സാമന്തയ്ക്കായി 'ആരാധ്യ' പാടി ഹിഷാം; 'ഖുഷി' നാളെ തീയറ്ററുകളിലേക്ക്

സാമന്തയ്ക്കായി 'ആരാധ്യ' പാടി ഹിഷാം; 'ഖുഷി' നാളെ തീയറ്ററുകളിലേക്ക്

അമേരിക്കയില്‍നിന്ന് വീഡിയോകോൾ വഴി സാമന്ത പങ്കെടുത്ത ചോദ്യോത്തരവേദിയിലാണ് ഹിഷാം ഗാനം ആലപിച്ചത്

വിജയ് ദേവരകൊണ്ട, സാമന്ത ചിത്രം 'ഖുഷി'യുടെ ചോദ്യോത്തര വേളയില്‍ സാമന്തയ്ക്കായി ഗാനം ആലപിച്ചുകൊണ്ട് സംഗീതസംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ്. ഖുഷിയിലെ 'ആരാധ്യ' എന്ന ഗാനമാണ് ഹിഷാം ആലപിച്ചത്. ചിത്രത്തിലെ നായകന്‍ വിജയ്‌ ദേവരക്കൊണ്ടയുമായി നടത്തിയ ചോദ്യോത്തരവേദിയില്‍ അമേരിക്കയില്‍നിന്ന് വീഡിയോകോൾ വഴി സാമന്ത പങ്കെടുത്ത അവസരത്തിലാണ് ഹിഷാം ഈ ഗാനം ആലപിച്ചത്. ഖുഷിയിലെ പ്രിയ ഗാനം ഏതെന്ന് വിജയ്‌ സാമന്തയോട് ചോദിച്ചപ്പോള്‍ സാമന്ത 'ആരാധ്യ' എന്നു മറുപടി പറഞ്ഞതിനെത്തുടര്‍ന്നാണ് വിജയ്‌ ഹിഷാമിനെ വേദിയിലേക്ക് ക്ഷണിച്ചത്. ഗാനത്തിന്റെ രണ്ടുവരി പാടാന്‍ വിജയ്‌ ഹിഷാമിനോട് ആവശ്യപ്പെട്ടപ്പോള്‍ 'സാമന്തയ്ക്കായി ഞാന്‍ ഈ ഗാനം ആലപിക്കാം' എന്നു പറഞ്ഞാണ് ഹിഷാം ഗാനം ആലപിച്ചത്.

'മഹാനടി' എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഖുഷി'. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന 'ഖുഷി' നിര്‍മ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവര്‍ ചേര്‍ന്നാണ്. 'ഹൃദയ'ത്തിലെ ദർശനാ എന്ന ​ഗാനത്തിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് 'ഖുഷി'യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്.

ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍. പീറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിനായി സംഘട്ടനരം​ഗങ്ങൾ ഒരുക്കിയിരിക്കുന്നത്. മേക്കപ്പ് ബാഷയും, രാജേഷ്, ഹര്‍മന്‍ കൗര്‍, പല്ലവി സിംഗ് എന്നിവർ ചേർന്ന് വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. സെപ്റ്റംബര്‍ 1-ന് ചിത്രം തീയറ്ററുകളിലെത്തും.

logo
The Fourth
www.thefourthnews.in