കാലാവസ്ഥാ വ്യതിയാനം:  കുട്ടനാട്ടില്‍ പുഞ്ചകൃഷി വിളവില്‍ വന്‍ ഇടിവ്

കാലാവസ്ഥാ വ്യതിയാനം: കുട്ടനാട്ടില്‍ പുഞ്ചകൃഷി വിളവില്‍ വന്‍ ഇടിവ്

38,000 ഹെക്ടറിലാണ് ആലപ്പുഴ ജില്ലയില്‍ പുഞ്ചകൃഷി നടക്കുന്നത്. കായല്‍ നിലങ്ങളില്‍ വിളവ് പകുതിയോളം കുറഞ്ഞു

കാലാവസ്ഥാ വ്യതിയാനം കുട്ടനാടിനെ പിടിച്ചുലയ്ക്കുന്നു. കുട്ടനാടിന്റെ ജീവനാഡിയായ നെല്ല് ഉത്പാദനത്തില്‍ വന്‍ ഇടിവാണുണ്ടായിരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ 38,000 ഹെക്ടറില്‍ നടക്കുന്ന പുഞ്ചകൃഷി വിളവിലാണ് വന്‍ ഇടിവുണ്ടായിരിക്കുന്നത്. കായല്‍ നിലങ്ങളില്‍ വിളവ് പകുതിയോളം കുറഞ്ഞു. ഏക്കറിന് 25 ക്വിന്റല്‍ വരെ നെല്ല് ലഭിച്ചിരുന്ന പാടങ്ങളില്‍ വിളവ് 12 ക്വിന്റല്‍ മുതല്‍ 20 ക്വിന്റല്‍ വരെ താഴ്ന്നതായി കര്‍ഷകര്‍ പറയുന്നു. ഉയര്‍ന്ന ചൂടും പാടങ്ങളിലെ അമ്ലതയും അവ മൂലമുണ്ടാകുന്ന രോഗങ്ങളും പോഷക അപര്യാപ്തതയുമാണ് ഇതിന് പിന്നിലെന്നാണ് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്ര വൃത്തങ്ങൾ പറയുന്നത്.

കുട്ടനാട്ടിലെ കൃഷിക്ക് ഉമ ഇനം നെല്ലാണ് അധികവും ഉപയോഗിക്കുന്നത്. ഇത് കൃഷിചെയ്ത പാടങ്ങളിലാണ് ഉത്പാദനത്തില്‍ വന്‍ ഇടിവുണ്ടായിരിക്കുന്നത്. എന്നാല്‍ മനുരത്‌ന, പൗര്‍ണമി തുടങ്ങിയ നെല്ലിനങ്ങള്‍ കൃഷിചെയ്ത പാടങ്ങളില്‍ സാധാരണയ്ക്ക് മുകളില്‍ വിളവ് ലഭിച്ചതായി നെല്ല് ഗവേഷണ കേന്ദ്രം വൃത്തങ്ങൾ പറയുന്നു. പുഞ്ചകൃഷി മാത്രം നടക്കുന്ന കായല്‍ നിലങ്ങളില്‍ ഏക്കറിന് മൂന്നര ടണ്‍വരെ വിളവ് ലഭിച്ചിരുന്നതാണ്. ഇത് ഇത്തവണ ഒന്നേ മുക്കാല്‍ ടണ്ണായി കുറഞ്ഞെന്ന് നെടുമുടി വെണ്ണേലി പാടശേഖരത്തിലെ കര്‍ഷകനായ ജോസി കുര്യന്‍ പുതുമന പറയുന്നു. സംസ്ഥാനം നെല്‍കര്‍ഷകര്‍ക്ക് നല്‍കുന്ന ഉത്പാദന ബോണസ് ഹെക്ടറിന് 1000 രൂപയാണ്. മൂന്നുവര്‍ഷമായി ആറ് കൃഷിയുടെ ബോണസ് നല്‍കാനുണ്ടെന്നും ജോസി പറയുന്നു.

