ഓസ്‌കര്‍ ശിൽപങ്ങളുടെ വില ഒരു ഡോളറോ?  ചലച്ചിത്ര ലോകത്തെ അഭിമാന പുരസ്കാരത്തിന്റെ ചരിത്രം എന്താണ്

ഓസ്‌കര്‍ ശിൽപങ്ങളുടെ വില ഒരു ഡോളറോ? ചലച്ചിത്ര ലോകത്തെ അഭിമാന പുരസ്കാരത്തിന്റെ ചരിത്രം എന്താണ്

ഒരു ഫിലിം റോൾളിന് മുകളിൽ ഒരു കയ്യിൽ വാളും മറുകയ്യിൽ കുരിശുമായി നിൽക്കുന്ന പുരുഷന്റെ രൂപമാണ് ശിൽപത്തിന്

വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ഓസ്കറില്‍ മുത്തമിട്ടതിന്റെ അഭിമാനത്തിലും ആവേശത്തിലുമാണ് ഇന്ത്യ. കാർത്തികി ഗോൺസാൽവസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ദ എലഫന്റ് വിസ്പറേഴ്സിന്, മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിലും മികച്ച ഒറിജിനൽ ഗാന വിഭാഗത്തില്‍ നാട്ടു നാട്ടുവും പുരസ്കാരം ഏറ്റുവാങ്ങി. ഓസ്കർ വാർത്തകൾ നിരന്തരം ശ്രദ്ധിക്കുന്നവരും കാണുന്നവരുമാണ് നമ്മൾ. എന്നാല്‍ ഓസ്കർ ശില്‍പത്തിന്റെ സവിശേഷതകളോ പ്രാധാന്യമോ പലർക്കും അറിയില്ല.

ഓസ്‌കര്‍ പ്രതിമ രൂപകല്പന ചെയ്തത് ആരാണ്?

1927 അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് സ്ഥാപിച്ചതിന് തൊട്ടുപിന്നാലെ, ലോസ് ഏഞ്ചല്‍സിലെ ബില്‍റ്റ്‌മോര്‍ ഹോട്ടലില്‍ ഒരു അത്താഴ വിരുന്നില്‍ വച്ച് സംഘടന അതിന്റെ ലക്ഷ്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. അവിടെ വച്ചാണ് ഇത്തരത്തില്‍ അവാര്‍ഡ് എന്ന ആശയം രൂപപ്പെടുന്നത്.

സെഡ്രിക് ഗിബ്ബണ്‍സ്
സെഡ്രിക് ഗിബ്ബണ്‍സ്

എംജിഎം സ്റ്റുഡിയോയിലെ ശിൽപിയായിരുന്ന സെട്രിക് ഗിബൺസാണ് ശിൽപം രൂപകൽപ്പന ചെയ്തത്. ഒരു ഫിലിം റോൾളിന് മുകളിൽ ഒരു കയ്യിൽ വാളും മറുകയ്യിൽ കുരിശുമായി നിൽക്കുന്ന പുരുഷന്റെ രൂപമാണ് ശിൽപത്തിന്. അക്കാദമി ഇത് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും, മെക്സിക്കൻ ചലച്ചിത്ര നിർമാതാവും നടനുമായ എമിലിയോ ഫെർണാണ്ടസിന്റെ ഏകദേശ രൂപമാണ് ഈ ശില്പത്തിനുള്ളത്. പിന്നീട് അമേരിക്കന്‍ ശില്പിയായ ജോര്‍ജ് മൈറ്റലാന്‍ഡ് സ്റ്റാന്‍ലി ആ സ്‌കെച്ചിന് ഒരു ത്രിമാന രൂപം നല്‍കി. അതില്‍ റീലിന്റെ അഞ്ച് സ്‌പോക്കുകള്‍ അഭിനേതാക്കള്‍, സംവിധായകര്‍, നിര്‍മാതാക്കള്‍, സാങ്കേതിക വിദഗ്ധര്‍, എഴുത്തുകാര്‍ തുടങ്ങിയ വിഭാഗങ്ങളെയാണ് സൂചിപ്പിക്കുന്നത്.

