സിനിമയിൽ നിന്ന് 
വിജയ് ഇടവേളയെടുക്കുന്നു?
ലക്ഷ്യം 2026 നിയമസഭാ തിരഞ്ഞെടുപ്പെന്ന് അഭ്യൂഹം

സിനിമയിൽ നിന്ന് വിജയ് ഇടവേളയെടുക്കുന്നു? ലക്ഷ്യം 2026 നിയമസഭാ തിരഞ്ഞെടുപ്പെന്ന് അഭ്യൂഹം

വാർത്ത പ്രചരിച്ചതോടെ വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമോയെന്ന ചർച്ച സാമൂഹ്യമാധ്യമങ്ങളിൽ വ്യപകമായിരിക്കുകയാണ്

തെന്നിന്ത്യൻ സൂപ്പർതാരം വിജയ് അഭിനയരംഗത്ത് നിന്ന് തത്കാലം ഇടവേളയെടുക്കുന്നതായി അഭ്യൂഹം. രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് തമിഴ് സിനിമാ ആരാധകരുടെ പ്രിയതാരം മാറിനിൽക്കുന്നത് എന്നാണ് സൂചന. വെങ്കട് പ്രഭുവിന്റെ ദളപതി- 68ആകും അവസാന ചിത്രം. വാർത്ത പ്രചരിച്ചതോടെ വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമോയെന്ന ചർച്ച സാമൂഹ്യമാധ്യമങ്ങളിൽ വ്യപകമായിരിക്കുകയാണ്.

ജൂൺ 17ന് വിജയ് ആരാധകരുടെ കൂട്ടായ്മയായ 'ദളപതി വിജയ് മക്കൾ ഇയക്കം' സംഘടിപ്പിച്ച പരിപാടിയിൽ രാഷ്രീയത്തിലേക്ക് കടന്നേക്കുമെന്ന സൂചനകൾ താരം നൽകിയിരുന്നു. പണം വാങ്ങി വോട്ട് ചെയ്യരുതെന്നും വിദ്യാഭ്യാസത്തിന്റെ മൂല്യം എടുത്തുപറഞ്ഞുമൊക്കെയായിരുന്നു വിജയിന്റെ അന്നത്തെ പ്രസംഗം. ഉന്നത മാർക്ക് നേടിയ സ്കൂൾ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു ആദ്യമായി വിജയ് തന്റെ രാഷ്ട്രീയം പരസ്യപ്പെടുത്തിയത്. ഇതിന് പിന്നാലെ വിജയ് രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു.

2026ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾക്ക് വേണ്ടിയാണ് താരം നീണ്ട ഇടവേളയെടുക്കുന്നതെന്ന് പല ഓൺലൈൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.പാർട്ടി പ്രവർത്തനങ്ങളിൽ മൊത്തമായി ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'ലിയോ'യുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയ താരം മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാകും വെങ്കട് പ്രഭുവിന്റെ സെറ്റിൽ എത്തുക. ഒക്ടോബറിലാണ് ഷൂട്ടിങ് ആരംഭിക്കുക. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'ലിയോ' ഒക്ടോബർ 19ന് തീയറ്ററുകളിൽ എത്തും. അതേസമയം, സംവിധായകൻ അറ്റ്ലിയുമായി ചേർന്ന് 'ദളപതി 69' ചെയ്യാൻ ധാരണയായെന്നും വാർത്തകളുണ്ട്. എന്നാൽ കരാറിൽ ഒപ്പുവച്ചിട്ടില്ലെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യഗ്ലിറ്റ്സ് റിപ്പോർട്ട് ചെയ്തു.

logo
The Fourth
www.thefourthnews.in