കെ ജി ജോർജിന്റെ കടുത്ത നിരാശ, മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടം; സംഭവിക്കാതെ പോയ മോഹൻലാൽ ചിത്രമായി കാമമോഹിതം

കെ ജി ജോർജിന്റെ കടുത്ത നിരാശ, മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടം; സംഭവിക്കാതെ പോയ മോഹൻലാൽ ചിത്രമായി കാമമോഹിതം

ഒരുമിച്ചൊരു സിനിമയെന്ന കെ ജി ജോർജിന്റെയും മോഹൻലാലിന്റെയും ആഗ്രഹം നടക്കാതെ പോയി

മലയാളത്തിന്റെ മഹാചലച്ചിത്രകാരൻ കെ ജി ജോർജും മഹാനടൻ മോഹൻലാലും ഒരുമിച്ചൊരു സിനിമ സംഭവിച്ചില്ലെന്നത് അവരുടെ മാത്രം നഷ്ടമല്ല, മലയാള സിനിമയുടെ എക്കാലത്തേയും നഷ്ടമാണ്. ആ നഷ്ടം പക്ഷേ ബോധപൂർവമായി ഉണ്ടാക്കിയതല്ല, ഒരു ദുര്യോഗം പോലെ സംഭവിച്ചതാണ്.

മോഹൻലാലിനെ നായകനാക്കി, ഒരു സിനിമ കെ ജി ജോർജ് ആഗ്രഹിച്ചിരുന്നു, കാമമോഹിതം എന്ന സി വി ബാലകൃഷ്ണന്റെ നോവലിനെ അടിസ്ഥാനമാക്കി തിരക്കഥയും ഒരുക്കി. പക്ഷേ ആ സിനിമ നടന്നില്ല. ആ സിനിമ സംഭവിച്ചിരുന്നെങ്കിൽ തന്റെ ഏറ്റവും മികച്ച കലാസൃഷ്ടിയാകുമായിരുന്നു അതെന്ന് പലകുറി പറഞ്ഞ കെ ജി ജോർജിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ നിരാശയാണ് കാമമോഹിതം ...

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പീരിയോഡിക് സിനിമ എന്ന രീതിയിലാണ് അത് പ്ലാൻ ചെയ്തത്. ആ സിനിമയ്ക്ക് എന്തുസംഭവിച്ചു എന്ന് പറയുന്നു നോവലിസ്റ്റും തിരക്കഥാകൃത്തുമായ സി വി ബാലകൃഷ്ണൻ

സി വി ബാലകൃഷ്ണന്റെ വാക്കുകൾ

1994 ലാണ് കാമമോഹിതം മലയാള മനോരമ ആഴ്ചപതിപ്പിൽ വരുന്നത് (അന്ന് അത് നോവൽ ആയിട്ടില്ല). അന്ന് തന്നെ ജോർജേട്ടൻ (കെ ജി ജോർജ്) എന്നെ വിളിച്ചു. 'നമ്മൾ ഇത് സിനിമയാക്കുന്നു'വെന്ന് പറഞ്ഞു. എനിക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല... ജോർജ്ജേട്ടൻ തന്നെ തിരക്കഥയെഴുതി. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്ന രീതിയിലാണ് അത് ആലോചിച്ചത്. രണ്ടുപേരോടും കഥ പറഞ്ഞു. അവർക്കും സമ്മതമായിരുന്നു. പക്ഷേ സിനിമ ചെയ്യാമെന്നേറ്റ രണ്ട് നിർമാതാക്കൾ അവസാന നിമിഷം പിൻമാറി. അത് അവർക്ക് കഥ ഇഷ്ടപ്പെടാത്തത് കൊണ്ടായിരുന്നില്ല. അതിന് മുൻപ് അവർ ചെയ്ത രണ്ട് സിനിമകൾ വലിയ പരാജയമായതോടെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയായിരുന്നു കാരണം.

