ആനയെപ്പോലിരിക്കും പോത്ത്; ഇവന്‍ ഹരിയാനയുടെ കറുത്ത പൊന്ന്

വര്‍ഗസങ്കലനത്തിലൂടെ മികച്ച ഇനം എരുമകളെ ഉത്പാദിപ്പിക്കാന്‍ ഇറ്റലി, ബള്‍ഗേറിയ, ചൈന, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഇതിന്റെ ബീജം ഉപയോഗിക്കുന്നു

കണ്ടാല്‍ ഒരു ആനയാണെന്നേ തോന്നൂ, ഇത് ഹരിയാനക്കാരുടെ കറുത്ത പൊന്നാണ്. ഹരിയാന, ഡല്‍ഹി, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളില്‍ ജന്മമെടുത്ത മുറ ഇനം പോത്ത്. ചില്ലറക്കാരനല്ല ഇവന്‍. വര്‍ഗസങ്കലനത്തിലൂടെ മികച്ച ഇനം എരുമകളെ ഉത്പാദിപ്പിക്കാന്‍ ഇറ്റലി, ബള്‍ഗേറിയ, ചൈന, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഇതിന്റെ ബീജം ഉപയോഗിക്കുന്നു. ലോകപ്രശസ്തിയാര്‍ജിച്ച മുറ ഇനം കേരളത്തിന്റെയും പ്രിയ പോത്തിനമായി മാറുകയാണ്. പ്രദര്‍ശനങ്ങളില്‍ എത്തിക്കാനും മാംസ ആവശ്യങ്ങള്‍ക്കുമായി ഇവയെ വളര്‍ത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. പരമാവധി ആയിരം കിലോ വരെയാണ് ഇതിന്റെ തൂക്കം എന്നാണ് ശാസ്ത്രീയ കണ്ടെത്തലുകള്‍.എന്നാല്‍ ആയിരത്തില്‍ അധികം കിലോയുള്ള മുറ പോത്തിനെ വളര്‍ത്തുകയാണ് ഹൈക്കോടതി അഭിഭാഷകനായ അഫ്‌സലും സുഹൃത്ത് നിവാസും.

ഹരിയാനയിലെ കറുത്തസ്വര്‍ണം

കേരളത്തിന്റെ കാര്‍ഷികഭൂപടത്തില്‍ കറുത്തസ്വര്‍ണം എന്നറിയപ്പെടുന്നത് കുരുമുളകാണെങ്കില്‍ ഹരിയാനയിലെ കര്‍ഷകര്‍ക്കിടയില്‍ കറുത്തസ്വര്‍ണമെന്നറിയപ്പെടുന്നത് എണ്ണക്കറുപ്പിനഴകും ആകാരവും തലയെടുപ്പുമുള്ള മുറ ഇനം പോത്തുകളും എരുമകളുമാണ്. ദക്ഷിണ ഹരിയാനയും പഞ്ചാബിലെ പാട്യാല, നബ എന്നീ ജില്ലകളും ഡല്‍ഹിയുടെ ചില പ്രദേശങ്ങളുമാണ് മുറ പോത്തുകളുടെ ജന്മദേശം. മികച്ച തീറ്റപരിവര്‍ത്തന ശേഷിയും നല്ല വളര്‍ച്ചാനിരക്കും ഇതിനെ കേരളത്തിന്റെയും പ്രിയങ്കര ഇനമാക്കുന്നു. ഏത് പരിസ്ഥിതിയോടും എളുപ്പം ഇണങ്ങുന്ന ഇവ മാംസോത്പാദനത്തിനു വേണ്ടി വളര്‍ത്താവുന്ന ഏറ്റവും മികച്ച പോത്തിനമാണ്.

ഇന്ത്യയില്‍ മാത്രമൊതുങ്ങുന്നതല്ല മുറയുടെ കീര്‍ത്തി. അതിര്‍ത്തികള്‍ കടന്ന് വളര്‍ന്ന ഇന്ത്യയുടെ അഭിമാന ജനുസാണിത്.

ഇറ്റലി, ബ്രസീല്‍, ഈജിപ്ത്, ബള്‍ഗേറിയ, ഫിലീപ്പീന്‍സ്, മലേഷ്യ, ചൈന, ഇന്തോനേഷ്യ, റഷ്യ, ശ്രീലങ്ക തുടങ്ങിയ ഒട്ടനവധി രാജ്യങ്ങളില്‍ തദ്ദേശിയ എരുമകളുടെ വര്‍ഗമേന്മ വര്‍ധിപ്പിക്കാന്‍ മുറ പോത്തുകളുടെ ബീജം ഉപയോഗിച്ച് കൃത്രിമ ബീജാധാനം നടത്തുന്നു. തങ്ങളുടെ സ്വദേശി എരുമകളെ മുറയുമായി വര്‍ഗസങ്കരണം നടത്തി പ്രത്യേക ജനുസുകളെ പോലും ചില രാജ്യങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്, ബള്‍ഗേറിയന്‍ മുറ ഇതിനൊരു ഉദാഹരണമാണ്. ഇന്നും ബ്രസീല്‍ അടക്കമുള്ള ചില രാജ്യങ്ങളില്‍ മുറ പോത്തുകളെ ബീജം ഉപയോഗിച്ചുള്ള കൃത്രിമബീജാധാന പ്രവര്‍ത്തനങ്ങള്‍ അവരുടെ ദേശീയ കന്നുകാലി പ്രജനന നയത്തിന്റെ അവിഭാജ്യ ഘടകമാണ്. മുറ എരുമകളെ പറ്റി പഠിക്കാന്‍ പ്രത്യേക ഗവേഷണ കേന്ദ്രം ഫിലിപ്പീന്‍സ് സ്ഥാപിച്ചിട്ടുണ്ട്.

ഫോണ്‍ അഡ്വ. അഫ്‌സല്‍ -9746737546,9633381727.

Related Stories

No stories found.
logo
The Fourth
www.thefourthnews.in