തമിഴ്‌നാട്ടില്‍ റീ റിലീസ് തരംഗം; വിജയ് ചിത്രം 'വില്ലു' തീയേറ്ററുകളിലെത്തുക ഇളയ ദളപതിയുടെ അൻപതാം ജന്മദിനത്തോടനുബന്ധിച്ച്

തമിഴ്‌നാട്ടില്‍ റീ റിലീസ് തരംഗം; വിജയ് ചിത്രം 'വില്ലു' തീയേറ്ററുകളിലെത്തുക ഇളയ ദളപതിയുടെ അൻപതാം ജന്മദിനത്തോടനുബന്ധിച്ച്

തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്ത 'ഗില്ലി' 15 ദിവസത്തിനുള്ളിൽ 30 കോടിയിലധികം രൂപ നേടി ബോക്സ് ഓഫീസില്‍ വമ്പന്‍ റെക്കോഡ് സൃഷ്ടിച്ചിരുന്നു

വലിയ ചിത്രങ്ങളുടെ റിലീസ് ഇല്ലായ്മയും മലയാളം അടക്കം ചിത്രങ്ങള്‍ തീയേറ്ററുകള്‍ കീഴടക്കുകയും ചെയ്യുന്ന പുതിയ പ്രതിഭാസത്തെ മറികടക്കാന്‍ തമിഴ്‌സിനിമാ ലോകം. വര്‍ഷങ്ങള്‍ക്കു മുന്‍പു തിയേറ്ററുകളെ ഇളക്കിമറിച്ച പ്രിയതാരങ്ങളുടെ ചിത്രങ്ങളുടെ റീ റിലീസ് ഒരുക്കുന്ന തിരക്കിലാണ് നിര്‍മാതാക്കള്‍. വിജയ് ചിത്രം 'വില്ലു' ആണ് ഈ നിരയിൽ ഉടൻ തിയേറ്ററുകളിലെത്തുന്നത്.

തൃഷ നായികയായ വിജയ് ചിത്രം 'ഗില്ലി' അടുത്തിടെയാണ് തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്തത്. 15 ദിവസത്തിനകം 30 കോടിയിലധികം രൂപ നേടി ചിത്രം ബോക്സ് ഓഫീസില്‍ വമ്പന്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഈ ട്രെന്‍ഡ് മനസിലാക്കിയിട്ടാകണം നയന്‍താരയ്ക്കൊപ്പമുള്ള വിജയ് ചിത്രം 'വില്ലു' വീണ്ടും തീയേറ്ററുകളിലെത്തുന്നത്.

വിജയ്‌‌യുടെ അൻപതാം ജന്മദിനത്തോടനുബന്ധിച്ച് ചിത്രം വീണ്ടും തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. ''വിജയ് ആരാധകരേ, തയാറാകൂ... നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരു ആവേശകരമായ പ്രഖ്യാപനം ഇതാ. ജൂണ്‍ 21-ന്, നമ്മുടെ പ്രിയപ്പെട്ട ഇളയ ദളപതി വിജയ്‌ 50-ാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ ഇതിഹാസചിത്രമായ 'വില്ലു' ലോകമെമ്പാടും വീണ്ടും റിലീസ് ചെയ്യും,'' ചിത്രത്തിന്റെ വിതരണ ചുമതലുള്ള കരണ്‍ അയ്യങ്കാരന്‍ ട്വീറ്റ് ചെയ്തു.

തമിഴ്‌നാട്ടില്‍ റീ റിലീസ് തരംഗം; വിജയ് ചിത്രം 'വില്ലു' തീയേറ്ററുകളിലെത്തുക ഇളയ ദളപതിയുടെ അൻപതാം ജന്മദിനത്തോടനുബന്ധിച്ച്
'പുഷ്പ കരിയറില്‍ സ്വാധീനം ചെലുത്തിയിട്ടില്ല'; സംവിധായകനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് ഫഹദ്

അതേസമയം, ഈ പ്രഖ്യാപനം ചില വിജയ് ആരാധകര്‍ക്കിടയിലെങ്കിലും അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. വിജയ്‌യുടെ വിന്റേജ് ചിത്രങ്ങളായ 'ഖുശി', 'തുപ്പാക്കി', 'സച്ചിന്‍' എന്നിവ വീണ്ടും റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ നിര്‍മാതാക്കളോട് അഭ്യര്‍ഥിക്കുകയും 'വില്ലു' കാണാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു.

പ്രഭുദേവ സംവിധാനം ചെയ്ത 'വില്ലു' വിജയ്, നയന്‍താര, വടിവേലു, പ്രകാശ് രാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി-ആക്ഷന്‍ ഡ്രാമയാണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. റിലീസ് ചെയ്തപ്പോള്‍ സിനിമ പ്രേക്ഷകരില്‍നിന്ന് മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നില്ല വില്ലു. ബോബി ഡിയോള്‍ നായകനായ സോള്‍ജിയര്‍ എന്ന ഹിന്ദി സിനിമയുടെ ഔദ്യോഗിക റീമേക്കായിരുന്നു വില്ലു.

തമിഴ്‌നാട്ടില്‍ റീ റിലീസ് തരംഗം; വിജയ് ചിത്രം 'വില്ലു' തീയേറ്ററുകളിലെത്തുക ഇളയ ദളപതിയുടെ അൻപതാം ജന്മദിനത്തോടനുബന്ധിച്ച്
'ദാസേട്ടൻ പറഞ്ഞു, നമുക്ക് ആ പാട്ട് ഒന്നുകൂടി എടുക്കാം'

'ലിയോ'ആണ് അവസാനമായി പുറത്തിറങ്ങിയ വിജയ് ചിത്രം. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന തന്റെ അടുത്ത 'ഗോട്ട്' സിനിമയുടെ ചിത്രീകരണത്തിലാണ് വിജയ്. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ഡ്രാമയായ ചിത്രത്തില്‍ വിജയ്‌യെ കൂടാതെ മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ലൈല, സ്നേഹ, അജ്മല്‍, വിടിവി ഗണേഷ്, ജയറാം, പാര്‍വതി നായര്‍, യോഗി ബാബു, പ്രേംജി, വൈഭവ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ അഞ്ചിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

logo
The Fourth
www.thefourthnews.in