എന്തിനും പോന്ന നായകന്മാരെ ചോദ്യം ചെയ്ത ആണുടല്‍; ഓർമ്മകളിൽ വേണു നാ​ഗവള്ളി

എന്തിനും പോന്ന നായകന്മാരെ ചോദ്യം ചെയ്ത ആണുടല്‍; ഓർമ്മകളിൽ വേണു നാ​ഗവള്ളി

പരമ്പരാഗത പുരുഷ ലക്ഷണങ്ങളൊന്നുമില്ലാതെ ദുഃഖം നിറഞ്ഞ കണ്ണുകളും നിരാശ കലർന്ന ശബ്ദവും നീണ്ട മുടിയും ഇരുണ്ട് മെലിഞ്ഞ ശരീരവുമൊക്കെയായി സിനിമാ പടി കയറിയ വേണു നാഗവള്ളി

മലയാളത്തിന്റെ വിഷാദ നായകനെന്ന് വിളിപ്പേരുളള നടൻ. അഭിനേതാവ് എന്നതിലുപരിയായി സംവിധായകനായും തിരക്കഥകൃത്തായും ​ഗായകനുമായൊക്കെ ശ്രദ്ധ നേടിയ ബഹുമുഖ പ്രതിഭ. വേണു നാ​ഗവള്ളി ഓർമ്മയായിട്ട് പതിമൂന്ന് വർഷം. ഒരു കാലഘട്ടത്തിലെ മലയാള സിനിമയുടെ യുവത്വത്തിന്റെ പ്രതീകം. പരമ്പരാഗത പുരുഷ ലക്ഷണങ്ങളൊന്നുമില്ലാതെ വിഷമം നിറഞ്ഞ കണ്ണുകളും സദാ കുനിഞ്ഞ മുഖവും താഴ്ന്ന നിരാശ കൽന്ന ശബ്ദവും ഇരുണ്ട് മെലിഞ്ഞ ശരീരവും നീണ്ട മുടിയുമൊക്കെയായിട്ടാണ് വേണു നാഗവള്ളിയെ സിനിമകളിൽ പ്രേക്ഷകർ കണ്ടത്.

സ്‌നേഹവും സഹതാപവും അനുകമ്പയും കാരുണ്യവും കരുതലുമൊക്കെ നിറഞ്ഞുനിൽക്കുന്ന നിസ്സഹായനായൊരു ആണുടൽ. മലയാളസിനിമ അതുവരെക്കണ്ട എന്തിനും പോന്ന നായകന്മാരെ ചോദ്യം ചെയ്ത വേണുവിന്റെ ആണുടല്‍. ഈ കാരണം കൊണ്ടൊക്കെത്തന്നെ സിനിമാപ്രേമികളുടെ കൂട്ടുകാരനും കാമുകനും ഭര്‍ത്താവുമായിരുന്നു വേണു നാഗവള്ളി എന്ന നടൻ. പ്രശസ്ത നാടകകൃത്തും സംവിധായകനും ആകാശവാണി ഉദ്യോഗസ്ഥനുമായിരുന്ന നാഗവള്ളി ആർ എസ് കുറുപ്പിന്റെയും രാജമ്മയുടെയും മകനായി തിരുവനന്തപുരത്തായിരുന്നു വേണു നാ​ഗവള്ളിയുടെ ജനനം. അച്ഛന് പിന്നാലെ ആകാശവാണിയില്‍ അനൗണ്‍സറായിത്തന്നെയായിരുന്നു വേണുവും തന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത്.

