സോഷ്യല്‍ മീഡിയയില്‍ തരംഗമായി 'വട്ടേപ്പം'; റിലീസിനു മുന്നേ ശ്രദ്ധനേടി 'മന്ദാകിനി'

സോഷ്യല്‍ മീഡിയയില്‍ തരംഗമായി 'വട്ടേപ്പം'; റിലീസിനു മുന്നേ ശ്രദ്ധനേടി 'മന്ദാകിനി'

ഒരാഴ്ചയ്ക്കുള്ളില്‍ 1.1 മില്യണ്‍ വ്യൂസാണ് യൂട്യൂബില്‍ മാത്രം ഈ ഗാനത്തിന് ലഭിച്ചത്

അല്‍ത്താഫ്, അനാര്‍ക്കലി മരിക്കാര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന വിനോദ് ലീല സംവിധാനം ചെയ്യുന്ന 'മന്ദാകിനി'യിലെ ആദ്യ ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. തല്ലുമാല, കിങ് ഓഫ് കൊത്ത, ആവേശം ഉള്‍പ്പെടെയുള്ള സിനിമകളില്‍ പാട്ടുകള്‍ ചെയ്ത പാട്ടുകാരനും റാപ്പറുമായ ഡബ്സീ തയാറാക്കിയ 'വട്ടേപ്പം' എന്ന ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.

ഈ മാസം ഒമ്പതിനാണ് ഗാനം പുറത്തിറക്കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ 1.1 മില്യണ്‍ വ്യൂസാണ് യൂട്യൂബില്‍ മാത്രം ഈ ഗാനത്തിന് ലഭിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സായി ഗാനം ട്രെന്‍ഡിങ്ങായി മാറിക്കഴിഞ്ഞു. ഫഹദ് ഫാസില്‍ നായകനായ ആവേശം സിനിമയില്‍ ഡബ്‌സി പാടിയ 'ഇല്യൂമിനാണ്ടി' എന്ന ഹിറ്റ് പാട്ടിനു ശേഷമാണ് മന്ദാകിനിയിലെ 'വട്ടേപ്പ'വും സൂപ്പര്‍ ഹിറ്റായി മാറുന്നത്. ബിബിന്‍ അശോക് സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയിലെ പാട്ടുകളുടെ വരികള്‍ എഴുതിയത് വൈശാഖ് സുഗുണനാണ്.

സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധായകനായ വിനോദ് ലീലയുടേതാണ്. അനാര്‍ക്കലി മരിക്കാറിനും അല്‍ത്താഫ് സലീമിനും പുറമെ ഗണപതി എസ് പൊതുവാള്‍, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയര്‍, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകന്‍ ലാല്‍ജോസ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.

logo
The Fourth
www.thefourthnews.in