കര്‍ണാടകസംഗീതത്തിലെ ജനകീയ ഇടപെടൽ ബ്രാഹ്‌മണ മേല്‍ക്കോയ്മക്കാരെ ചൊടിപ്പിക്കുമ്പോൾ; ആരാണ് ടി എം കൃഷ്ണ?

കര്‍ണാടകസംഗീതത്തിലെ ജനകീയ ഇടപെടൽ ബ്രാഹ്‌മണ മേല്‍ക്കോയ്മക്കാരെ ചൊടിപ്പിക്കുമ്പോൾ; ആരാണ് ടി എം കൃഷ്ണ?

ആരാണ് ടി എം കൃഷ്ണ, എന്താണ് ടി എം കൃഷ്ണയ്ക്ക് കലാനിധി പുരസ്‌കാരം ലഭിക്കാനുള്ള യോഗ്യത? എന്താണ് വിവാദത്തിന് കാരണം? ആരാണ് വിവാദത്തിന് പിന്നില്‍?

തമിഴകത്ത് മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരത്തെച്ചൊല്ലി വിവാദം കത്തിപ്പടരുകയാണ്. ടി എം കൃഷ്ണയ്ക്ക് പുരസ്‌കാരം നല്‍കിയതിനെതിരെ കര്‍ണാടക സംഗീതജ്ഞര്‍ ഒരു വശത്ത്. അവരെ പിന്തുണച്ച് ബിജെപി. കൃഷ്ണയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഡിഎംകെയും. പുരസ്‌കാരം നല്‍കിയത് മാനദണ്ഡം പാലിച്ചെന്ന് അക്കാദമിയുടെ വിശദീകരണം.

ആരാണ് ടി എം കൃഷ്ണ? എന്താണ് ടി എം കൃഷ്ണയ്ക്ക് കലാനിധി പുരസ്‌കാരം ലഭിക്കാനുള്ള യോഗ്യത? എന്താണ് വിവാദത്തിന് കാരണം? ആരാണ് വിവാദത്തിന് പിന്നില്‍?

ആരാണ് ടി എം കൃഷ്ണ?

സംഗീതപാരമ്പര്യമുള്ള കുടുംബത്തില്‍ 1976 ലാണ് തൊഡൂര്‍ മാഡബുസി കൃഷ്ണ എന്ന ടി എം കൃഷ്ണയുടെ ജനനം. കര്‍ണാടക സംഗീതത്തില്‍ ബിരുദമുള്ള അമ്മയില്‍നിന്ന് ചെറുപ്പം മുതല്‍ സംഗീതം അഭ്യസിച്ചു. ആധുനിക കര്‍ണാടക സംഗീതത്തിന്റെ പിതാമഹനായ ശെമ്മാംകുടി ശ്രീനിവാസ അയ്യരും ചെങ്കല്‍പ്പേട്ട് രംഗനാഥനുമടക്കം നിരവധി ഗുരുക്കന്‍മാര്‍ക്ക് കീഴില്‍ പടി പടിയായ പരീശിലനം നേടി അറിയപ്പെടുന്ന സംഗീതജ്ഞനായി. കര്‍ണാടക സംഗീതത്തെക്കുറിച്ച് 'എ സതേണ്‍ മ്യൂസിക്', 'ദ കര്‍ണാട്ടിക് സ്റ്റോറി' അടക്കം നിരവധി ബുക്കുകളുമെഴുതി. യോഗ്യതയില്‍ വിവാദമുയര്‍ത്തുന്നവര്‍ക്കുപോലും അതില്‍ സംശയമില്ല.

പിന്നെ എന്തിനാണ് വിവാദം?

ബ്രാഹ്‌മണ മേല്‍ക്കോയ്മയ്ക്കെതിരായ പോരാട്ടത്തില്‍ കര്‍ണാടക സംഗീതത്തെ ആയുധമാക്കുന്നുവെന്നതാണ് കൃഷ്ണയ്‌ക്കെതിരെ ഒരു വിഭാഗം സംഗീതജ്ഞർ തിരിയാനുള്ള പ്രധാന കാരണം. ലളിതമായി പറഞ്ഞാല്‍ കര്‍ണാടക സംഗീതത്തിന്റെ ജനകീയമുഖമാണ് ടി എം കൃഷ്ണ. മാത്രമല്ല ജാതീയതയ്ക്കും സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ പോരാടിയ പെരിയാറിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു, പെരുമാള്‍ മുരുകന്റെ ആശയങ്ങളെ പിന്തുണയ്ക്കുന്നു.

