കാത്തിരിപ്പിന് വിരാമം; വിക്രം ചിത്രം ധ്രുവനച്ചത്തിരത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് ഗൗതം വാസുദേവ് മേനോന്‍

കാത്തിരിപ്പിന് വിരാമം; വിക്രം ചിത്രം ധ്രുവനച്ചത്തിരത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് ഗൗതം വാസുദേവ് മേനോന്‍

വിനായകനാണ് വില്ലൻ വേഷത്തിലെത്തുന്നത്

പ്രേക്ഷകരുടെ ഏഴ് വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു വിക്രം ചിത്രം ധ്രുവനച്ചത്തിരത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകൻ ഗൗതം വാസുദേവ് മേനോന്‍. ചിത്രം നവംബർ 24 ന് തീയേറ്ററുകളിലെത്തും

ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം 2016 ൽ പൂർത്തിയായതാണ്. എന്നാൽ റിലീസ് അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു. ഇതിന്റെ പേരിൽ സംവിധായകനെതിരെ നിരവധി ട്രോളുകളും ഇറങ്ങിയിരുന്നു. ഋതു വര്‍മ്മ, സിമ്രന്‍, ആര്‍ പാര്‍ഥിപന്‍, ഐശ്വര്യ രാജേഷ്, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ജയിലറിന് പിന്നാലെ ധ്രുവനച്ചത്തിരത്തിലും വില്ലനായെത്തുന്നത് വിനായകനാണ്

'ജോണ്‍' എന്ന സീക്രട്ട് ഏജന്റായാണ് വിക്രം ചിത്രത്തിലെത്തുന്നത്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം. സ്‌പൈ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഹാരീസ് ജയരാജ് ആണ്.

2016ല്‍ ചിത്രീകരണം ആരംഭിച്ച ധ്രുവനച്ചത്തിരത്തിന്റെ ടീസര്‍ 2017 ല്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയി. കാരണം തിരക്കി ആരാധകര്‍ എത്തിയെങ്കിലും അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. തുടര്‍ന്ന് 2022ല്‍ ചിത്രം റിലീസാകുമെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സംവിധായകന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഡബ്ബിങ്ങും മറ്റും പൂര്‍ത്തിയായ ശേഷവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വീണ്ടും വൈകുകയായിരുന്നു. റിലീസ് തീയതി സംവിധായകൻ വീണ്ടും പ്രഖ്യാപിച്ച സാഹചര്യത്തിൽ നവംബർ 24 ന് തന്നെ ചിത്രമെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

logo
The Fourth
www.thefourthnews.in