ക്ഷീരമേഖലയില്‍ വീണ്ടും  
കുളമ്പുരോഗ ഭീഷണി

ക്ഷീരമേഖലയില്‍ വീണ്ടും കുളമ്പുരോഗ ഭീഷണി

ക്ഷീരമേഖലയില്‍ കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സാംക്രമിക വൈറസ് രോഗമാണിത്

സംസ്ഥാനത്ത് ഫൂട്ട് ആന്‍ഡ് മൗത്ത് ഡിസീസ് അഥവാ കുളമ്പുരോഗം വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ക്ഷീരമേഖലയില്‍ കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സാംക്രമിക വൈറസ് രോഗമാണിത്. കശാപ്പിനായി സംസ്ഥാനത്തിന്റെ പുറത്തുനിന്നു കൊണ്ടുവന്ന രോഗവാഹകരായ, വാക്‌സിന്‍ എടുക്കാത്ത കന്നുകാലികളില്‍ നിന്നാണ് രോഗവ്യാപനം ഉണ്ടായതെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ നിഗമനം. ആറുമാസത്തെ ഇടവേളയില്‍ നല്‍കുന്ന കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ് സംസ്ഥാനത്ത് ഭൂരിഭാഗം പശുക്കള്‍ക്കും നല്‍കിയതിനാല്‍ കൂടുതല്‍ ആശങ്കപ്പെടേണ്ടതില്ല. മാത്രമല്ല, രോഗം കണ്ടെത്തിയ സ്ഥലങ്ങളില്‍ പ്രത്യേകം അധിക പ്രതിരോധകുത്തിവെയ്പ്പിനും മൃഗസംരക്ഷണവകുപ്പ് തുടക്കമിട്ടിട്ടുണ്ട്. പികോര്‍ണ എന്ന വൈറസ് കുടുംബത്തിലെ ആഫ്ത്ത എന്നയിനം രോഗാണുക്കളാണ് കുളമ്പുരോഗമുണ്ടാക്കുന്നത്. പശുക്കളെ മാത്രമല്ല ആട്, പന്നി തുടങ്ങിയ ഇരട്ടക്കുളമ്പുള്ള വളര്‍ത്തുമൃഗങ്ങളെയെല്ലാം രോഗം ബാധിക്കും.

വായുവിലൂടെയും സമ്പര്‍ക്കത്തിലൂടെയും

വായുവിലൂടെയോ രോഗബാധയേറ്റതോ രോഗാണുവാഹകരോ ആയ കന്നുകാലികളുമായുള്ള സമ്പര്‍ക്കത്തിലൂടെയുമോ ആണ് കുളമ്പുരോഗം പടരുന്നത്. രോഗബാധിതരായ കന്നുകാലികളുടെ ചാണകവും ശരീരസ്രവങ്ങളും കലര്‍ന്ന തീറ്റ, വെള്ളം എന്നിവയിലൂടെ രോഗം വ്യാപിക്കും. കറവക്കാര്‍, ഫാമിലെത്തുന്ന വാഹനങ്ങള്‍, ഫാം ഉപകരണങ്ങള്‍ എന്നിവയിലൂടെയെല്ലാം രോഗം പടരാം. തണുത്തതും ഈര്‍പ്പമുള്ളതുമായ അന്തരീക്ഷം, കാറ്റിലൂടെയുള്ള രോഗാണു വ്യാപനം എളുപ്പമാക്കും.

ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം

മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായതില്‍ നിന്നു വ്യത്യസ്തമായി ഏഷ്യ 1, എ എന്നീ സീറോടൈപ്പില്‍ പെട്ട വൈറസുകളാണ് ഇത്തവണത്തെ രോഗബാധയ്ക്ക് പിന്നില്‍. പശുക്കുട്ടികളിലാണ് തീവ്ര രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നത്. വൈറസ് പശുക്കളിലെത്തി രണ്ടു മുതല്‍ പതിനാലു വരെ ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ശക്തമായ പനി, ശരീരവേദന എന്നിവ കാരണം നടക്കാനുള്ള പ്രയാസം, തീറ്റമടുപ്പ്, വായില്‍ നിന്ന് ഉമിനീര്‍ പതഞ്ഞ് പുറത്തേക്ക് ഒലിച്ചിറങ്ങല്‍, മൂക്കൊലിപ്പ് എന്നിവയാണ് പ്രാരംഭരോഗലക്ഷണങ്ങള്‍. കറവയുള്ള പശുക്കളില്‍ പാലുത്പാദനം ഒറ്റയടിക്ക് കുറയും. വായ തുറന്നടയ്ക്കുമ്പോള്‍ ഉമിനീര്‍ പതഞ്ഞ് 'ചപ്, ചപ്' എന്ന ശബ്ദം കേള്‍ക്കാം. തുടര്‍ന്ന് ഒന്നോ രണ്ടോ ദിവസത്തിനകം വായയിലും നാക്കിലും മോണയിലും മൂക്കിലും അകിടിലും കുളമ്പുകള്‍ക്കിടയിലും ചുവന്ന് തിണര്‍ത്ത് പൊള്ളലേറ്റതിന് സമാനമായ കുമിളകള്‍ കണ്ടുതുടങ്ങും. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഈ തിണര്‍പ്പുകള്‍ പൊട്ടി വ്രണങ്ങളായി തീരും. രോഗബാധയേറ്റ പശുക്കളുടെ നാവും മോണയും പരിശോധിച്ചാല്‍ പുറംതൊലി പല ഭാഗങ്ങളിലായി അടര്‍ന്ന് മുറിവായതായി കാണാം. ഇത് കുളമ്പുരോഗം സംശയിക്കാവുന്ന പ്രധാനലക്ഷണമാണ്. കൈകാലുകളിലെ വ്രണങ്ങളില്‍ പുഴുബാധക്കും സാധ്യത ഏറെ. പുഴുബാധയേറ്റ പശുക്കള്‍ കൈകാലുകള്‍ നിരന്തരം കുടയുന്നതായി കാണാം. വ്രണങ്ങളുണങ്ങുന്നതിന് ചികിത്സ നല്‍കിയില്ലെങ്കില്‍ കുളമ്പടര്‍ന്നു പോവുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ വരാം. രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ വിവരം അറിയിക്കണം.

