നിർമ്മാണ രംഗത്ത് ചുവടുറപ്പിക്കാൻ ഹോംബാലെ; റിയലിസ്റ്റിക് സിനിമ തേടി സരിഗമ

നിർമ്മാണ രംഗത്ത് ചുവടുറപ്പിക്കാൻ ഹോംബാലെ; റിയലിസ്റ്റിക് സിനിമ തേടി സരിഗമ

മലയാള സിനിമ നിർമ്മാണ രംഗത്ത് പണമൊഴുക്കി മൾട്ടിനാഷണൽ കമ്പനികൾ

കോവിഡിന് ശേഷം മലയാള സിനിമയിലേക്ക് പണം ഒഴുക്കി മള്‍ട്ടിനാഷണല്‍ കമ്പനികള്‍. ആര്‍ പി ജി ഗ്രൂപ്പിന്‌റെ സരിഗമ , കെജിഎഫ്, കാന്താര എന്നീ ചിത്രങ്ങളുടെ നിര്‍മാതാക്കളായ ഹോംബാലെ എന്നീ കമ്പനികളാണ് മലയാള സിനിമയിലേക്ക് പണം ഒഴുക്കുന്നത് . കെജിഎഫ്, കാന്താര എന്നിവയുടെ വിജയത്തിന് പിന്നാലെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൾട്ടിലിഗ്വൽ സിനിമയായ ടൈസൻ, ഫഹദ് ഫാസിലും അപർണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ധൂമം എന്നിവയ്‌ക്കൊപ്പം കീർത്തി സുരേഷ് നായികയാകുന്ന രഘുതാത്ത എന്ന തമിഴ് ചിത്രവും പൃഥ്വിരാജ് , പ്രഭാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന സലാറുമാണ് ഹോംബാലെ പ്രഖ്യാപിച്ചിട്ടുള്ള സിനിമകൾ . ഷാരൂഖിനൊപ്പമുള്ള സിനിമയും ഹോംബാലെയുടെ പരിഗണനയിലുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

വിവിധ ഭാഷകളിലായി 3000 കോടി രൂപയുടെ നിക്ഷേപമാണ് സിനിമാ മേഖലയിൽ ഹോംബാലെ ലക്ഷ്യമിടുന്നത്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോംബാലെ, 2012 മുതൽ സിനിമാ രംഗത്ത് ഉണ്ടെങ്കിലും കെജിഎഫിന്റെ ആഗോള വിജയമാണ് ഹോംബാലെയുടെ വളർച്ചയിൽ നിർണായകമായത്. തുടർന്ന് വന്ന കാന്താരയും വൻ വിജയമായതോടെയാണ് ഹോംബാലെ മറ്റ് ഭാഷകളിലേക്കും തിരിഞ്ഞത്

ആർ ആർ ആറിന്റെ വിജയത്തിന് ശേഷം പടവെട്ടിലൂടെ മലയാള സിനിമയിലേക്ക് എത്തിയ സരിഗമ തന്നെയാണ് കാപ്പയും നിർമ്മിച്ചത്. കമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും ആസിഫ് അലി നായകനാകുന്ന കാസർഗോൾഡ് തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് സരിഗമയുടെ ബാനറിൽ പുറത്തിറങ്ങാനിരിക്കുന്നത്

പ്രമുഖ മ്യൂസിക് ബ്രാൻഡായ സരിഗമ, 2015 ൽ ഒരു പാൻ ഇന്ത്യൻ റിസർച്ച് നടത്തിയിരുന്നു . പാട്ടുകളിലെ ഇഷ്ടം കണ്ടെത്താനായിരുന്നു റിസർച്ചെങ്കിലും , 18 നും 35 നും ഇടയിൽ പ്രായമുള്ളവർ റിയലിസ്റ്റിക് സിനിമ കാണാൻ ആഗ്രഹിക്കുന്നവരാണെന്ന് കൂടി ആ റിസർച്ചിൽ സരിഗമ കണ്ടെത്തി. ഈ കണ്ടെത്തലാണ് നിർമ്മാണ രംഗത്തേക്കുള്ള ചുവടുവയ്പ്പിന് കാരണമെന്ന് സരിഗമ എം ഡി വിക്രം മെഹ്റ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. റിയലിസ്റ്റിക് സിനിമകളുടെ ഈ വാണിജ്യ സാധ്യത മനസിലാക്കി നിർമ്മാണ രംഗത്തേക്ക് വന്നതുകൊണ്ടാകാം മലയാളത്തിൽ തന്നെയാണ് സരിഗമയുടെ കൂടുതൽ സിനിമകളും

കോവിഡ് സമയത്തെ, ഒടിടി ബൂം മലയാള സിനിമയുടെ നിലവാരം ഉയർത്തിയതാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത് . മലയാള സിനിമകൾ രാജ്യാന്തര തലത്തിൽ സ്വീകരിക്കപ്പെടുന്നതിനാൽ തന്നെ ബിനിനസ് നഷ്ടമാകില്ലെന്ന് ഉറപ്പുള്ളതിനാലാണ് മൾട്ടിനാഷണൽ കമ്പനികൾ മലയാള സിനിമയിൽ പണം മുടക്കുന്നതെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി എം രഞ്ജിത്ത് ചൂണ്ടിക്കാട്ടി.

മുൻപ് പിരമിഡ് , റിലയൻസ് , തുടങ്ങിയ മൾട്ടി നാഷണൽ കമ്പനികൾ സിനിമാ രംഗത്തേക്ക് കടന്ന് വന്നെങ്കിലും മോശം സിനിമകൾ നിർമ്മിച്ച് സാമ്പത്തിക തകർച്ച നേരിട്ടതോടെ കളം വിട്ടു . എന്നാൽ ഹോംബാലെയും സരിഗമയും പ്രാദേശിക പ്രൊഡക്ഷൻ കമ്പനികളുമായി ചേർന്നാണ് ചിത്രങ്ങൾ നിർമ്മിക്കുന്നത് . ബിസിനസിന് അപ്പുറം കഥകളും തിരക്കഥകളും തിരഞ്ഞെടുക്കുന്നതിനും കാസ്റ്റിംഗിൽ അടക്കം മേൽനോട്ടം വഹിക്കുന്നതിലുമടക്കം പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതാണ് പുതിയ രീതി.

logo
The Fourth
www.thefourthnews.in