എഴുതിത്തുടങ്ങിയ കാലം മുതൽ കേട്ട ചോദ്യത്തിനുളള ഉത്തരമാണ് 'ബി 32 മുതൽ 44' വരെ; കെ ആർ മീര

എഴുതിത്തുടങ്ങിയ കാലം മുതൽ കേട്ട ചോദ്യത്തിനുളള ഉത്തരമാണ് 'ബി 32 മുതൽ 44' വരെ; കെ ആർ മീര

കൊച്ചിയിൽ നടന്ന പ്രദർശനത്തിന് ശേഷം അണിയറപ്രവർത്തകരുമായി നടന്ന സംഭാക്ഷണത്തിലായിരുന്നു മീരയുടെ പ്രതികരണം.

എഴുത്ത് തുടങ്ങിയ കാലം മുതൽ കേൾക്കേണ്ടി വന്ന ചോദ്യത്തിനുളള മറുപടിയാണ് ശ്രുതി ശരണ്യത്തിന്റെ 'ബി 32 മുതൽ 44 വരെ' എന്ന് എഴുത്തുകാരി കെ ആർ മീര. സംവിധായിക ആവണമെന്ന മോഹം സാധ്യമായില്ലെങ്കിലും ഇന്ന് സ്ത്രീ സിനിമകൾ കയ്യടി വാങ്ങുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും മീര പറഞ്ഞു. കൊച്ചിയിൽ നടന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് ശേഷം അണിയറപ്രവർത്തകരുമായി നടന്ന സംഭാക്ഷണത്തിലായിരുന്നു മീരയുടെ പ്രതികരണം.

ദേവാസുരവും തൂവാനത്തുമ്പികളുടെയും കാലത്ത് പെണ്ണിന്റെ കഥ പെണ്ണ് പറയണമെന്ന തോന്നലിൽ ഒരു സംവിധായിക ആവണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. പക്ഷെ നിർഭാഗ്യവശാൽ കഴിഞ്ഞില്ല.
കെ ആർ മീര

'ദേവാസുരവും തൂവാനത്തുമ്പികളുമൊക്കെ എടുത്തിരുന്ന പുരുഷ സംവിധായകരുടെ കാലത്ത് പെണ്ണിന്റെ കഥ പെണ്ണ് പറയണമെന്ന തോന്നലിൽ ഒരു സംവിധായിക ആവണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. പക്ഷെ നിർഭാഗ്യവശാൽ കഴിഞ്ഞില്ല. ഇന്ന് ശ്രുതിയുടെ സിനിമ കാണുമ്പോൾ അഭിമാനം തോന്നുന്നു. എഴുതിത്തുടങ്ങിയ കാലം മുതൽ, നിങ്ങൾക്ക് എപ്പോളും നിങ്ങളുടെ ഉടലിനെ കുറിച്ച് മാത്രമാണോ പറയാനുള്ളു എന്ന ചോദ്യം കേൾക്കേണ്ടി വന്നിട്ടുണ്ട്. അതിന് കാരണം ഒന്നേ ഉള്ളൂ. സ്ത്രീയെ ലോകം അറിയുന്നത് അവളുടെ ഉടലിലൂടെയാണ്.' കെ ആർ മീര പറയുന്നു.

ഉടലിലേക്ക് ചുരുക്കപ്പെടാതെ ഉയിരിലേക്ക് വളരാനുള്ള അവസരം സ്ത്രീകൾ അർഹിക്കുന്നുണ്ട്. അത് മനസിലാക്കിത്തരുന്ന സിനിമയാണ് ശ്രുതി ശരണ്യത്തിന്റെ 'ബി'. സ്ത്രീകളുടെ വിജയം ആഘോഷിക്കാൻ മാത്രം നമ്മുടെ സമൂഹം ഇന്നും വളർന്നിട്ടില്ല എന്ന് മനസിലാക്കിയിട്ടുള്ളതുകൊണ്ട് സിനിമയുടെ സാമ്പത്തിക വിജയത്തിൽ പ്രതീക്ഷ വെയ്ക്കുന്നില്ലെന്നും കെ ആർ മീര വ്യക്തമാക്കി.

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന അഞ്ചു സ്ത്രീകളുടെയും ഒരു ട്രാൻസ് മാന്റെയും കഥയാണ് ചിത്രം പറയുന്നത്. ഓരോ കഥാപാത്രങ്ങളും കൈകാര്യം ചെയ്യുന്ന വികാരങ്ങളെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രകടനങ്ങൾ കൊണ്ടും പശ്ചാത്തല സം​ഗീതം കൊണ്ടും പ്രശംസ അർഹിക്കുന്ന ചിത്രം തന്നെയാണ് 'ബി 32 മുതൽ 44' വരെ എന്നും സിനിമ കണ്ടിറങ്ങിയവർ പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in