മുന്‍കരുതലുകള്‍ സ്വീകരിക്കാം

ഫാമുകളില്‍ അനാവശ്യ സന്ദര്‍ശകരുടെയും, വാഹനങ്ങളുടെയും പോക്കുവരവ് നിയന്ത്രിക്കണം. ഫാമിന്റെ ഗേറ്റിലും തൊഴുത്തിന്റെ കവാടത്തിലും അണുനാശിനി നിറച്ച് പ്രത്യേകം ഫൂട്ട് ബാത്ത് ടാങ്ക്, ടയര്‍ ഡിപ്പ് എന്നിവ ക്രമീകരിക്കാം. പുറത്തുനിന്ന് ഫാമിലേക്കുള്ള ഉപകരണങ്ങള്‍ കൊണ്ടുവരുമ്പോള്‍ അണുവിമുക്തമാക്കിയതിനു ശേഷം മാത്രമേ ഫാമിനുള്ളില്‍ കയറ്റാവൂ. മൂന്ന് ശതമാനം വീര്യമുള്ള ബ്ലീച്ചിങ് പൗഡര്‍ ലായനി, നാല് ശതമാനം വീര്യമുള്ള അലക്കുകാരലായനി എന്നിവ എന്നിവ അണുനശീകരണത്തിന് ഉപയോഗിക്കാം.

രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിലേക്കുള്ള കന്നുകാലികളുടെ പോക്കുവരവും അവിടെ നിന്നു പശുക്കളെ വാങ്ങുന്നതും വില്‍ക്കുന്നതും പുല്ലും വൈക്കോലും മറ്റു തീറ്റകളും ശേഖരിക്കുന്നതും താത്കാലികമായി ഒഴിവാക്കണം. കശാപ്പിനായി കൊണ്ടുവന്ന ഉരുക്കളെ കെട്ടുന്നതും മേയാന്‍വിടുന്നതുമായ സ്ഥലങ്ങളില്‍ പശുക്കളെ കെട്ടുകയോ മേയാന്‍ വിടുകയോ ചെയ്യരുത്. ഈ സ്ഥലങ്ങളില്‍ നിന്നു തീറ്റപ്പുല്ല് ശേഖരിക്കുന്നതും ഒഴിവാക്കണം. രോഗം ബാധിച്ച പശുക്കളുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും ഒഴിവാക്കണം. കശാപ്പു സ്ഥലങ്ങളിലും കന്നുകാലി, പന്നി മാംസ വില്‍പന കേന്ദ്രങ്ങളിലും പോയതിനു ശേഷം വസ്ത്രവും പാദരക്ഷയും മാറാതെ ഫാമിനുള്ളില്‍ കയറരുത്. തൊഴുത്തിനകത്ത് ഉപയോഗിക്കാന്‍ പ്രത്യേകം പാദരക്ഷകളും വസ്ത്രങ്ങളും കരുതുന്നത് ഉചിതമാണ്.