ഏതാണ്ട് മൂന്ന് കിലോ ഗ്രാമിലധികം ഭാരവും 34 സെൻറി മീറ്റർ ഉയരവുമുള്ളതാണ് ഓസ്കാർ അവാര്‍ഡ് ശിൽപം. ആദ്യത്തെ പ്രതിമകൾ സ്വർണ്ണം പൂശിയ ഖര വെങ്കലത്തിലാണ് നിർമിച്ചത്. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ ബ്രിട്ടാനിയ എന്ന ലോഹത്തിലേക്ക് മാറി. ബ്രിട്ടാനിയ ലോഹത്തിൽ നിർമിച്ച ശിൽപത്തിൽ ആദ്യം നിക്കലും പിന്നീട് സ്വർണവും പൂശുന്നതിനാൽ ഏറെ വിലമതിക്കുന്ന ശിൽപ്പമാണിത്. രണ്ടാം ലോക മഹായുദ്ധസമയത്ത് ലോഹ ദൗർലഭ്യം ഉണ്ടായപ്പോൾ, മൂന്ന് വർഷത്തേക്ക് ചായം പൂശിയ പ്ലാസ്റ്റർ ഉപയോഗിച്ചാണ് പ്രതിമകൾ നിർമിച്ചത്.

മാര്‍ഗരറ്റ് ഹെറിക്
മാര്‍ഗരറ്റ് ഹെറിക്

ഓസ്‌കര്‍ എന്ന പേരിന് പിന്നില്‍

അക്കാദമി അവാര്‍ഡ് ഓഫ് മെറിറ്റ് എന്ന് നാമകരണം ചെയ്യപ്പെട്ട പ്രതിമയാണ് പിന്നീട് ഓസ്‌കര്‍ എന്ന പേരില്‍ അറിയപ്പെട്ടത്. 1939-ൽ അക്കാദമി ഔദ്യോഗികമായി ഈ പേര് സ്വീകരിച്ചു. പേരിന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതല്‍ അറിയില്ലെങ്കിലും ട്രോഫി ആദ്യമായി കണ്ടപ്പോൾ, പിന്നീട് അതിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി മാറിയ അക്കാദമി ലൈബ്രേറിയൻ മാർഗരറ്റ് ഹെറിക്ക് അത് തന്റെ അമ്മാവൻ ഓസ്കാറിനോട് സാമ്യമുള്ളതായി അഭിപ്രായപ്പെട്ടു എന്നതാണ് പ്രചാരത്തിലുള്ളത്. 1934 ല്‍ ഹോളിവുഡ് കോളമിസ്റ്റ് സിഡ്‌നി സ്‌കോള്‍സ്‌കി, കാതറിന്‍ ഹെപ്ബ്രണ്‍സിന്റെ ആദ്യത്തെ മികച്ച നടിക്കുള്ള അവാര്‍ഡ് വിജയത്തെക്കുറിച്ച് ലേഖനം എഴുതുമ്പോള്‍ ആ വാക്ക് ഉപയോഗിച്ചിരുന്നു.

ഓസ്‌കര്‍ ശിൽപങ്ങളുടെ വില ഒരു ഡോളറോ?  ചലച്ചിത്ര ലോകത്തെ അഭിമാന പുരസ്കാരത്തിന്റെ ചരിത്രം എന്താണ്
കീരവാണിയും കാർപെന്റേഴ്‌സും; അത് മരപ്പണിക്കാരല്ല!

ഓസ്കർ പ്രതിമയുടെ നിർമാണം

1982-ല്‍ ഇല്ലിനോയിലെ ബറ്റാവിയയില്‍ സിഡബ്ല്യു ഷുംവേ ആന്‍ഡ് സണ്‍സ് ന്നെ ഫാക്ടറിയിലായിരുന്നു ആദ്യ കാലത്ത് ഇതിന്റെ നിര്‍മാണം. പിന്നീട് അത് ചിക്കാഗോയിലെ ആര്‍ എസ് ഓവന്‍സ് ആന്‍ഡ് കമ്പനിയെ ഏല്‍പ്പിച്ചു. 2016 മുതല്‍, ന്യൂയോര്‍ക്കിലെ റോക്ക് ടവേണിലുള്ള പോളിച്ച് ടാലിക്‌സ് ഫൈന്‍ ആര്‍ട്ട് ഫൗണ്ടറിയാണ് പ്രതിമകള്‍ നിര്‍മിക്കുന്നത്. 3ഡി പ്രിന്റര്‍ ഉപയോഗിച്ച് ഓസ്‌കറിന്റെ ഡിജിറ്റല്‍ രൂപം തയ്യാറാക്കുന്നത് മുതല്‍ അവസാനം പ്രതിമ നിര്‍മാണം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏകദേശം മൂന്ന് മാസം സമയമെടുക്കും.

