ബെല്‍മൗണ്ട് ചോക്ലേറ്റ്: ഗ്രാമീണ സ്വയംപര്യാപ്തതയുടെ മണിമല മോഡല്‍

മണിമലയെ രണ്ടു ഭാഗമാക്കി ഇംഗ്ലീഷ്‍വത്കരിച്ചു. മണിയെന്നാല്‍ ബെല്‍ മലയെന്നാല്‍ മൗണ്ട്- അങ്ങനെയാണ് ബെല്‍മൗണ്ടെന്ന ബ്രാന്‍ഡിന്റെ പിറവി

കോട്ടയം ജില്ലയിലെ മണിമലയില്‍ ഗ്രാമീണ സ്വയംപര്യാപ്തതയുടെ പുതിയൊരു മാതൃക പിറക്കുകയാണ്. ഇവിടങ്ങളിലെ ജനങ്ങളുടെ ഉപജീവന മാര്‍ഗമായ റബര്‍ നഷ്ടത്തിലേക്ക് നീങ്ങിയപ്പോള്‍ കൊക്കോയെ രക്ഷകനായി കണ്ട ഒരു കൂട്ടം കര്‍ഷകരാണിതിന് പിന്നില്‍. മണിമല കൊക്കോ സഹകരണസംഘത്തിനു കീഴില്‍ ഇത്തരത്തില്‍ പുതിയൊരു വിപണി സമ്പ്രദായം രൂപപ്പെടുകയാണ്.

45 വര്‍ഷമായി കൊക്കോ കൃഷിയെ നെഞ്ചിലേറ്റിയ കൊച്ചുമുറിയില്‍ കെ ജെ വര്‍ഗീസ് പ്രസിഡന്റായ സംഘത്തിന് കീഴില്‍ ചോക്ലേറ്റ് നിര്‍മാണവും വിപണിയുമെല്ലാമുണ്ട്. കര്‍ഷകരില്‍ നിന്ന് കൊക്കോ ശേഖരിച്ച് ഫെര്‍മെന്റുചെയ്ത് ഉണക്കിപ്പൊടിച്ച് ചോക്ലേറ്റ് നിബ്ബാക്കി അമേരിക്കയിലേക്കുവരെ കയറ്റുമതി ചെയ്തയാളാണ് വര്‍ഗീസ്. ഇദ്ദേഹം തന്നെ കണ്ടത്തിയ സി റ്റി 40 എന്നയിനം കൊക്കോയാണ് ചോക്ലേറ്റ് നിര്‍മാണത്തിനായി കൃഷി ചെയ്യുന്നത്.

കര്‍ഷകരില്‍ നിന്ന് കൊക്കോ ശേഖരിച്ച് ഫെര്‍മെന്റ് ചെയ്ത് ഉണക്കിപ്പൊടിച്ച് ചോക്ലേറ്റ് നിബ്ബാക്കി അമേരിക്കയിലേക്കുവരെ കയറ്റുമതി ചെയ്തയാളാണ് വര്‍ഗീസ്

സ്വന്തം നഴ്‌സറിയില്‍ ഉത്പാദിപ്പിച്ച തൈകള്‍ കര്‍ഷകര്‍ക്ക് നല്‍കിയാണ് കൃഷി ചെയ്യിപ്പിക്കുന്നത്. ഒരു കൊക്കോ കായില്‍ നിന്ന് 400 ഗ്രാം കുരു ലഭിക്കുന്ന ഇനമാണിത്. സാധാരണ കൊക്കോയില്‍ സി റ്റി 40 ബന്ധുചെയ്തും മികച്ച ഉത്പാദനം സാധ്യമാക്കുന്നുണ്ടിവര്‍. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ലഭിക്കുന്ന തൈകള്‍ നട്ട് ഇതില്‍ നിന്ന് ഗുണമേന്മയുള്ള ഇനം കണ്ടെത്തുന്ന രീതിയാണ് വര്‍ഗീസിന്റേത്. ഇനി ഇങ്ങനെയുള്ള തോട്ടത്തിലെ കൊക്കോ ചോക്ലേറ്റായി പുറത്തിറങ്ങിയാലോ? അതു വില്‍ക്കാന്‍ ഒരു സംവിധാനത്തിന്റെ പിന്തുണയും കൂടിയുണ്ടെങ്കില്‍ വിപണി പ്രശ്‌നമാകില്ല. കര്‍ഷകര്‍ക്ക് തന്നെ തങ്ങളുടെ കൊക്കോ, ചോക്ലേറ്റും വിനാഗിരിയും ലിപ്ബാമും ഫെയ്‌സ് ക്രീമും ഒക്കെ ആക്കി മാറ്റാനാകും. കര്‍ഷകര്‍ക്ക് കൃഷിയില്‍ മുതല്‍ മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തില്‍ വരെ പരിശീലനവും നല്‍കുന്നുണ്ട് സഹകരണ സംഘം.

പ്ലാസ്റ്റിക്ക് മാലിന്യം ഒഴിവാക്കാനായി കൊക്കോ തൊണ്ടുകളില്‍ ചോക്ലേറ്റ് ഐസ്‌ക്രീം നിറച്ചു നല്‍കുന്ന അമേരിക്കന്‍ കമ്പിനിയുമായുള്ള സഹകരണം വലിയ നേട്ടമായി.

