കുംഭച്ചേന കുടത്തോളം;
തൊടിയിലിത് കിഴങ്ങുകാലം

കുംഭച്ചേന കുടത്തോളം; തൊടിയിലിത് കിഴങ്ങുകാലം

കുഭത്തില്‍ ചേന നട്ടാല്‍ കുടംപോലെ വലിയ കിഴങ്ങു ലഭിക്കും. കിഴങ്ങു വിളകള്‍ നടേണ്ട കാലമാണ് ഫെബ്രുവരി. ഫെബ്രുവരിയിലെ കൃഷിയെക്കുറിച്ച്.

'ചിങ്ങത്തിലായാല്‍ എന്നെ തിന്നാം പിന്നെത്തിന്നാല്‍ ഞാനും തിന്നും'- ചേന എപ്പോള്‍ വിളവെടുക്കണമെന്നു സൂചിപ്പിക്കുന്ന ഒരു ചൊല്ലാണിത്. കുംഭമാസത്തില്‍ നട്ട് ചിങ്ങമാസത്തില്‍ വിളവെടുക്കുന്ന ഒരു വിളയാണ് ചേന. ചേന ശരീരത്തില്‍ മുട്ടിയാല്‍ അനുഭവപ്പെടുന്ന ചൊറിച്ചിലാണ് പലരേയും ചേനയുടെ ശത്രുവാക്കുന്നത്. ചിങ്ങത്തില്‍ പറിക്കുന്ന ചേനയ്ക്ക് ചൊറിച്ചില്‍ കുറവായിരിക്കും. ചിങ്ങം കഴിഞ്ഞാല്‍ ചേന മൂക്കും. പിന്നെ സ്വയരക്ഷയ്ക്കായി ചൊറിച്ചിലുണ്ടാകും. അതാണ് ആദ്യം പറഞ്ഞ ചൊല്ലിന്റെ അര്‍ഥം. കുഭത്തില്‍ ചേന നട്ടാല്‍ കുടംപോലെ വലിയ കിഴങ്ങു ലഭിക്കുമെന്ന അര്‍ഥത്തില്‍ കുംഭച്ചേന കുടംപോലെ എന്ന ചൊല്ലും കുഭത്തില്‍ നട്ടാല്‍ കുടയോളം എന്ന ചൊല്ലുമൊക്കെയുണ്ടായി. കിഴങ്ങു വിളകള്‍ നടേണ്ട കാലമാണ് ഫെബ്രുവരി.

മൂന്നു ഞാറ്റുവേലകളിലൂടെയാണ് ഫെബ്രുവരി കടന്നു പോകുന്നത്. ജനുവരി 24 മുതല്‍ ഫെബ്രുവരി ഏഴുവരെ നീളുന്ന തിരുവോണമാണ് ഇതില്‍ ആദ്യത്തേത്. ഈ ഞാറ്റുവേലയിലെ കൃഷിയേക്കുറിച്ച് ജനുവരിയിലെ ഞാറ്റുവേലയില്‍ വിശദമായി പറഞ്ഞിരുന്നു. വിരിപ്പു നിലങ്ങളില്‍ പച്ചക്കറി കൃഷി തുടങ്ങേണ്ട സമയമാണിത്.

ഫെബ്രുവരി ഏഴു മുതല്‍ 19 വരെ അവിട്ടം ഞാറ്റുവേലയാണ്. മകരം 24 മുതല്‍ കുഭം ആറുവരെയുള്ള ഇക്കാലത്താണ് വിത്തുതേങ്ങ സംഭരണം ആരംഭിക്കേണ്ടത്. എല്ലാ വര്‍ഷവും ഒരുപോലെ ഫലം തരുന്നതും 25 വര്‍ഷമെങ്കിലും പ്രായമായതുമായ തെങ്ങിന്റെ തേങ്ങയാണ് വിത്തിനായി എടുക്കേണ്ടത്. വീട്, ചാണകക്കുഴി എന്നിവയ്ക്കു സമീപം നില്‍ക്കുന്നതും പ്രത്യേക പരിചരണം നല്‍കുന്നതുമായ തെങ്ങിന്റെ തേങ്ങ വിത്തിനായി എടുക്കാതിരിക്കുന്നതാണ് നല്ലത്.

ഏത്തവാഴ കൃഷി തുടങ്ങേണ്ട കാലമാണ് ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് നാലുവരെ നീളുന്ന ചതയം ഞാറ്റുവേല. കുംഭം ആറുമുതല്‍ 20 വരെ നീളുന്ന ചതയത്തിലാണ് കുംഭവാഴ എന്നപേരില്‍ അറിയപ്പെടുന്ന ഈ വാഴകൃഷി ആരംഭിക്കുന്നത്. ഈ കാലത്ത് നടുന്ന ഏത്തവാഴ അടുത്ത നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിളവെടുക്കാം. കുഭത്തിലാണ് കിഴങ്ങുവര്‍ഗ വിളകള്‍ നടേണ്ട സമയം. ചേന, ചേമ്പ്, കാച്ചില്‍ എന്നിവയെല്ലാം ഈ ഞാറ്റുവേലയില്‍ നടാം. കുംഭമാസത്തിലെ വളുത്തവാവിന് ചേന നട്ടാല്‍ വിളവ് നന്നായി ലഭിക്കും. അതുകൊണ്ടാണ് കുംഭപ്പറ കുടത്തോളം എന്നു പറയുന്നത്. തെങ്ങിന്‍ തെകള്‍ നടാനും പറ്റിയ സമയമാണ് ഈ ഞാറ്റുവേല. ഇപ്പോള്‍ നനച്ചു പിടിപ്പിക്കുന്ന തൈകള്‍ മഴക്കാലത്ത് ശക്തമായി വളരുകയും ചെയ്യും.

ഫെബ്രുവരിയിലെ ഞായറിന്റെ വേല ഇവിടെ സമാപിക്കുന്നു. ഇരിപ്പൂനിലങ്ങളില്‍ ഒന്നാം നെല്‍കൃഷിക്കായി നിലമൊരുക്കേണ്ട സമയമാണ് മാര്‍ച്ച്. അതേക്കുറിച്ച് മാര്‍ച്ച് മാസത്തില്‍ കാണാം.

logo
The Fourth
www.thefourthnews.in