24 വിഭാഗങ്ങളില്‍ മാത്രമേ പുരസ്‌കാരം നല്‍കുന്നുള്ളു എങ്കിലും ഏതെങ്കിലും ഒരു വിഭാഗത്തില്‍ ഒന്നിലധികം വിജയികളുണ്ടായാല്‍ നല്‍കാനായി ഓരോ വര്‍ഷവും 50 പ്രതിമകള്‍ നിര്‍മിക്കപ്പെടുന്നുണ്ട്. ഓരോ ട്രോഫിയും നിര്‍മിക്കാന്‍ 400 ഡോളറിലധികം ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം ജേതാക്കള്‍ക്ക് ഓസ്‌കര്‍ മറ്റൊരാള്‍ക്ക് കൈമാറാനുള്ള അവകാശമില്ല. അഥവാ ഇത് വില്‍പന നടത്തണമെങ്കില്‍ അത് ഒരു ഡോളറിന് അക്കാദമിയെ തന്നെ തിരിച്ചേല്‍പ്പിക്കണം.

മികച്ച നടനുള്ള ആദ്യ ഓസ്കർ അവാർഡ് നേടിയത് ഒരു നായയോ?

'റിന്‍ ടിന്‍ ടിന്‍: ദ ലൈഫ് ആന്‍ഡ് ദ ലെജന്‍ഡ്' എന്ന ഡോക്യുമെന്ററിയില്‍ റിന്‍ ടിന്‍ ടിന്‍ എന്ന ജര്‍മന്‍ ഷെപ്പേര്‍ഡ് ഒന്നാം ലോക മഹായുദ്ധത്തില്‍ ഒരു അമേരിക്കന്‍ പട്ടാളക്കാരനെ രക്ഷപെടുത്തിയ കഥയാണ് പറയുന്നത്. 1929 ലെ ഓസ്കർ അവാര്‍ഡുകളുടെ ഉദ്ഘാടനത്തില്‍ ഹോളിവുഡിലെ മികച്ച നടനുള്ള അവാര്‍ഡിന്റെ നോമിനേഷനില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് ആ നായയ്ക്കാണ്.

എന്നാല്‍ മികച്ച നടനുള്ള ആദ്യത്തെ അവാര്‍ഡ് തന്നെ ഒരു നായയ്ക്ക് നല്‍കാന്‍ കഴിയില്ലെന്ന വാദം ഉയര്‍ന്നതോടെ മനുഷ്യരെ മാത്രം ഉള്‍പ്പെടുത്തി വോട്ടിങ് നടത്തുകയായിരുന്നു. അതോടെ 1930 കളില്‍ നാസികളുടെ പ്രചാരണ സിനിമകളില്‍ അഭിനയിച്ച ജര്‍മ്മന്‍ നടനായ എമില്‍ ജാന്നിങ്സ് അവാര്‍ഡിന് അര്‍ഹനായി.

ഏറ്റവും കൂടുതല്‍ തവണ ഓസ്‌കര്‍ നേട്ടം കൈവരിച്ച വ്യക്തി വാള്‍ട് ഡിസ്‌നിയാണ്. തന്റെ കരിയറില്‍ 26 തവണയാണ് അദ്ദേഹം അവാര്‍ഡിന് അര്‍ഹനായത്. ഓസ്‌കര്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പുരസ്‌കാരം ലഭിച്ച വനിത മികച്ച വസ്ത്രാലങ്കാര വിഭാഗത്തില്‍ എട്ട് അക്കാദമി അവാര്‍ഡുകള്‍ നേടിയ അമേരിക്കന്‍ കോസ്റ്റ്യൂം ഡിസൈനര്‍ എഡിത്ത് ഹെഡ് ആണ്.

logo
The Fourth
www.thefourthnews.in