ഒടിടി പ്ലാൻ പൊളിച്ച് ഹോട്ട്സ്റ്റാർ ; മോഹൻലാലിന്റെ
എലോൺ തീയേറ്ററുകളിലേക്ക്

ഒടിടി പ്ലാൻ പൊളിച്ച് ഹോട്ട്സ്റ്റാർ ; മോഹൻലാലിന്റെ എലോൺ തീയേറ്ററുകളിലേക്ക്

എലോൺ ജനുവരി 26 ന് തീയേറ്ററുകളിലെത്തും

പന്ത്രണ്ട് വർഷത്തിന് ശേഷം ഷാജി കൈലാസും മോഹൻലാലും ഒരുമിക്കുന്ന എലോൺ ഒടിടിക്ക് വേണ്ടി മാത്രം ഒരുക്കിയ സിനിമയായിരുന്നു. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തീയേറ്റർ റിലീസിനെ കുറിച്ച് ആലോചിക്കാമെന്ന് പറഞ്ഞെങ്കിലും ഒടിടി പ്ലാറ്റ് ഫോം മുന്നിൽ കണ്ട് ഒരുക്കിയ ചിത്രമാണെന്നായിരുന്നു സംവിധായകൻ ഷാജി കൈലാസ് തന്നെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിനൊപ്പമാണ് ചിത്രം തീയേറ്റർ റിലീസാണെന്ന പ്രഖ്യാപനമുണ്ടായത്

ബ്രോ ഡാഡി മുതൽ മോഹൻലാലിന്റെ 10 സിനിമകളാണ് ഡിസ്നി + ഹോട്ട്സ്റ്റാറുമായി കരാറിലെത്തിയിട്ടുള്ളത്. അതിലൊന്നായിരുന്നു എലോൺ. എന്നാൽ ഒടിടിക്ക് വേണ്ടി മാത്രമെടുക്കുന്ന ചിത്രങ്ങളുടെ എണ്ണം വ്യാപകമായി കൂടിയതോടെ ഡിസ്നി + ഹോട്ട്സ്റ്റാർ നിലപാട് മാറ്റി. തീയേറ്റർ റിലീസിന് ശേഷം മാത്രം ഇനി ചിത്രങ്ങളെടുത്താൽ മതിയെന്നാണ് ഡിസ്നി + ഹോട്ട്സ്റ്റാർ അധികൃതരുടെ തീരുമാനം. ഇതോടെയാണ് എലോണിന്റെ തീയേറ്റർ റിലീസ് പ്രഖ്യാപിച്ചത്. കുറഞ്ഞ ചെലവിൽ ഒടിടിക്ക് മാത്രമായി നിർമ്മിക്കുമ്പോൾ നിലവാരമില്ലാത്ത മെയിക്കിങും പുതുമയില്ലാത്ത പ്രമേയങ്ങളുമുള്ള ചിത്രങ്ങളുടെ എണ്ണം കൂടുന്നുവെന്ന വിലയിരുത്തലിൽ കൂടിയാണ് ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ തീരുമാനമെന്നാണ് സൂചന

കോവിഡ് കാലത്ത് ഫ്ലാറ്റിൽ അകപ്പെട്ടു പോകുന്ന ഒരാളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മോഹൻലാലിനെ മാത്രമാണ് സിനിമയിൽ കാണാനാവുക. ശബ്ദ സാന്നിധ്യമായി മഞ്ജുവാര്യർ, പൃഥ്വിരാജ് , സിദ്ദീഖ് , മല്ലിക സുകുമാരൻ തുടങ്ങിയവരുമുണ്ട്.

പതിനേഴ് ദിവസം കൊണ്ട് ചിത്രീകരിച്ച ഒരു ഹൊറർ ത്രില്ലറായ എലോൺ, ഒടിടി ലക്ഷ്യം മാത്രമിട്ട് എടുത്ത സിനിമയായിരുന്നു. അതിനാൽ തന്നെ ചിത്രം തീയേറ്ററിൽ എങ്ങനെ സ്വീകരിക്കപ്പെടുമെന്നത് കാത്തിരിന്നു കാണേണ്ടിവരും.

logo
The Fourth
www.thefourthnews.in