ഭാർഗവീനിലയത്തിലെ 'പ്രേത'ത്തെ ആര് പുറത്തുവിടും?

ഭാർഗവീനിലയത്തിലെ 'പ്രേത'ത്തെ ആര് പുറത്തുവിടും?

ഭാർഗവീനിലയത്തിലെ പ്രേതം നിലമ്പൂരിലെത്തിയത് എങ്ങനെ? വിൻസന്റ് മാഷിന് ഓർമ്മപ്പിശക് സംഭവിച്ചിരിക്കുമോ?

മലയാളത്തിലെ ക്ലാസ്സിക് സിനിമയായ 'ഭാർഗവീനിലയ'ത്തിലെ പ്രേതഭവനം ചിത്രീകരിച്ചത് നിലമ്പൂരിലെ പുരാതനമായ ഡി എഫ് ഒ ബംഗ്ലാവിലാണെന്ന് ഈയിടെ ഒരു ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു കണ്ടപ്പോൾ അത്ഭുതം തോന്നി. അപ്പോൾ പിന്നെ വിൻസന്റ് മാഷിന് ഓർമ്മപ്പിശക് സംഭവിച്ചിരിക്കുമോ?

ചെന്നൈയിലെ വാഹിനി സ്റ്റുഡിയോയിൽ സെറ്റിട്ട് ചിത്രീകരിച്ചതാണ് സിനിമയിലെ പ്രേത ഭവന രംഗങ്ങൾ എന്ന് പറഞ്ഞത് സംവിധായകൻ അലോഷ്യസ് വിൻസന്റ് തന്നെ. വാതിൽപ്പുറക്കാഴ്ചകൾ പകർത്തിയത് തലശ്ശേരിയിലെ തലായി കടപ്പുറത്തും. പിന്നെങ്ങനെ നിലമ്പൂർ ബംഗ്ലാവ് ചിത്രത്തിൽ കടന്നുവന്നു?

എ വിന്‍സന്റിനൊപ്പം രവി മേനോന്‍
എ വിന്‍സന്റിനൊപ്പം രവി മേനോന്‍

സംശയം തീർത്തേ പറ്റൂ. ഭാർഗവീനിലയം (1964) ഷൂട്ട് ചെയ്ത ബംഗ്ളാവ് വനം വകുപ്പ് ചരിത്ര മ്യൂസിയമാക്കി മാറ്റാൻ പോകയാണെന്ന വിവരം കൂടി ടി വി റിപ്പോർട്ടിൽ ഉള്ളതുകൊണ്ട് പ്രത്യേകിച്ചും. ഇനിയുള്ള കാലം ഈ ബംഗ്ലാവ് ചരിത്രത്തിൽ ഇടം നേടുക ഭാർഗ്ഗവീനിലയത്തിന്റെ കൂടി പേരിലാകുമല്ലോ. പക്ഷേ സിനിമയുമായി ബന്ധപ്പെട്ട മിക്കവരും ഓർമ്മയായിരിക്കുന്നു - വൈക്കം മുഹമ്മദ് ബഷീർ, വിൻസന്റ്, നിർമ്മാതാവ് പരീക്കുട്ടി, പ്രേംനസീർ, വിജയനിർമ്മല

ആർ എസ് പ്രഭു
ആർ എസ് പ്രഭു

ഭാർഗ്ഗവീനിലയത്തിന്റെ വർക്ക് മുഴുവൻ നടന്നത് ചെന്നൈയിലും തലശ്ശേരിയിലുമായാണ്. നിലമ്പൂരിൽ പോകുന്ന കാര്യം ചിന്തിച്ചിട്ടേ ഇല്ല

ആർ എസ് പ്രഭു

ആദ്യം വിളിച്ചത് ആർ എസ് പ്രഭുവിനെയാണ്. ഭാർഗ്ഗവീനിലയത്തിന്റെ അണിയറ പ്രവർത്തകരിൽ ഇന്ന് ജീവിച്ചിരിപ്പുള്ള വിരലിൽ എണ്ണാവുന്നവരിൽ ഒരാൾ. പടത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച പ്രഭു സാറിന് ഇപ്പോൾ പ്രായം 93. പക്ഷേ ഓർമ്മകൾ കിറുകൃത്യം.

