നേര് മുതൽ അക്വാമാൻ വരെ; ക്രിസ്മസ് ആഘോഷിക്കാൻ 5 ചിത്രങ്ങൾ

നേര് മുതൽ അക്വാമാൻ വരെ; ക്രിസ്മസ് ആഘോഷിക്കാൻ 5 ചിത്രങ്ങൾ

ക്രിസ്മസിന് റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍

ക്രിസ്മസ് അവധി ദിവസങ്ങൾ ആരംഭിക്കുകയാണ്. സിനിമ പ്രേമികളെ സംബന്ധിച്ചിടത്തോളം ആഘോഷമാക്കാൻ നിരവധി ചിത്രങ്ങളാണ് തീയേറ്ററുകളിൽ എത്തുന്നത്. മോഹൻലാൽ ചിത്രം നേര് മുതൽ ബോളിവുഡ് ചിത്രം അക്വമാൻ ആൻഡ് ദി ലോസ്റ്റ് കിങ്ഡം വരെ നിരവധി ചിത്രങ്ങൾ ക്രിസ്മസിന് റിലീസ് ചെയ്യുന്നുണ്ട്. ഈ അവധിക്കാലത്ത് തിയേറ്ററുകളിൽ എത്തുന്ന അഞ്ച് ചിത്രങ്ങളും അവയുടെ പ്രതീക്ഷകളും എന്തൊക്കെയാണെന്ന് നോക്കാം.

നേര് മുതൽ അക്വാമാൻ വരെ; ക്രിസ്മസ് ആഘോഷിക്കാൻ 5 ചിത്രങ്ങൾ
പ്രേക്ഷകർ വിലയിരുത്തട്ടെ, മനഃപ്പൂർവമായ ആക്രമണം ആദ്യമായിട്ടല്ല; 'നേര്' മോഷണ വിവാദത്തിൽ ജീത്തു ജോസഫ്

1 നേര് - ഡിസംബർ 21

ദൃശ്യത്തിന്റെ 10-ാം വർഷത്തിൽ ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന നേര് ഏറെ പ്രതീക്ഷകളോടെയാണ് തീയേറ്ററിൽ എത്തുന്നത്. ഒരിടവേളക്ക് ശേഷം മോഹൻലാൽ അഭിഭാഷകനായി എത്തുന്ന ചിത്രത്തിൽ പ്രിയാമണി, അനശ്വര രാജൻ, സിദ്ദീഖ്, ജഗദീഷ്, നന്ദു, ഗണേഷ് കുമാർ, ദിനേഷ് പ്രഭാകർ, ശ്രീധന്യ, രശ്മി അനിൽ, ഷെഫ് പിള്ള, പ്രശാന്ത് നായർ, ശങ്കർ ഇന്ദുചൂഡൻ തുടങ്ങിയ താര നിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഡ്വക്കേറ്റ് ശാന്തി ലക്ഷ്മിയും ജീത്തു ജോസഫും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അഡ്വ. വിജയമോഹൻ ആയിട്ടാണ് മോഹൻലാൽ എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.

2. ഡങ്കി - ഡിസംബർ 21

രാജ് കുമാർ ഹിരാനിയും ഷാരൂഖ് ഖാനും ഒന്നിക്കുന്നുവെന്നതാണ് ഡങ്കിക്ക് തിരക്കേറുന്നതിന് കാരണം. ജവാൻ, പത്താൻ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിനുശേഷം ഷാരൂഖ് നായകനായി എത്തുന്ന ചിത്രം ആരാധകർ ഏറെ പ്രതിക്ഷയോടെയാണ് കാത്തിരിക്കുന്നത്.

റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെയും ജിയോ സ്റ്റുഡിയോസിന്റെയും ബാനറിൽ രാജ്കുമാർ ഹിരാനി തിരക്കഥയെഴുതി സംവിധാനവും ചിത്രസംയോജനവും നിർവഹിക്കുന്ന ചിത്രമായ ഡങ്കിയിൽ ബൊമൻ ഇറാനി, തപ്സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രാജ്കുമാർ ഹിരാനിയോടൊപ്പം അഭിജാത് ജോഷി, കനിക ധില്ലൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. മുംബൈ, ജബൽപൂർ, കാശ്മീർ, ബുഡാപെസ്റ്റ്, ലണ്ടൻ, ജിദ്ദ, നിയോം എന്നിവിടങ്ങളിലായിരുന്നു ഡങ്കിയുടെ ചിത്രീകരണം. സി കെ മുരളീധരൻ, മനുഷ് നന്ദൻ, അമിത് റോയ് എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകർ.

3. അക്വമാൻ ആൻഡ് ദി ലോസ്റ്റ് കിങ്ഡം - ഡിസംബർ 22

ഹോളിവുഡിലെ ഹിറ്റ് ചിത്രമായിരുന്ന അക്വാമാന്റെ രണ്ടാം ഭാഗമാണ് അക്വമാൻ ആൻഡ് ദി ലോസ്റ്റ് കിങ്ഡം. ജെയിംസ് വാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജേസൺ മൊമോവയാണ് അക്വമാനായി എത്തുന്നത്.

കടൽ സാമ്രാജ്യമായ അറ്റ്‌ലാൻറിസിൻറെ ഭരണം പിടിക്കുന്ന അർതറിന്റെ കഥയാണ് ചിത്രത്തിന്റെ ആദ്യ ഭാഗം പറഞ്ഞിരുന്നെങ്കിൽ രണ്ടാം ഭാഗത്തിൽ രണ്ടാം ഭാഗത്തിൽ ചക്രവർത്തിയായ അക്വമാൻ നേരിടുന്ന വെല്ലുവിളികളാണ് ചിത്രം അവതരിപ്പിക്കുന്നതെന്നാണ് സൂചന.

ആംബർ ഹേർഡ് ആണ് അക്വാമാൻ ആൻഡ് ദി ലോസ്റ്റ് കിംഗ്ഡത്തിലെ നായിക. ഡിസി സ്റ്റുഡിയോസ്, അറ്റോമിക് മോൺസ്റ്റർ, വാർണർ ബ്രോസ് എന്നീ ബാനറുകൾ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. പാട്രിക് വിൽസൺ, യഹ്യ അബ്ദുൾ മതീൻ, നിക്കോൾ കിഡ്മാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

4. സലാർ - ഡിസംബര്‍ 22

പ്രഭാസിനൊപ്പം പൃഥ്വിരാജ് എത്തുന്ന പ്രശാന്ത് നീൽ ചിത്രം സലാർ ഡിസംബർ 22 നാണ് റിലീസ് ചെയ്യുന്നത്. കെജിഎഫിന് ശേഷം പ്രശാന്ത് ഒരുക്കുന്ന ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.

കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂരാണ് ചിത്രം നിർമിക്കുന്നത്. 'സലാർ പാർട്ട് -1 സീസ്ഫയർ' ടീസറിന് പ്രഭാസ് ആരാധകരുടെ വൻ വരവേല്പായിരുന്നു. ശ്രുതി ഹാസൻ ആണ് ചിത്രത്തിൽ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കുന്നു.

5. ഓടവും മുടിയാത് ഒളിവും മുടിയാത് - ഡിസംബർ 22

തമിഴിൽ ഏറെ ഹിറ്റായ എരുമ സാനിയൂട്യൂബേഴ്‌സിന്റെ ആദ്യത്തെ ഫീച്ചർ ഫിലിമാണ് ഓടവും മുടിയത് ഒളിവും മുടിയാത്. ക്ലാപ്പ്‌ബോർഡ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രമേഷ് വെങ്കട്ടാണ്.

തമിഴ് കോമഡി ഹൊറർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് നല്ല ട്രീറ്റായിരിക്കും ഈ ചിത്രം. യൂട്യൂബേഴ്‌സ് ആയ വിജയ്, ഹരിജ, ആർജെ വിഘ്നേഷ്, ഗോപി, സുധാകർ, ഷാര, അഗസ്റ്റിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in