൽ സംവിധാനം ചെയ്തു. അതിൽ മാർത്താണ്ഡൻ തമ്പിയായി അഭിനയിച്ച് കയ്യടിവാങ്ങിക്കുകയും ചെയ്തു. കെപിഎസി നിർമ്മിച്ച ആദ്യത്തെ സിനിമ ഒഎൻവി കുറുപ്പിന്റെ നീലക്കണ്ണുകൾ എന്ന ഖണ്ഡകാവ്യത്തിന്റെ സിനിമാരൂപം സംവിധാനം ചെയ്യാനുള്ള അവസവും ലഭിച്ചത് മധുവിന് തന്നെയാണ്. 1974 ൽ തന്നെയാണ് നീലക്കണ്ണുകൾ റിലീസാവുന്നതും. ഈ സിനിമയിൽ കുഞ്ഞുരാമൻ എന്ന നായക വേഷത്തിലും മധു വന്നു. പിആർ ചന്ദ്രന്റെ അക്കൽദാമ എന്ന നാടകം 1975 ൽ സിനിമയാക്കി. അതേ വർഷം തന്നെ ചന്ദ്രന്റെ മറ്റൊരു നാടകമായ മിഥ്യ, കാമം ക്രോധം മോഹം എന്ന പേരിലും സിനിമയായി.

അക്കൽദാമയിലും കാമം ക്രോധം മോഹത്തിലും അൽപം വഴിമാറിയുളള സംവിധാനശൈലിയായിരുന്നു മധുവിന്റേത്. സിനിമയ്ക്കുള്ളിലെ ലൈം​ഗീകതയും മികച്ച രീതിയിൽ അവതരിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് തെളിയിച്ചതും ഈ സിനിമകളിലൂടെയാണ്. മധു സംവിധാനം ചെയ്ത സിനിമകളിൽ സൂപ്പർ ഹിറ്റായി മാറിയ തീക്കനൽ 1976ലാണ് പുറത്തുവന്നത്. തോപ്പിൽ ഭാസിയായിരുന്നു രചന. യേശുദാസിന്റേതായിരുന്നു സംഗീതം. ഈ ചിത്രത്തിലെ വിനോദ് എന്ന കഥാപാത്രം മധുവിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിലൊന്നാണ്.

1977 ൽ ചേരി വിശ്വനാഥന്റെ നാടകം ധീരസമീരേ യമുനാതീരേ മധുവിന്റെ സംവിധാനത്തിൽ സിനിമയായി. 77 ൽ തന്നെ തെലുങ്ക് നോവലിസ്റ്റ് സുലോചനാ റാണിയുടെ നോവൽ ആരാധന ജോർജ് ഓണക്കൂറിന്റെ തിരക്കഥയിൽ സിനിമയായി. ഈ സിനിമക്ക് ശേഷം ഒൻപത് വർഷത്തെ ഇടവേളക്ക് ശേഷം 1986 ലാണ് മധു വീണ്ടും സംവിധായകനാവുന്നത്. ജി വിവേകാനന്ദന്റെ നോവൽ ഇല കൊഴിഞ്ഞ മരം ഒരു യുഗസന്ധ്യ എന്ന പേരിൽ സിനിമയാക്കുന്നതോടെ. അതേ വർഷം തന്നെ പൂർണമായി അമേരിക്കയിൽ ചിത്രീകരിച്ച ഉദയം പടിഞ്ഞാറ് എന്ന സിനിമയും സംവിധാനം ചെയ്തു.

അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ പ്രേംനസീറിനാണ് അദ്ദേഹം ഈ ചിത്രത്തിലെ മുഖ്യവേഷം നൽകിയത്. മധുവിന്റെ സംവിധാനത്തിൽ പ്രേംനസീർ അഭിനയിച്ച ഏക സിനിമയും ഇതാണ്. ഒപ്പം മധു, രതീഷ്, ഭരത് ഗോപി, ശ്രീവിദ്യ, ശോഭന എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചു. മധു സംവിധാനം ചെയ്ത 12 സിനിമകളിൽ സിന്ദുരച്ചെപ്പും ഉദയം പടിഞ്ഞാറും ഒഴികെയുള്ള സിനിമകൾ പത്തെണ്ണവും സാഹിത്യ സൃഷ്ടികളിൽ നിന്നാണ് ഉണ്ടായിട്ടുളളത്. നാടകം, നോവൽ ഖണ്ഡകാവ്യം എന്നിവയാണ് ആ സിനിമകൾക്കൊക്കെ അടിസ്ഥാനമായത്. മധു എന്ന കലാകാരന്റെ സുവർണ നേട്ടമായി കരുതപ്പെടുന്നു ഒരേ സമയം നടനായും സംവിധായകനായും തിളങ്ങാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയ ഈ 12 സിനിമകൾ.

logo
The Fourth
www.thefourthnews.in