ഒരു കുലയ്ക്ക് 6000 രൂപ ലഭിക്കുന്ന വാഴ! തൃശൂരിന്റെ സ്വന്തം ചെങ്ങാലിക്കോടന്‍

തൃശൂര്‍ ജില്ലയിലെ നാട്ടുരാജ്യമായിരുന്ന ചെങ്ങഴിക്കോട് പിറന്ന ഒരു ഏത്തവാഴ. ഗുരുവായൂരപ്പന് കാഴ്ചക്കുലയായതിനാല്‍ മോഹവില. ആവശ്യമനുസരിച്ച് ഒരു കുലയ്ക്ക് 6000 രൂപ വരെ ലഭിക്കുന്ന ഇനം.

തൃശൂര്‍ ജില്ലയിലെ നാട്ടുരാജ്യമായ ചെങ്ങഴിക്കോട് പിറന്ന ഒരു ഏത്തവാഴ. ഈ നാട്ടുരാജ്യത്തിലെ പട്ടാളക്കാര്‍ ഒഴിവുസമയങ്ങളില്‍ നട്ടു നനച്ചു വളര്‍ത്തിയിരുന്ന വാഴയിനം. പാരമ്പര്യത്തനിമ നഷ്ടപ്പെടുത്താതെ ഇന്നും ഈ വാഴയിനത്തെ പൊന്നുപോലെ കാത്തുസൂക്ഷിക്കുന്ന ഒരുകൂട്ടം കര്‍ഷകര്‍.

ചെങ്ങഴിക്കോട് നാട്ടുരാജ്യത്തില്‍ പിറന്ന വാഴ ആദ്യം ചെങ്ങഴിക്കോടന്‍ എന്നറിയപ്പെട്ടു. പിന്നീട് ചെങ്ങാലിക്കോടനായി. ഇന്ന് സ്വന്തമായി ഒരു പോസ്റ്റല്‍ സ്റ്റാമ്പും കവറും ഒക്കെയുണ്ട് ചെങ്ങാലിക്കോടന്റെ പേരില്‍. പാരമ്പര്യമായി ചെങ്ങാലിക്കോടന്‍ വാഴയിനം കൃഷി ചെയ്യുന്ന കര്‍ഷകരുടെ കൂട്ടായ്മയും ഉണ്ടിവിടെ, ചെങ്ങാലിക്കോടന്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍. ഒരു പ്രദേശത്തിന്റെ തനതു വിളയെന്ന രീതിയില്‍ ഭൗമ സൂചക പദവിയും ലഭിച്ചിട്ടുണ്ട് ചെങ്ങാലിക്കോടന്. എരുമപ്പെട്ടിയിലെ ചെങ്ങാലിക്കോടന്‍ ഗ്രോവേഴ്‌സ് അസോസിയേഷന് കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ കാര്‍ഷിക പുരസ്‌കാരമായ പ്ലാന്റ് ജീനോം സേവ്യര്‍ അവാര്‍ഡും ലഭിച്ചു. മികച്ച കാര്‍ഷിക ഗ്രൂപ്പിനുള്ള ഈ പുരസ്‌കാരം 10 ലക്ഷം രൂപയുടേതാണ്.

തൃശൂരില്‍ നിന്നു മാറിയാല്‍ നിറവും ഗുണവുമെല്ലാം മാറുന്ന സ്വഭാവം. വാഴക്കുലയ്ക്കുമുകളില്‍ മുട്ടയിട്ട് അടയിരുന്നു വിരിയുന്ന പക്ഷികള്‍.

സുന്ദരനായ ചെങ്ങാലിക്കോടന്‍

ഉരുണ്ട് തുടമുള്ള ആനക്കൊമ്പുകളോട് സാദൃശ്യമായ വാഴപ്പഴമാണ് ചെങ്ങാലിക്കോടന്‍. മറ്റു നേന്ത്രന്‍ ഇനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മധുരം കൂടുതല്‍. മൂപ്പെത്തിയ കുലകള്‍ക്ക് തവിട്ടുകരകളോടുകൂടിയ സ്വര്‍ണനിറം. പഴുത്തകുലകള്‍ തലകീഴായി പിടിച്ചാല്‍ എല്ലാം പൊടുന്നനേ അടര്‍ന്നു വീഴും. പുഴുങ്ങുമ്പോള്‍ മധുരംകൂടുന്ന പഴങ്ങള്‍. ഇങ്ങനെ ഗുണഗണങ്ങള്‍ അധികമുള്ള സുന്ദരനാണ് ചെങ്ങാലിക്കോടന്‍. തൊണ്ടിന് കട്ടിയില്ല. ഉരുണ്ട നല്ല തുടത്തോടുകൂടിയ പഴം. തൃശൂര്‍ തലപ്പള്ളി താലൂക്കിലെ വടക്കാഞ്ചേരി ബ്ലോക്കില്‍പെട്ട എല്ലാ പഞ്ചായത്തുകളിലും ചെങ്ങാലിക്കോടന്‍ കൃഷിചെയ്യുന്നുണ്ടെങ്കിലും എരുമപ്പെട്ടി പഞ്ചായത്തിലെ വാഴകള്‍ക്കാണ് പെരുമ കൂടുതല്‍.