കായല്‍ നിലങ്ങളിലെ കറവല്‍

കുട്ടനാട്ടിലെ കായല്‍ നിലങ്ങളില്‍ ഉമ നെല്‍വിത്താണ് കൃഷിക്കുപയോഗിക്കുന്നത്. ഇവിടെ പുളി കൂടി നെല്ലില്‍ കറവല്‍ വന്നു. ചൂടും മണ്ണിലെ പുളിയും പോഷക അപര്യാപ്തതയും അതുമൂലമുണ്ടാകുന്ന രോഗാവസ്ഥകളുമാണ് നെല്ലിന്റെ തൂക്കം കുറയ്ക്കുന്നതെന്ന് മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രം അസോസിയേറ്റ് പ്രഫസര്‍ ഡോ. നിമ്മി ജോസ് പറഞ്ഞു. പുളിപ്പ് വന്നപ്പോള്‍ മഞ്ഞളിപ്പ് ബാധിച്ച് നെല്ലിന്റെ ഓല കരിഞ്ഞു. കൊതുമ്പോല ഉള്‍പ്പെടെ കരിഞ്ഞ് പോയതിനാല്‍ മണിത്തൂക്കം കിട്ടിയിട്ടില്ല. അതേസമയം താമസിച്ച് ഡിസംബറില്‍ വിതച്ച നിലങ്ങളില്‍ പാലടിച്ച് മുറുകുന്ന സമയത്ത് മഴ ലഭിച്ചതിനാല്‍ വിളവ് കുറഞ്ഞിട്ടില്ല.

ആദ്യം കൊയ്ത കായല്‍ നിലങ്ങളില്‍ വിളവ് കുറവായിരുന്നു. കായല്‍ നിലങ്ങളില്‍ ഒറ്റകൃഷിയായതിനാല്‍ പുളിപ്പുമാറ്റാന്‍ കക്കയിടാറില്ല. അവിടങ്ങളിലാണ് വിളവ് കുറഞ്ഞത്. രണ്ട് കൃഷി നടന്ന പാടങ്ങളില്‍ ഉമയ്ക്ക് ശേഷം വീണ്ടും മൂപ്പുകൂടിയ ഉമ തന്നെ വിളയിക്കാന്‍ സമയമില്ലാത്തതിനാലാണ് മൂപ്പുകുറഞ്ഞ മനുരത്‌ന ഇവര്‍ തെരഞ്ഞടുത്തത്. അതിനാല്‍ കറവല്‍ ബാധിച്ചില്ല. പൗര്‍ണമി ഇനം ചെയ്ത തലവടിയില്‍ ഏക്കറില്‍ മൂന്ന് ടണ്‍ വരെ വിളവ് ലഭിച്ചെന്നും ഉമയില്‍ നിന്ന് മാറാന്‍ സമയമായെന്നും ഡോ. നിമ്മി പറഞ്ഞു.

ഡീസല്‍ വില വര്‍ധിച്ചതിനാല്‍ ട്രാക്ടര്‍ കൂലിയും കൂടി. ഒരേക്കറിന് 800 രൂപയ്ക്ക് ട്രാക്ടര്‍ അടിച്ചിരുന്നത് ഇപ്പോള്‍ 1200 രൂപയായി വര്‍ധിച്ചെന്ന് കര്‍ഷകനായ പയസ് എടയാടി പറയുന്നു.

കൃഷി ലാഭകരമല്ലാത്ത അവസ്ഥയില്‍

ഉത്പാദനത്തിലെ ഇടിവും ഉത്പാദനച്ചെലവിലെ വര്‍ധനവും തട്ടിച്ച് നോക്കുമ്പോള്‍ കൃഷി ലാഭകരമല്ലാത്ത അവസ്ഥയിലാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൂടി നിലയ്ക്കുന്ന സ്ഥിതിയാണെന്ന് മങ്കൊമ്പിലെ കര്‍ഷകനായ ജോണിച്ചന്‍ പറഞ്ഞു. മടകുത്തിയതിന്റെ പണം രണ്ട് വര്‍ഷമായി സര്‍ക്കാര്‍ നല്‍കിയിട്ടില്ല.