സിനിമ ചെയ്യാമെന്നേറ്റ രണ്ട് നിർമാതാക്കൾ അവസാന നിമിഷം പിൻമാറി. അത് അവർക്ക് കഥ ഇഷ്ടപ്പെടാത്തത് കൊണ്ടായിരുന്നില്ല

പിന്നെ ആ സിനിമയിലേക്ക് തിരിച്ച് വരാൻ പലകുറി ജോർജ്ജേട്ടൻ ശ്രമിച്ചെങ്കിലും നടന്നില്ല. കാമമോഹിതം എന്റെ Magnum opus (ഏറ്റവും മികച്ച കലാസൃഷ്ടി) സിനിമ ആകേണ്ട ഒന്നായിരുന്നുവെന്നാണ് ജോർജ്ജേട്ടൻ എല്ലായ്പ്പോഴും പറഞ്ഞിരുന്നത്. തന്റെ അവസാന സിനിമയാകണം കാമമോഹിതം എന്ന് ജോർജ്ജേട്ടൻ അതിയായി ആഗ്രഹിച്ചിരുന്നു. ആ സിനിമ സംഭവിക്കാത്തത് മാത്രമായിരിക്കും ഒരുപക്ഷേ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ നഷ്ടവും നിരാശയും. അദ്ദേഹത്തിന്റെ മാത്രമല്ല എന്റെയും ലാലിന്റെയും മലയാള സിനിമയുടേയും നഷ്ടം കൂടിയാണത്

മോഹൻലാലിനും മമ്മൂട്ടിക്കും നഷ്ടപ്പെട്ട കാമമോഹിതം

അതിന് ശേഷം വേറെ ഒരു പുതുമുഖ സംവിധായകൻ കാമമോഹിതം സിനിമയാക്കാൻ മോഹൻലാലിനെ സമീപിച്ചിരുന്നു. കഥ പോലും കേൾക്കാതെ മോഹൻലാൽ അദ്ദേഹത്തിന് ഡേറ്റും നൽകി. കാരണം കഥ നേരത്തെ തന്നെ ലാൽ വായിച്ചിട്ടുള്ളതാണ്. അദ്ദേഹത്തിന് അത്രയും വിശ്വാസമുണ്ട് ആ കഥയിൽ

ഇതുപോലെ തന്നെ മമ്മൂട്ടിയെ സമീപിച്ചപ്പോൾ അദ്ദേഹവും ഡേറ്റ് നൽകി, കഥ എനിക്ക് അറിയാം മറ്റ് കാര്യങ്ങൾ സംസാരിക്കാമെന്നാണ് മമ്മൂട്ടിയും പറഞ്ഞത്

തിരക്കഥ മോഷണം പോയിട്ടില്ല

കാമമോഹിതത്തിന്റെ തിരക്കഥ മോഷണം പോയത് കൊണ്ടാണ് ആ സിനിമ സംഭവിക്കാതിരുന്നത് എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണ്. അങ്ങനെ ഒരു സംഭവമില്ല.

കാമമോഹിതം

ആയിരക്കണക്കിന് വർഷം മുൻപുള്ള ഒരു ജീവിതവും അവിടെയുള്ള സവിശേഷമായ സംസ്കാരങ്ങൾ തമ്മിലുള്ള സംഘർഷങ്ങളുമൊക്കെയാണ് കാമമോഹിതത്തിന്റെ പ്രമേയം

മലയാള സിനിമയിൽ സംഭവിക്കാതെ പോയ അനേക സിനിമകളിലൊന്ന് മാത്രമായി കരുതാവുന്ന ഒന്നല്ല കാമമോഹിതം. കെ ജി ജോർജിന്റെ സംവിധാനത്തിൽ സംഭവിക്കാതെ പോയ മോഹൻലാൽ ചിത്രമാണ് അത് . മലയാള സിനിമയുടെ എക്കാലത്തേയും വലിയ നഷ്ടമാണ്.

logo
The Fourth
www.thefourthnews.in