ഉർവശിയുടെ 700ാം ചിത്രം, 'അപ്പത്ത' ഒടിടി റിലീസിന്; ട്രെയിലർ പുറത്തിറങ്ങി

ഉർവശിയുടെ 700ാം ചിത്രം, 'അപ്പത്ത' ഒടിടി റിലീസിന്; ട്രെയിലർ പുറത്തിറങ്ങി

30 വർഷങ്ങള്‍ക്കു ശേഷം ഉർവശിയും പ്രിയദർശനും ഒന്നിക്കുന്ന ചിത്രം

മൂന്ന് പതിറ്റാണ്ടിന് ശേഷം പ്രിയദര്‍ശനും ഉര്‍വശിയും ഒന്നിക്കുന്ന ചിത്രം 'അപ്പത്ത' ഒടിടി റിലീസിന് ഒരുങ്ങുന്നു. സ്‌നേഹത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും ഭയങ്ങളെ മറികടക്കുന്നതിന്റെയും കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഉര്‍വശിയുടെ 700ാമത് ചിത്രമായ അപ്പത്തയുടെ ട്രെയിലര്‍ നമ്മളെ സിനിമയുടെ ഊഷ്മളവും വൈകാരികവുമായ ഉള്ളടക്കത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യില്ലെന്നും ജൂലൈ 29 മുതല്‍ ജിയോ സിനിമയില്‍ ലഭ്യമാകുമെന്നുമാണ് വിവരം. 1993 ല്‍ പുറത്തിറങ്ങിയ മിഥുനത്തിന് ശേഷം പ്രിയദര്‍ശനും ഊര്‍വശിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അപ്പത.

വൈഡ് ആംഗിള്‍ ക്രിയേഷന്‍ നിര്‍മിക്കുന്ന ചിത്രം ഈ വര്‍ഷം ആദ്യം ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഫിലിം ഫെസ്റ്റിവലില്‍ ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കായിലന്‍പെട്ടി എന്ന ഗ്രാമത്തില്‍ ജീവിതകാലം മുഴുവന്‍ ചെലവഴിച്ച അപ്പത്ത എന്ന കണ്ണമ്മയുടെ കഥയാണ് സിനിമ. കണ്ണമ്മയായിട്ടാണ് ഉര്‍വശി വേഷമിടുന്നത്. ഭര്‍ത്താവിനെ നഷ്ടപ്പെട്ട കണ്ണമ്മ ബിസ്സിനസിലൂടെ സ്വയം വളരുകയും തനിച്ച് മകനെ വളര്‍ത്തുകയും ചെയ്യുന്നു. ശക്തയും നിര്‍ഭയയുമായ അപ്പത്തയ്ക്ക് പേടി നായ്ക്കളെ മാത്രമാണ്.

അവധി ആഘോഷങ്ങള്‍ക്കായി താനും കുടുംബവും യാത്ര പോകുമ്പോള്‍ തന്റെ നായയായ സീയോസിനെ നോക്കാന്‍ വേണ്ടി മാത്രം മകന്‍ അമ്മയെ നഗരത്തിലേക്ക് കൊണ്ടുവരികയും അവിടെവച്ച് അവര്‍ വീണ്ടും ഒത്തുചേരുന്നതുമാണ് ചിത്രത്തില്‍.

എന്റെ 700ാം സിനിമയെന്ന നിലയില്‍ അപ്പത്ത വലിയൊരു അനുഭവമാണ്. എന്റെ ഹൃദയത്തില്‍ ഇടംപിടിച്ച ചിത്രം കൂടിയാണ് അത്

സിനിമയെക്കുറിച്ചും അതിന്റെ അനുഭവങ്ങളെക്കുറിച്ചും ഉര്‍വശി പങ്കുവച്ചിരുന്നു.''എന്റെ 700ാം സിനിമയെന്ന നിലയില്‍ അപ്പത്ത വലിയൊരു അനുഭവമാണ്. എന്റെ ഹൃദയത്തില്‍ ഇടംപിടിച്ച ചിത്രം കൂടിയാണ് അത്. കുടുംബന്ധങ്ങളുടെ ആവശ്യകത, വ്യക്തിപരമായ വളര്‍ച്ച,നമ്മുടെ ഭയങ്ങളെ അഭിമുഖീകരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ ചിത്രം മനോഹരമായി പകര്‍ത്തുന്നു. കൂടാതെ പ്രിയദര്‍ശനും ടീമിനുമൊപ്പം പ്രവര്‍ത്തിക്കുന്നതും തികച്ചും സന്തോഷം നല്‍കുന്ന കാര്യമാണ്'' ഉര്‍വശിയുടെ വാക്കുകള്‍. അപ്പത്ത പ്രേഷകര്‍ എങ്ങനെ ഏറ്റെടുക്കുമോ എന്നറിയാനുള്ള ആകാംഷയിലാണ് താനെന്നും ഉര്‍വശി വ്യക്തമാക്കി.

സംവിധായകന്‍ പ്രയദര്‍ശനും ചിത്രത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. ഹൃദയസ്പര്‍ശിയായ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ''കണ്ണമ്മ തന്റെ മകനുമായി ഒത്തുചേരുകയും നായകളോടുള്ള ഭയം മറികടക്കുകയും ചെയ്യുന്നത് പ്രമേയമാക്കുന്ന അപ്പത്ത മനുഷ്യ ബന്ധങ്ങളുടെയും വ്യക്തിത്വ വളര്‍ച്ചയുടെയും മാറ്റങ്ങളെ ചിത്രീകരിക്കുകയാണ്. അഭിനേതാക്കള്‍ തമ്മിലുള്ള കെമിസ്ട്രി ഈ ചിത്രത്തെ സവിശേഷമാക്കുന്നു. അപ്പത്ത അവരുടെ ഹൃദയങ്ങളില്‍ ഒരു മുദ്ര പതിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in