ഡീസല്‍ വില വര്‍ധിച്ചതിനാല്‍ ട്രാക്ടര്‍ കൂലിയും കൂടി. ഒരേക്കറിന് 800 രൂപയ്ക്ക് ട്രാക്ടര്‍ അടിച്ചിരുന്നത് ഇപ്പോള്‍ 1200 രൂപയായി വര്‍ധിച്ചെന്ന് കര്‍ഷകനായ പയസ് എടയാടി പറയുന്നു. ഒരേക്കര്‍ വിതയ്ക്കാന്‍ 800 രൂപയായിരുന്നത് 1000 രൂപയായി. വരമ്പുവെട്ടാന്‍ 2-3 പേര്‍ വേണം. 3300 രൂപ ഇതിന് ചെലവാകും. ഒരേക്കറില്‍ കളനാശിനി അടിക്കുന്നതിനുള്ള തുക 800 ല്‍ നിന്ന് 1000 രൂപയായി. വളമിടുന്നതിനും 1000 രൂപവേണം. പറിച്ചു നടീലിന് സ്ത്രീ തൊഴിലാളിക്ക് 450 രൂപ നല്‍കിയിരുന്നത് 600 ആയി വര്‍ധിച്ചു. നാലഞ്ച് തൊഴിലാളികള്‍ ഇറങ്ങിയാലെ ഒരേക്കറിലെ പറിച്ചുനടീല്‍ തീരൂ.

രണ്ടാം വളം ഇടുന്നതിന് 1000 രൂപയാണ് കൂലി. പൊട്ടാഷ് വില വര്‍ധന ഭീകരമാണ്. 50 കിലോയുടെ പായ്ക്കറ്റിന് 600 ല്‍ നിന്ന് 1700 രൂപയായി. ഒരേക്കറില്‍ 20 കിലോയെങ്കിലും പൊട്ടാഷ് ഇടണം. മൂന്നാം വളമിടീലിനും ഇതേ ചെലവ് ആവര്‍ത്തിക്കും. നിലം ഒരുക്കുന്നതിന് മുൻപ് അടിക്കുന്ന കളനാശിനിക്ക് 250 നിന്ന് 1000 രൂപയായി വില ഉയര്‍ന്നു. കൊയ്യുന്നതിന് മുൻപ് നെല്ല് ചായ്ക്കുന്നതിന് ഒരേക്കറില്‍ മൂന്ന് പേരെങ്കിലും പണിയേണ്ടി വരും. ചാലെടുത്ത് വെള്ളം കളയേണ്ടിയും വരും. 2050 രൂപയാണ് ഒരേക്കര്‍ കൊയ്യാന്‍ വേണ്ടത്. ഒരു ക്വിന്റല്‍ നെല്ല് ചാക്കില്‍ നിറയ്ക്കുന്നതിന് 40 രൂപ. ഇത് ചുമന്ന് വള്ളത്തില്‍ കയറ്റുന്നതിന് 85 രൂപയായിരുന്നത് 115 രൂപയായി. വള്ളത്തില്‍ ലോറി കിടക്കുന്ന സ്ഥലത്തെത്തിക്കുന്നതിന് ക്വിന്റലിന് 45 രൂപ. ലോറിയില്‍ കയറ്റുന്നതിന് 40 രൂപ.

ഒരേക്കറിന് 20,000 മുതല്‍ 30000 വരെയാണ് നല്‍കേണ്ട പാട്ടത്തുക. ഇതില്‍ 40,000 രൂപയുടെ അടുത്ത് വീണ്ടും മുടക്കിയാലേ കൃഷി നടക്കൂ. ചെലവ് ഏറ്റവും കുറച്ചാലും ഒരേക്കറിലെ നെല്‍കൃഷിയില്‍ നിന്ന് കര്‍ഷകന് എന്തെങ്കിലും കിട്ടണമെങ്കില്‍ 52,000 രൂപയുടെ നെല്ലെങ്കിലും ലഭിക്കണം.

ഒരേക്കറില്‍ 22 ക്വിന്റല്‍ നെല്ലെങ്കിലും ലഭിച്ചാലെ കൃഷിച്ചെലവുമായി തട്ടിച്ച് നോക്കുമ്പോള്‍ നെല്‍കൃഷി ലാഭത്തിലേക്ക് നീങ്ങൂ. നേരത്തേ 20 ക്വിന്റല്‍ നെല്ല് ലഭിച്ചാലും കൃഷി ലാഭമായിരുന്നു. അന്ന് കൃഷി ചെലവ് കുറവായിരുന്നു. കുട്ടനാട്ടില്‍ പ്രധാനമായി ഉപയോഗിക്കുന്ന കളനാശിനിയായ ഗ്ലൈഫോസേറ്റ്, പകരം ഉപയോഗിക്കാന്‍ മറ്റ് മരുന്നുകള്‍ ലഭ്യമാക്കാതെ നിരോധിച്ചത് കളനിയന്ത്രണത്തില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വേരുള്‍പ്പെടെ നശിച്ച് പോകുന്ന മറ്റ് കളനാശിനികള്‍ ഇല്ലെന്ന് പയസ് പറയുന്നു.

