ലിയോ പാൻ ഇന്ത്യൻ ചിത്രമാക്കേണ്ടെന്ന് വിജയ് പറഞ്ഞു; തീരുമാനം മാറ്റിയതിന്റെ കാരണം വെളിപ്പെടുത്തി നിർമാതാവ്

ലിയോ പാൻ ഇന്ത്യൻ ചിത്രമാക്കേണ്ടെന്ന് വിജയ് പറഞ്ഞു; തീരുമാനം മാറ്റിയതിന്റെ കാരണം വെളിപ്പെടുത്തി നിർമാതാവ്

ലിയോ, 100 ശതമാനം ലോകേഷ് കനകരാജ് ചിത്രമായിരിക്കും

പ്രഖ്യാപിച്ചത് മുതല്‍ ഏറ്റവും വലിയ ഹൈപ്പില്‍ തുടരുന്ന ചിത്രമാണ് ലിയോ. തലപതി വിജയ് യുടെ ആദ്യ പാൻ ഇന്ത്യൻ സിനിമ കൂടിയാണ് ഈ ലോകേഷ് കനകരാജ് ചിത്രം. എന്നാൽ ലിയോയും തമിഴ് ചിത്രമായി ഒരുക്കിയാൽ മതിയെന്നായിരുന്നു വിജയ് യുടെ ആദ്യ നിർദേശമെന്ന് തുറന്ന് പറയുകയാണ് നിർമാതാവ് ലളിത് കുമാർ. സാധാരണ വിജയ് ചിത്രങ്ങളുടെ പതിവ് ചേരുവകയിൽ ഒരു തമിഴ് ചിത്രമെന്ന രീതിയിൽ തന്നെ ലിയോയും ഒരുക്കാനാണ് വിജയ് ആഗ്രഹിച്ചത്. തമിഴിൽ ,തമിഴ് മക്കൾക്കായുള്ള ചിത്രം മതിയെന്നായിരുന്നു വിജയ് യുടെ അഭിപ്രായം.

എന്നാൽ പുതിയ കാലത്ത് പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സാധ്യതയും വാണിജ്യ വിജയവും നിർമാതാവും സംവിധായകനും ചേർന്ന് ബോധ്യപ്പെടുത്തിയതോടെയാണ് വിജയ് നിലപാട് മാറ്റിയത്. ഇതോടെ കഥയിലടക്കം പാൻ ഇന്ത്യൻ ചിത്രമെന്ന നിലയിൽ ലിയോയിൽ മാറ്റം വരുത്തി

അതിനാൽ തന്നെ ലിയോ 100 ശതമാനം ലോകേഷ് കനകരാജ് ചിത്രമായിരിക്കുമെന്ന്, ലോകേഷ് തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവരും ഒരുമിച്ച മാസ്റ്ററിൽ വിജയ് യുടെ നിർദേശങ്ങൾ പരിഗണിച്ച് ചില മാറ്റങ്ങളും വരുത്തിയിരുന്നു. അതിനാൽ മാസ്റ്റർ 50 ശതമാനം സംവിധായകൻ ലോകേഷിന്റെ ചിത്രവും 50 ശതമാനം വിജയ് യുടെ ചിത്രവും എന്ന നിലയിലാണ് ഒരുക്കിയതെന്നായിരുന്നു ലോകേഷിന്റെ വാക്കുകൾ. ലോകേഷിന്റെ ഈ വാക്കുകൾ തന്നെയാണ് ലിയോ വ്യത്യസ്തമായിരിക്കുമെന്ന ആരാധകരുടെ പ്രതീക്ഷയ്ക്കുള്ള കാരണവും

കൈതിക്കും വിക്രത്തിനും പിന്നാലെ ലിയോയും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നുള്ളതാകുമോ എന്ന ജിജ്ഞാസയും ചിത്രത്തിന്റെ ഹൈപ്പിന് കാരണമാകുന്നുണ്ട് . പ്രീറിലീസ് ബിസിനസിൽ തന്നെ കോടികളുടെ നേട്ടവുമായാണ് ലിയോ തീയേറ്ററുകളിലെത്തുക. തൃഷ , പ്രിയ ആനന്ദ്, സജ്ഞയ് ദത്ത് , അർജുൻ സർജ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ലിയോ ഒക്ടോബർ 19 ന് തീയേറ്ററുകളിലെത്തും

logo
The Fourth
www.thefourthnews.in