പണം വാരി വാരിസ്; 11 ദിവസത്തിനിടെ നേടിയത് 250 കോടി

പണം വാരി വാരിസ്; 11 ദിവസത്തിനിടെ നേടിയത് 250 കോടി

അജിത്തിന്റെ തുനിവിനെയും മറികടന്നാണ് വാരിസിന്റെ വിജയം

ബോക്സ് ഓഫീസ് ഹിറ്റായി നടന്‍ വിജയ്‌യുടെ പുതിയ ചിത്രം വാരിസ്. 11 ദിവസത്തിനിടെ 250 കോടി കളക്ഷന്‍ നേടിയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. വംശി പൈടിപ്പളളി സംവിധാനം ചെയ്ത ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വിജയ്ക്ക് പുറമെ രശ്മിക മന്ഥാന, ശരത് കുമാര്‍, ഷാം, ശ്രീകാന്ത്, ജയസുധ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നു.

ഒരു കുടുംബത്തിലെ ഇളയ മകന്‍ മൂത്ത ചേട്ടന്മാരുടെ എതിര്‍പ്പിനെ അവഗണിച്ച് കൊണ്ട് അച്ഛന്റെ ബിസിനസ് സാമ്രാജ്യം ഏറ്റെടുത്തുകൊണ്ടുപോകുന്ന നായകന്റെ ജീവിതമാണ് ചിത്രം പറയുന്നത്. വിജയ്‌യുടെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. തമിഴിലും ഡബ് ചെയ്തിറക്കിയിട്ടുണ്ട്. ഹിന്ദിയിലും ചിത്രം ഡബ് ചെയ്ത് പുറത്തിറക്കിയിരുന്നു. വാരിസിന്റെ റിലീസ് തീയതിയില്‍ തന്നെയാണ് അജിത്തിന്റെ തുനിവ് എന്ന ചിത്രവും റിലീസ് ചെയ്തത്. എന്നാല്‍ തുനിവിനെയും മറികടന്നാണ് വാരിസിന്റെ വിജയം.

ചിത്രത്തെ മോശമാക്കി വിമര്‍ശിച്ചവര്‍ക്ക് കടുത്ത ഭാഷയില്‍ മറുപടിയുമായി സംവിധായകന്‍ വംശി പൈടിപ്പളളിയും രംഗത്തുവന്നിരുന്നു. ചിത്രം സീരിയലുകളെ പോലെയാണെന്ന വിമര്‍ശനങ്ങള്‍ക്കാണ് അദ്ദേഹം മറുപടി പറഞ്ഞത്. സിനിമയെ വിമര്‍ശിക്കുന്നവര്‍ക്ക് സിനിമയ്ക്ക് പിന്നിലെ കഠിനാധ്വാനം അറിയുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സീരിയലുകളെ എന്തിനാണ് തരംതാഴ്ത്തുന്ന രീതിയില്‍ കാണുന്നത്. നിരവധി പേരെ ആനന്ദിപ്പിക്കുന്ന ഒരു മാധ്യമമാണ് സീരിയലുകളെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in