വിപണിവിലയേക്കാള്‍ അധികം നല്‍കി കര്‍ഷകരുടെ കൊക്കോ തിരിച്ചെടുക്കുന്നുമുണ്ട് സഹകരണ സംഘം. പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാനായി കൊക്കോ തൊണ്ടുകളില്‍ ചോക്ലേറ്റ് ഐസ്‌ക്രീം നിറച്ചു നല്‍കുന്ന അമേരിക്കന്‍ കമ്പനിയുമായുള്ള സഹകരണം വലിയ നേട്ടമായി. കര്‍ഷകര്‍ നശിപ്പിച്ചു കളയുന്ന ഒരു കൊക്കോയുടെ തൊണ്ടിന് രണ്ടുരൂപ നിരക്കിലാണ് സഹകരണസംഘം എടുക്കുന്നത്. ലക്ഷക്കണക്കിനു തൊണ്ടാണ് ഐസ്‌ക്രീം കപ്പാക്കാന്‍ കയറ്റി അയയ്ക്കുന്നത്. കര്‍ണാടകത്തിലെ സുള്ളിയാനില്‍ സ്വന്തമായി ചോക്ലേറ്റ് കമ്പനി നടത്തുന്ന അനുഭവപാഠവുമായാണ് വര്‍ഗീസ് എന്ന മോനായി നാട്ടില്‍ ചോക്ലേറ്റ് കമ്പനി ആരംഭിച്ചത്.

കൊക്കോ ഉണക്കുന്നതിന് പോളിഹൗസിന് രൂപമാറ്റം വരുത്തിയെടുത്ത സോളാര്‍ ഡ്രയറുകളാണ് ഉപയോഗിക്കുന്നത്.

മണിമല ബെല്‍മൗണ്ടായി

എന്തിലും ഒരു പുതുമവേണം എന്നു നിര്‍ബന്ധമുള്ളയാളാണ് മോനായി. ചോക്ലേറ്റിന് ഇട്ട പേരിലും ആ വ്യത്യസ്തത കാണാം. മണിമലയെ രണ്ടു ഭാഗമാക്കി ഇംഗ്ലീഷ്‍വത്കരിച്ചു. മണിയെന്നാല്‍ ബെല്‍ മലയെന്നാല്‍ മൗണ്ട്- അങ്ങനെയാണ് ബെല്‍മൗണ്ടെന്ന ബ്രാന്‍ഡിന്റെ പിറവി. കേരളത്തിലെ ആദ്യത്തെ കൊക്കോ സഹകരണ സംഘമാണ് 2015ല്‍ മണിമലയില്‍ രൂപംകൊണ്ടത്. സ്വന്തം കൃഷി നഷ്ടമായതില്‍ സങ്കടപ്പെട്ടിരിക്കാന്‍ മോനായിക്കായില്ല. വിദേശങ്ങളിലെ ചോക്ലേറ്റ് കമ്പനികളെ ബന്ധപ്പെട്ടു, കൊക്കോ കയറ്റിയയച്ചുകൊണ്ട് കേരളത്തിലെ വിപണിയില്ലായ്മയെ മറികടന്നു. പിന്നീട് കര്‍ഷകരില്‍ നിന്നു കൊക്കോ വാങ്ങി കയറ്റുമതി വിപുലപ്പെടുത്തി. കൊക്കോ ഉണക്കുന്നതിന് പോളിഹൗസിന് രൂപമാറ്റം വരുത്തിയെടുത്ത സോളാര്‍ ഡ്രയറുകളാണ് ഉപയോഗിക്കുന്നത്. ഇതിനാല്‍ കൊക്കോ സംസ്‌കരണത്തില്‍ മഴയൊരു പ്രശ്‌നമാകുന്നില്ല. ഒരേസമയം 5000 കിലോ വരെ കൊക്കോ ഇവിടെ ഉണക്കാം.

ജനുവരി 15ന് തുള്ളിനനയിലൂടെ ജലസേചനം നല്‍കി ഫെബ്രുവരിയില്‍ കൊക്കോ കായ്പിക്കുന്ന മോനായിയുടെ വിദ്യ മഴയ്ക്കു മുന്‍പ് വിളവെടുക്കാന്‍ സഹായിക്കുന്നതാണ്

കൊക്കോ ഇഷ്ടമുള്ളപ്പോള്‍ കായ്പിക്കുന്ന വിദ്യ

കൊക്കോ മഴക്കാലത്ത് കായ്ക്കുന്നത് സംസ്‌കരണത്തേയും വിലയേയും ബാധിക്കുന്നുണ്ട്. ജനുവരി 15ന് തുള്ളിനനയിലൂടെ ജലസേചനം നല്‍കി ഫെബ്രുവരിയില്‍ കൊക്കോ കായ്പിക്കുന്ന മോനായിയുടെ വിദ്യ മഴയ്ക്ക് മുന്‍പ് വിളവെടുക്കാന്‍ സഹായിക്കുന്നതാണ്. മൊത്തം വിളയുടെ 60 ശതമാനം ഇങ്ങനെ നേരത്തേ കായ്പിച്ചടുക്കും. പിന്നീട് മഴയെത്തുമ്പോള്‍ കിട്ടുന്ന വിളവ് ബോണസാണ്. എല്ലാ വീട്ടിലും 10 കൊക്കോ വച്ചാല്‍ പ്രധാന ശത്രുവായ അണ്ണാനെ നിയന്ത്രിക്കാനാകും. എല്ലാ തൈയിലും രണ്ട് പഴുത്ത കൊക്കോ അണ്ണാനായി നിര്‍ത്തിയാല്‍ മറ്റുള്ളവ ഇവയുടെ ആക്രമണത്തിനിരയാകാതെ പറിച്ചെടുക്കാനാകുമെന്നും മോനായി പറയുന്നു.

ഫോണ്‍: മോനായി- 94471 84735

Related Stories

No stories found.
logo
The Fourth
www.thefourthnews.in