ഒരു കുലയ്ക്ക് 6000 രൂപ ലഭിക്കുന്ന വാഴ! തൃശൂരിന്റെ സ്വന്തം ചെങ്ങാലിക്കോടന്‍
ചന്ദനം വിളയുന്ന പച്ചക്കറിത്തോട്ടം, കഞ്ഞിക്കുഴിയിലെ കാര്‍ഷിക മാതൃക

മച്ചാട് മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന വടക്കാഞ്ചേരിപ്പുഴയുടെ ചെങ്ങഴിഭാഗത്തെ തീരങ്ങളിലാണ് ചെങ്ങാലിക്കോടന്‍ പിറന്നതെന്നു വിശ്വസിക്കുന്നു. നെല്ലുവായ് മുതല്‍ വടക്കാഞ്ചേരിപ്പുഴ ഗതിമാറിയൊഴുകുമ്പോള്‍ നിക്ഷേപിക്കപ്പെടുന്ന എക്കലാണ് ഈ വാഴയിനത്തിന് അതിന്റെ ഗുണവും രൂചിയും രൂപവുമൊക്കെ നല്‍കുന്നത്. രാജഭരണകാലത്ത് തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമീ ക്ഷേത്രത്തില്‍ നടത്തിയിരുന്ന മുറജപത്തിന് പ്രത്യേക കാഴ്ചദ്രവ്യമായി ചെങ്ങഴിക്കോട് നാട്ടുരാജ്യത്തില്‍ നിന്നു കൊണ്ടുപോയിരുന്നത് ചെങ്ങാലിക്കോടന്റെ ലക്ഷണമൊത്ത കുലകളായിരുന്നു.

ജൈവരീതിയില്‍ മലയടിവാരങ്ങളിലാണ് ചെങ്ങാലിക്കോടന്‍ വിളയുന്നത്. അതിനാല്‍ തന്നെ വാഴത്തോട്ടങ്ങളില്‍ കുരുവികളും പക്ഷികളുമൊക്കെ സ്വൈരവിഹാരം നടത്തുന്നു. വാഴക്കുലകള്‍ക്കു മുകളില്‍ പക്ഷികള്‍ കൂടൊരുക്കുന്നു.

കുലച്ച് 20-25 ദിവസത്തിനുള്ളില്‍ ഉണങ്ങിയ വാഴയിലകളും ചാക്കുമൊക്കെ ഉപയോഗിച്ച് കുലപൊതിയുന്നു. നല്ല നിറമുള്ളതിനാല്‍ പക്ഷികള്‍ നശിപ്പിക്കാതിരിക്കാനും കുലയ്ക്ക് നിറമുണ്ടാകാനും നല്ല തുടമുള്ള കുലകള്‍ ലഭിക്കാനുമാണിത്. പത്തു പത്തര മാസത്തിനുള്ളില്‍ വിളവെടുക്കാമെന്നതാണിതിന്റെ പ്രത്യേകത. ചെങ്ങാലിക്കോടന്‍ ഗ്രോവേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കര്‍ഷകര്‍ കൃഷി സജീവമാക്കുന്നത്. നെല്ലുവായ മുരിങ്ങത്തേരിയിലെ കര്‍ഷകനായ ജോണ്‍സനാണ് അസോസിയേഴന്‍ സെക്രട്ടറി. ഇദ്ദേഹത്തിന്റെ പറമ്പിലും ചെങ്ങാലിക്കോടന്‍ മിഴിവോടെ കുലയ്ക്കുന്നു. തൃശൂര്‍ മുള്ളൂര്‍ക്കര ഇരുനിലംകോട്ടെ കര്‍ഷകരായ പ്രദീപിനും ഭാര്യ പ്രസീതക്കും പരമ്പരാഗതമായി പകര്‍ന്നു കിട്ടിയ കൃഷിയാണ് ചെങ്ങാലിക്കോടന്റേത്. മൂന്നര ഏക്കറില്‍ 3500 ഏത്തവാഴകളാണ് ഇവര്‍ കൃഷിചെയ്യുന്നത്. ഒപ്പം പൂജാകദളിയും പച്ചക്കറികളുമൊക്കെ മാറിമാറി കൃഷിയിറക്കുന്നുമുണ്ടിവിടെ.

ഫോണ്‍: ജോണ്‍സണ്‍- 94462 78830, പ്രദീപ്- 98463 54635.

Related Stories

No stories found.
logo
The Fourth
www.thefourthnews.in