കുട്ടനാട്ടില്‍ പാട്ടകൃഷിയാണധികവും. ഒരേക്കറിന് 20,000 മുതല്‍ 30000 വരെയാണ് നല്‍കേണ്ട പാട്ടത്തുക. ഇതില്‍ 40,000 രൂപയുടെ അടുത്ത് വീണ്ടും മുടക്കിയാലേ കൃഷി നടക്കൂ. ചെലവ് ഏറ്റവും കുറച്ചാലും ഒരേക്കറിലെ നെല്‍കൃഷിയില്‍ നിന്ന് കര്‍ഷകന് എന്തെങ്കിലും കിട്ടണമെങ്കില്‍ 52,000 രൂപയുടെ നെല്ലെങ്കിലും ലഭിക്കണം. കാലാവസ്ഥാധിഷ്ടിത വിള ഇന്‍ഷുറന്‍സ് കുട്ടനാട്ടില്‍ നടപ്പാക്കാത്തത് മൂലം കാലാവസ്ഥയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മൂലമുള്ള വിളനഷ്ടത്തിന് ഇന്‍ഷുറന്‍സ് ലഭിക്കുന്നില്ല. പ്രകൃതി ദുരന്തങ്ങള്‍ക്ക് മാത്രമാണിവിടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്.

നെല്ലുവിലയില്‍ കാര്യമായ വര്‍ധന വരുന്നില്ലെങ്കിലും ചെലവുകള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. വളത്തിന്റെ വിലയില്‍ 60 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കളനാശിനി കിട്ടാനില്ല, ഉള്ളവയ്ക്ക് വില വര്‍ധിച്ചു.

ഐആര്‍സി തീരുമാനപ്രകാരം സ്ത്രീ തൊഴിലാളിക്ക് 300 ല്‍ നിന്ന് 500 രൂപയാക്കി. പുരുഷ തൊഴിലാളികളുടെ വേതനം 800 ല്‍ നിന്ന് 1000 രൂപയാക്കി. കര്‍ഷക പ്രതിനിധികളെ ഉള്‍പ്പെടുത്താതെയാണ് ഈ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

ചെലവുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നു

നെല്ലുവിലയില്‍ കാര്യമായ വര്‍ധന വരുന്നില്ലെങ്കിലും ചെലവുകള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. വളത്തിന്റെ വിലയില്‍ 60 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കളനാശിനി കിട്ടാനില്ല, ഉള്ളവയ്ക്ക് വില വര്‍ധിച്ചു. കൃഷി ബാധ്യതയാകുകയാണ്. വിത്തിന്റെ ആനുകൂല്യം വെട്ടിച്ചുരുക്കി. മടവീണിട്ട് അഞ്ചുവര്‍ഷമായ പാടങ്ങള്‍ക്ക് പോലും പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല.

നൂല്‍പാലത്തിലൂടെ നീങ്ങുന്ന കൃഷിയാണ് കുട്ടനാട്ടിലേത്. കിലോയ്ക്ക് 28.80 പൈസ നിരക്കിലാണ് നെല്ല് സംഭരണം. ഒരേക്കറില്‍ 5000 രൂപ മുതല്‍ 7000 രൂപവരെയാണ് പരമാവധി ലഭിക്കുന്ന ലാഭം. അഞ്ചേക്കറിന് മുകളില്‍ കൃഷിചെയ്യുന്ന കര്‍ഷകന് സര്‍ക്കാര്‍ ആനുകൂല്യം കൊടുക്കേണ്ടെന്നാണ് പുതിയ തീരുമാനം. അഞ്ചേക്കറിന് മുകളില്‍ കൃഷി ചെയ്യാതെ ഒരു കര്‍ഷകനും കൃഷി ലാഭകരമാകില്ലെന്നതാണ് വസ്തുത. ഇവരുടെ നെല്ലെടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുകിലോക്ക് നല്‍കുന്ന 7.80 പൈസ നല്‍കില്ലെന്നാണ് പറയുന്നതെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.

logo
The Fourth
www.thefourthnews.in