''ഭാർഗ്ഗവീനിലയത്തിന്റെ വർക്ക് മുഴുവൻ നടന്നത് ചെന്നൈയിലും തലശ്ശേരിയിലുമായാണ്. നിലമ്പൂരിൽ പോകുന്ന കാര്യം ചിന്തിച്ചിട്ടേ ഇല്ല. നിർമ്മാതാവ് പരീക്കുട്ടി സാഹിബ് ആയിരുന്നെങ്കിലും അദ്ദേഹം അപൂർവമായേ ലൊക്കേഷനിൽ വന്നിരുന്നുള്ളൂ. നിർമ്മാണ പ്രവർത്തനത്തിന്റെ ചുമതല മുഴുവൻ വഹിച്ചത് ഞാൻ തന്നെ. അതുകൊണ്ട് കൃത്യമായി പറയാൻ കഴിയും''

നിർമ്മാതാവ്, സംവിധായകൻ, പ്രൊഡക്ഷൻ മാനേജർ തുടങ്ങി സിനിമയിൽ വൈവിധ്യമാർന്ന റോളുകൾ കൈകാര്യം ചെയ്ത ആളാണ് പ്രഭു. മലയാള സിനിമയിലെ നാഴികക്കല്ലായിരുന്ന 'നീലക്കുയിൽ' ഉൾപ്പെടെ എണ്ണമറ്റ സിനിമകളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചയാൾ. അതുകൊണ്ടുതന്നെ പ്രഭു സാറിനെ അവിശ്വസിക്കേണ്ട കാര്യമില്ല.

ഏകാന്തതയുടെ അപാരതീരം എന്ന പാട്ടൊക്കെ ചിത്രീകരിച്ചത് തലായി കടപ്പുറത്താണ്

മധു

എങ്കിലും ഭാർഗ്ഗവീനിലയത്തിലെ നായകൻ നമുക്കൊപ്പമുണ്ടല്ലോ. അദ്ദേഹത്തോട് കൂടി ഒന്ന് ചോദിച്ചേക്കാം എന്ന് മനസ്സ് പറയുന്നു. ''ആ വീട് മുഴുവൻ ചെന്നൈയിൽ സെറ്റിട്ട് ഷൂട്ട് ചെയ്തതാണ്.''- മധു സാർ. ''വീട്ടു പരിസരത്തെ കുറച്ചു ഭാഗങ്ങൾ തലായിയിലും. ഏകാന്തതയുടെ അപാരതീരം എന്ന പാട്ടൊക്കെ ചിത്രീകരിച്ചത് തലായി കടപ്പുറത്താണ്. നിലമ്പൂരിൽ പോയിട്ടേയില്ല.''

സിനിമാജീവിതത്തിൽ ഇന്നുവരെ ആരോടും റോളിന് വേണ്ടി കെഞ്ചിയിട്ടില്ല. ഏഴു രാത്രികളിലെ വേഷം എന്നെ ഭ്രമിപ്പിച്ചിട്ടുമില്ല

മധു

ഒപ്പം ഒരു കാര്യം കൂടി പറഞ്ഞു മധു സാർ. ''ടി വിയിലും യൂട്യൂബിലും മറ്റും പലരും ആധികാരിക ചരിത്രമെന്ന പേരിൽ പറയുന്ന സംഗതികൾ പലതും ശുദ്ധ അസംബന്ധമാണ്. ജോൺപോളിന്റെ ഒരു പരിപാടിയിൽ കേട്ടതായി ആരോ പറഞ്ഞറിഞ്ഞു: ഏഴു രാത്രികൾ എന്ന പടത്തിലെ വികലാംഗ നായകനാകാൻ മധുവിന് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ സംവിധായകൻ കാര്യാട്ടിന് ജേസിയെ അഭിനയിപ്പിക്കാന്‍ ആയിരുന്നു താല്പര്യം. അങ്ങനെയാണ് മധുവിനെ തഴഞ്ഞ് ജേസിയെ നായകനാക്കിയത്‌...''

സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യമാണതെന്ന് മധു. ''സിനിമാജീവിതത്തിൽ ഇന്നുവരെ ആരോടും റോളിന് വേണ്ടി കെഞ്ചിയിട്ടില്ല. ഏഴു രാത്രികളിലെ വേഷം എന്നെ ഭ്രമിപ്പിച്ചിട്ടുമില്ല.'' ഇതൊക്കെ നിഷേധിക്കാൻ പോയാൽ അതിനേ സമയം കാണൂ എന്ന് മധു.

ചരിത്രം വളച്ചൊടിക്കുന്നത് ശരിയല്ല. തികച്ചും അധാർമ്മികമാണത്

ജയാനന്‍ വിന്‍സന്റ്

വിൻസന്റ് മാഷിന്റെ മകനും വിഖ്യാത ഛായാഗ്രാഹകനുമായ ജയാനൻ വിൻസന്റിന്റെ കാഴ്ച്ചപ്പാട് മറ്റൊന്നാണ്. ''ചരിത്രം വളച്ചൊടിക്കുന്നത് ശരിയല്ല. തികച്ചും അധാർമ്മികമാണത്. ഭാർഗ്ഗവീനിലയത്തിന്റെ ഇൻഡോർ ജോലികൾ ചെന്നൈയിൽ സെറ്റിട്ടും, വാതിൽപ്പുറ രംഗങ്ങൾ തലശ്ശേരിയിലുമാണ് ചിത്രീകരിച്ചത് എന്നാണ് എന്റെ അറിവ്. അതുകൊണ്ടുതന്നെ മറിച്ചൊരു കഥ പറയുന്ന വീഡിയോ അയച്ചുകിട്ടിയപ്പോൾ അത്ഭുതപ്പെട്ടുപോയി. ചരിത്രമാകുമ്പോൾ കൃത്യമായ ഗവേഷണം അത്യാവശ്യം. ഇല്ലെങ്കിൽ അത് സമൂഹത്തോട് ചെയ്യുന്ന അനീതിയാകും...'' ജയാനന്റെ വാക്കുകൾ.

ഭാർഗ്ഗവീനിലയത്തിന്റെ ലൊക്കേഷനെ കുറിച്ചുള്ള ടി വി റിപ്പോർട്ട് ആദ്യം ശ്രദ്ധയിൽ പെടുത്തിയത് സുഹൃത്തും നിലമ്പൂർക്കാരനുമായ കൃഷ്ണചന്ദ്രനാണ്. ''ജനിച്ചുവളർന്ന നാട്ടിൽ ഇതുപോലൊരു ക്ലാസ്സിക് സിനിമയുടെ ചിത്രീകരണം നടന്നിട്ടുണ്ടെങ്കിൽ അത് നമ്മളാരും അറിയാതെ പോകില്ലല്ലോ. കുടുംബത്തിലെ പഴയ തലമുറ പോലും പങ്കുവെച്ചു കേട്ടിട്ടില്ല ഇത്തരമൊരു വിവരം.''

രണ്ടു പ്രേതസിനിമകൾ തമ്മിൽ കൂടിക്കുഴഞ്ഞു പോയതായിരിക്കുമോ ചരിത്രാന്വേഷികൾക്ക്?

മറ്റൊന്നുകൂടി പറഞ്ഞു കൃഷ്ണചന്ദ്രൻ. ഭാർഗവീനിലയം അല്ലാതെ മറ്റു ചില ചിത്രങ്ങളുടെ ഷൂട്ടിംഗ് ഈ ബംഗ്ലാവിൽ നടന്നതായി അറിയാം. അവയിലൊന്ന് വേണു സംവിധാനം ചെയ്ത 'പ്രേതങ്ങളുടെ താഴ്വര'യാണ്. ആ സിനിമയിലെ പ്രേതഭവനം ഡി എഫ് ഒ ബംഗ്ലാവ് ആയിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. അപ്പോൾപ്പിന്നെ രണ്ടു പ്രേതസിനിമകൾ തമ്മിൽ കൂടിക്കുഴഞ്ഞു പോയതായിരിക്കുമോ ചരിത്രാന്വേഷികൾക്ക്?

അറിയില്ല. എന്തായാലും, ഇക്കാര്യത്തിൽ ഒരു വെളിവുണ്ടാകുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ചരിത്രവുമായാണല്ലോ നമ്മുടെ പകിടകളി.

-രവിമേനോൻ

logo
The Fourth
www.thefourthnews.in