ആകാശവാണിയിൽ ജോലി ചെയ്യുന്ന സമയത്തായിരുന്നു സിനിമയിലേക്കുളള കടന്നുവരവ്. 1976ൽ 'ചോറ്റാനിക്കര അമ്മ' എന്ന ചിത്രത്തിനു വേണ്ടി ഒരു പാട്ടു പാടിക്കൊണ്ടാണ് തുടക്കം. ആ പാട്ട് പക്ഷെ ശ്രദ്ധിക്കപ്പെട്ടില്ല. 1979ൽ കെ ജി ജോർജിന്റെ 'ഉൾക്കടൽ' എന്ന ചിത്രത്തിലെ വിഷാദകാമുക വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. അവിടെ നിന്നങ്ങോട്ട് നിരവധി വിഷാദകാമുക റോളുകൾ അദ്ദേഹത്തെ തേടിവന്നു. 'ചില്ല്', 'ശാലിനി എന്റെ കൂട്ടുകാരി' ഒക്കെ അവയിൽ ചിലത് മാത്രമാണ്. അന്ന് മുതൽ മലയാള സിനിമയിലെ വിഷാദനായകനെന്ന നിലയിൽ വേണു നാ​ഗവള്ളി എന്ന നടൻ ശ്രദ്ധ നേടാൻ തുടങ്ങി.1978ൽ പുറത്തിറങ്ങിയ 'ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അദ്ദേഹം ആദ്യമായി തിരക്കഥ എഴുതിയത്. പിന്നീട് 1986ൽ ആത്മകഥാംശമുള്ള 'സുഖമോ ദേവി' എന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചു. അവിടെയും തീർന്നില്ല, ആദ്യമായി സംവിധായകനായി എത്തിയതും ഈ ചിത്രത്തിലൂടെയായിരുന്നു. മരിച്ചുപോയ പ്രിയസുഹൃത്തിന്റെ സ്മരണയ്ക്കു മുൻപിൽ സമർപ്പിച്ച 'സുഖമോ ദേവി'യുടെ രണ്ടാം ഭാഗം ചെയ്യണമെന്നത് അദ്ദേഹത്തിന്റെ പൂർത്തിയാകാത്ത ആഗ്രഹമായിരുന്നു. 'ലാൽസലാം', 'ഏയ്‌ ഓട്ടോ', 'കളിപ്പാട്ടം' തുടങ്ങിയവയൊക്കെ സംവിധായകനെന്ന നിലയിൽ വേണു നാ​ഗവള്ളിയെ അടയാളപ്പെടുത്തിയ സിനിമകളാണ്. അദ്ദേഹത്തിന്റെ സംവിധാനമികവിന്റെ ഉദാഹരങ്ങളാണ്.

1990 കളുടെ അവസാനത്തോടെ സിനിമാരംഗത്ത് നിന്ന് ഏതാണ്ട് പൂർണമായും പിൻ‍വാങ്ങിയ വേണു നാഗവള്ളി അവസാനമായി സംവിധാനം ചെയ്തത് 2009 ൽ 'ഭാര്യ സ്വന്തം സുഹൃത്ത്‌' എന്ന ചിത്രമായിരുന്നു. വെള്ളിത്തിരയിലെ ദേവദാസ് ആയിരുന്ന വേണുനാഗവള്ളിയുടെ മറ്റൊരു മുഖം മലയാളി കണ്ടത് 'കിലുക്കം' എന്ന സർവ്വകാല ഹിറ്റ് കോമഡിയുടെ തിരക്കഥാകൃത്തിന്റെ രൂപത്തിലായിരുന്നു

നല്ല ശബ്ദത്തിനും ഉടമയായിരുന്ന ഇദ്ദേഹം ഏതാനും ചിത്രങ്ങൾക്കു വേണ്ടി പാട്ടുകളും പാടി. പക്ഷെ എപ്പോഴും ഒരു സൗണ്ട് ആർട്ടിസ്റ്റ് എന്ന നിലയിലായിരുന്നു കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അഭിനയം, എഴുത്ത്, സംവിധാനം, ആലാപനം എന്നീ മേഖലകൾ പോലെതന്നെ മികവ് തെളിയിച്ച ഇടമായി സിനിമയിലെ ഡബ്ബിംഗും. 'സ്വാതിതിരുനാൾ' എന്ന ചിത്രത്തിലെ അനന്ത് നാഗിന്റേതടക്കം അദ്ദേഹം ശബ്ദം നൽകിയ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടവയാണ്. അവസാന കാലങ്ങളിൽ ദീർഘകാലം നീണ്ട കരൾസംബന്ധിയായ രോഗത്തിന് ചികിത്സയിലായിരുന്നു വേണു നാഗവള്ളി. 2010 സെപ്റ്റംബർ ഒൻപതിനു തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ മരണം.

logo
The Fourth
www.thefourthnews.in