പുതുവര്‍ഷം ആഘോഷമാക്കാന്‍ ഒടിടി; സൗദി വെള്ളക്ക വെള്ളിയാഴ്ച; കാപ്പയും ഷഫീക്കിന്‌റ സന്തോഷവും ഉടന്‍

പുതുവര്‍ഷം ആഘോഷമാക്കാന്‍ ഒടിടി; സൗദി വെള്ളക്ക വെള്ളിയാഴ്ച; കാപ്പയും ഷഫീക്കിന്‌റ സന്തോഷവും ഉടന്‍

സൗദി വെള്ളക്ക ജനുവരി ആറിന് സോണി ലിവിലെത്തും

കഴിഞ്ഞ വർഷം തീയേറ്ററുകൾ നിറഞ്ഞോടിയ ചിത്രങ്ങളാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. പ്രേക്ഷകർ കാത്തിരുന്ന സൗദി വെള്ളക്ക, കാപ്പ, ഷഫീക്കിന്‌റ സന്തോഷം തുടങ്ങി ഒരുപിടി ചിത്രങ്ങൾ ഉടൻ ഒടിടിയിലെത്തും.

സൗദി വെള്ളക്ക - സോണിലിവ്

ഓപ്പറേഷൻ ജാവയ്ക്ക് ശേഷം തരുൺ മൂർത്തി ഒരുക്കിയ സൗദി വെള്ളക്ക തീയേറ്ററിൽ വലിയ കൈയടി നേടിയ ചിത്രമാണ് . ഇന്ത്യൻ പനോരമയിലേക്ക് അടക്കം തിരഞ്ഞെടുക്കപ്പെട്ട ചിത്രം ഡിസംബർ 2 നായിരുന്നു തീയേറ്ററുകളിലെത്തിയത്. വെള്ളക്ക തലയിൽ വീണതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളെ രസകരമായി അവതരിപ്പിക്കുന്നതാണ് പ്രമേയം. ലുക്മാൻ ദേവീ വർമ്മ , ബിനു പപ്പു,തുടങ്ങിയവരാണ് പ്രധാന താരങ്ങൾ . ഉർവശി തീയറ്റേഴിസിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച ചിത്രത്തിന്റെ രചന തരുൺ മൂർത്തി തന്നെയാണ്

ചിത്രം വെള്ളിയാഴ്ച സോണി ലിവിൽ പ്രദർശനത്തിനെത്തും

തട്ടാശ്ശേരി കൂട്ടം (സീ ഫൈവ് )

നടൻ ദിലീപ് നിർമ്മിച്ച് സഹോദരൻ അനൂപ് പത്മനാഭൻ സംവിധാനം ചെയ്ത ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. അർജുൻ അശോകൻ , ഗണപതി, ഉണ്ണി രാജൻ പി ദേവ് , വിജയരാഘവൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. അമ്മാവൻ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ആഭരണമുണ്ടാക്കാൻ നിയോഗിക്കപ്പെടുന്ന സഞ്ജു എന്ന കഥാപാത്രം ചെന്നുപെടുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കാമിയോ റോളിൽ ദിലീപും എത്തുന്നുണ്ട്.

ചിത്രം സീ ഫൈവിൽ ജനുവരി 13 മുതൽ പ്രദർശിപ്പിച്ച് തുടങ്ങും .

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് - ഡിസ്നി ഹോട്ട്സ്റ്റാർ

അഭിനവ് സുന്ദർ നായകിന്റെ സംവിധാനത്തിൽ വിനീത് ശ്രീനിവാസൻ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായെത്തിയ സിനിമയാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് . ഡാർക്ക് കോമഡി വിഭാഗത്തിലുള്ള ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രമായി എത്തിയെത്തിയിരുന്നു.

ചിത്രം ഈ മാസം ഡിസ്നി ഹോട്ട്സ്റ്റാറിലെത്തുമെന്ന് സംവിധായകൻ അറിയിച്ചിട്ടുണ്ട്. സംവിധായകന്റെ പോസ്റ്റ് കണ്ട് ചിത്രം ജനുവരി ഒന്നിന് ഒടിടിയിലെത്തുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും തീയതി പ്രഖ്യാപിച്ചിട്ടില്ല.

ഷെഫീക്കിന്റെ സന്തോഷം - ആമസോൺ പ്രൈം

പ്രവാസിയായ യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദൻ നായകനായ ചിത്രത്തിലെ ബാലയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു . ബാല ആദ്യമായി മുഴുനീള ഹാസ്യവേഷം ചെയ്ത ചിത്രം കൂടിയാണിത്. അനൂപ് പന്തളമാണ് സംവിധാനം .ഉണ്ണിമുകുന്ദൻ തന്നെ നിർമ്മിച്ചിരിക്കുന്ന ചിത്രം ഈ മാസം ആമസോൺ പ്രൈമിലെത്തും . തീയതി പ്രഖ്യാപിച്ചിട്ടില്ല

ആനന്ദം പരമാനന്ദം മനോരമ മാക്സ്

ഫറഫുദ്ദീൻ നായകനായ ഷാഫി ചിത്രമാണ് ആനന്ദം പരമാനന്ദം. മദ്യപാനികളായ അമ്മാവന്റെയും അനന്തരവന്റെയും ജീവിതമാണ് കഥാപരിസരം. അമ്മാവനായി ഇന്ദ്രൻസും അനന്തരവനായി ഫറഫുദ്ദീനുമെത്തുന്നു . ചിത്രം മനോരമ മാക്സിൽ ഈ മാസം എത്തും . തീയതി പ്രഖ്യാപിച്ചിട്ടില്ല

കാപ്പ - നെറ്റ്ഫ്ലിക്സ്

പൃഥ്വിരാജ് - ഷാജി കൈലാസ് കൂട്ടുകെട്ടിലിറങ്ങിയ കാപ്പ തീയേറ്ററുകൾ ആഘോഷമാക്കിയ ചിത്രമാണ്. ഡിസംബർ 22 ന് തീയേറ്ററുകളിലെത്തിയ ചിത്രം ഇതുവരെ 25 കോടി കളക്ഷനുമായി നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. കാപ്പയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിനാണ്. ചിത്രം ഏപ്രിലിലോടെ നെറ്റ്ഫ്ലിക്സിലെത്തിയേക്കും

logo
The Fourth
www.thefourthnews.in