കലയെ സമൂഹനന്മയ്ക്കായി എങ്ങനെ ഉപയോഗിക്കാമെന്ന് നിരന്തരം ചോദിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതിന് കര്‍ണാടക സംഗീതത്തെ ഉപയോഗിക്കുന്നു. ഇത് അംഗീകരിക്കാനാകില്ല, ഇങ്ങനെയുള്ള ആള്‍ക്ക് പുരസ്‌കാരം നല്‍കിയതിനെതിരെ പ്രതിഷേധിച്ച് ആദ്യം രംഗത്തെത്തിയത് സംഗീതജ്ഞരായ രഞ്ജിനി-ഗായത്രി സഹോദരിമാര്‍. പിന്തുണയുമായി സമാനചിന്തയുള്ള നിരവധി പേരും.

കര്‍ണാടകസംഗീതത്തിലെ ജനകീയ ഇടപെടൽ ബ്രാഹ്‌മണ മേല്‍ക്കോയ്മക്കാരെ ചൊടിപ്പിക്കുമ്പോൾ; ആരാണ് ടി എം കൃഷ്ണ?
'സംഗീതത്തില്‍ സങ്കുചിത രാഷ്ട്രീയം കലര്‍ത്തരുത്'; ടി എം കൃഷ്ണയ്ക്ക് പിന്തുണയുമായി എം കെ സ്റ്റാലിന്‍

വിവാദത്തിന്റെ നാള്‍വഴി

കലാനിധി പുരസ്‌കാരം പ്രഖ്യാപിച്ചപ്പോഴല്ല യഥാര്‍ഥത്തില്‍ കൃഷ്ണയ്ക്കെതിരെ വിമര്‍ശകര്‍ തിരിഞ്ഞത്. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

കര്‍ണാടക സംഗീതമേഖലയിലെ ജാതിപ്രീണനം ചൂണ്ടിക്കാട്ടി 2015 ല്‍ ചെന്നൈ മ്യൂസിക് സീസണ്‍ കൃഷ്ണ ബഹിഷ്‌കരിച്ചത് വിമര്‍ശകസംഘത്തെ അന്നേ ചൊടിപ്പിച്ചിരുന്നു. പിന്നാലെ 2017 ല്‍ 'ചെന്നൈ പൊറമ്പോക്ക് പാടല്‍' എന്നൊരു മ്യൂസിക് വീഡിയോ കൃഷ്ണ ചെയ്തു. തമിഴില്‍ ശാപവാക്കായി ഉപയോഗിക്കുന്ന 'പുറമ്പോക്ക്' എന്ന വാക്കില്‍ തുടങ്ങുന്ന ഗാനം, ആനന്ദഭൈരവി, ബേഗഡ, ഹമീര്‍ കല്യാണി, ദേവഗാന്ധാരി, സാലഗ ഭൈരവി, സിന്ധു ഭൈരവി എന്നീ രാഗങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ച രാഗമാലികയായാണ് അവതരിപ്പിച്ചത്. വ്യവസ്ഥാപിതമായ കര്‍ണാട്ടിക് കച്ചേരി സംസ്‌കാരത്തെ കൃഷ്ണ പരസ്യമായി വെല്ലുവിളിക്കുകയാണെന്ന് പാരമ്പര്യവാദികള്‍ വാദിച്ചു.

ചുരുക്കിപ്പറഞ്ഞാല്‍ ബ്രാഹ്‌മണര്‍ അവകാശംപോലെ കൊണ്ടുനടക്കുന്ന കര്‍ണാട്ടിക് സംഗീതമേഖല, ആരുടെയെങ്കിലും തറവാട്ടുസ്വത്തല്ലെന്ന ആശയമാണ് കൃഷ്ണ മുന്നോട്ടുവയ്ക്കുന്നത്. കല ജനകീയമാകണം, ജനങ്ങള്‍ക്ക് ഉപകാരപ്രദമാകണം തുടങ്ങിയ അദ്ദേഹത്തിന്റെ ചിന്താധാരയെ അംഗീകരിക്കാനാത്ത പാരമ്പര്യവാദികളാണ് ഈ വിവാദത്തിന് പിന്നില്‍. അതിന് കുട പിടിക്കുന്ന ബിജെപിയുടെ ലക്ഷ്യമെന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.

logo
The Fourth
www.thefourthnews.in