പുതിയ പശുക്കളെ വാങ്ങുമ്പോള്‍ ആറുമാസം മുമ്പ് വരെ അവയ്ക്ക് കുളമ്പുരോഗം ബാധിച്ചിട്ടില്ലെന്നുറപ്പാക്കണം. പ്രതിരോധകുത്തിവെയ്പ് നടത്തി മൂന്നാഴ്ചകള്‍ക്ക് ശേഷം വാങ്ങുന്നതാണ് ഉത്തമം. പുതിയ പശുക്കളെ ഫാമില്‍ കൊണ്ടുവരുമ്പോള്‍ മൂന്നാഴ്ച ക്വാറന്റൈന്‍ നല്കണം. പ്രതിരോധകുത്തിവെയ്പ് നല്‍കിയതായി ഉറപ്പില്ലാത്ത അന്യസംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരുന്ന കന്നുകാലികള്‍ക്ക് ക്വാറന്റൈന്‍ കാലയളവില്‍ പ്രതിരോധകുത്തിവെയ്പ് നല്‍കണം. കുത്തിവയ്പ് നല്‍കി മൂന്നാഴ്ചക്കു ശേഷം മാത്രം ഇവയെ ഫാമിലെ മറ്റ് പശുക്കള്‍ക്കൊപ്പം പാര്‍പ്പിക്കാവൂ.

രോഗം വന്ന പശുക്കളുമായി മറ്റുള്ളവയ്ക്ക് സമ്പര്‍ക്കമുണ്ടാവാന്‍ ഇടയുള്ള കന്നുകാലിപ്രദര്‍ശനം പോലുള്ള പരിപാടികള്‍ ഒഴിവാക്കണം. രോഗം ബാധിച്ച പശുക്കളുടെ പാലില്‍ വൈറസ് സാന്നിധ്യം ഉണ്ടാവുമെന്നതിനാല്‍ പശുക്കിടാക്കളെ ഇവയുടെ പാല്‍ കുടിപ്പിക്കരുത്.

പ്രതിരോധകുത്തിവയ്പിനോട് മടിവേണ്ട

കറവപ്പശുക്കളില്‍ പാലുത്പാദനം കുറയുമെന്ന തെറ്റിധാരണ കാരണം കര്‍ഷകര്‍ തങ്ങളുടെ പശുക്കള്‍ക്ക് കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ വിമുഖത കാണിക്കാറുണ്ട്. ആറ് മാസത്തെ ഇടവേളയില്‍ നല്‍കുന്ന പ്രതിരോധ കുത്തിവെയ്പിലൂടെ മാത്രമേ രോഗത്തെ പൂര്‍ണമായും തടയാന്‍ കഴിയുകയുള്ളൂ. പശുക്കിടാങ്ങള്‍ക്ക് നാല് മാസം പ്രായമെത്തുമ്പോള്‍ ആദ്യത്തെ കുളമ്പുരോഗപ്രതിരോധകുത്തിവയ്പ് നല്‍കണം. ആദ്യ കുത്തിവയ്പ് നല്‍കി മൂന്നാഴ്ച കഴിഞ്ഞ് ബൂസ്റ്റര്‍ ഡോസ് നല്‍കണം. നാലു മുതല്‍ ആറു മാസം വരെ ഈ പ്രതിരോധശേഷി നിലനില്‍ക്കും. പിന്നീട് ഓരോ ആറുമാസം കൂടുമ്പോഴും കുത്തിവയ്പ് ആവര്‍ത്തിക്കണം. എത്ര പ്രാവശ്യം രോഗപ്രതിരോധ കുത്തിവയ്പ് എടുക്കുന്നെന്നത് പ്രധാനമാണ്. സ്ഥിരമായി ആറുമാസത്തിലൊരിക്കല്‍ കുത്തിവെയ്‌പ്പെടുക്കുന്ന പശുക്കള്‍ക്ക് തൃപ്തികരമായ പ്രതിരോധശേഷി ലഭിക്കുകയും രോഗസാധ്യത കുറയുകയും ചെയ്യുന്നു. ഒന്നോ രണ്ടോ കുത്തിവെയ്പ് എടുത്തതുകൊണ്ടു മാത്രം രോഗം വരാതിരിക്കണമെന്നില്ല. ഇവയില്‍ തീവ്രത കുറഞ്ഞ രീതിയില്‍ രോഗലക്ഷണങ്ങള്‍ കാണാറുണ്ട്. കിടാരികള്‍ക്ക് പശുക്കളെക്കാള്‍ രോഗസാധ്യതയുമുണ്ട്. ഏഴുമാസത്തിന് മുകളില്‍ ഗര്‍ഭിണികളായ പശുക്കളെ വാക്‌സിന്‍ നല്‍കുന്നതില്‍ നിന്ന് താത്കാലികമായി ഒഴിവാക്കാമെങ്കിലും പ്രസവശേഷം വാക്‌സിന്‍ നല്‍കണം. മൃഗസംരക്ഷണവകുപ്പ് സൗജന്യമായി നല്‍കുന്ന കുളമ്പുരോഗ പ്രതിരോധകുത്തിെവയ്പ് തങ്ങളുടെ കന്നുകാലികള്‍ക്ക് ലഭിച്ചെന്ന് കര്‍ഷകര്‍ ഉറപ്പാക്കണം.

logo
The Fourth
www.thefourthnews.in