ബിപോർജോയ് ചുഴലിക്കാറ്റിൽ ജീവിതമാർഗം നഷ്ടപ്പെട്ട് ഗുജറാത്തിലെ മാമ്പഴ കർഷകർ; ഉപേക്ഷിക്കുന്നത് ടൺ കണക്കിന് മാങ്ങകൾ

ബിപോർജോയ് ചുഴലിക്കാറ്റിൽ ജീവിതമാർഗം നഷ്ടപ്പെട്ട് ഗുജറാത്തിലെ മാമ്പഴ കർഷകർ; ഉപേക്ഷിക്കുന്നത് ടൺ കണക്കിന് മാങ്ങകൾ

കച്ചിലെ അംജാർ, ഭുജ്, മാണ്ഡ്‌വി, മുന്ദ്ര എന്നിവിടങ്ങളിലെ മാങ്ങകളാണ് വിറ്റുപോകാതെ കെട്ടികിടക്കുന്നത്

ബിപോർജോയ് ചുഴലിക്കാറ്റിൽ ജീവിതമാർഗം തന്നെ വഴിമുട്ടി ഗുജറാത്തിലെ മാമ്പഴ കർഷകർ. ഫലങ്ങൾ വിളവെടുക്കാറായ സമയത്തുണ്ടായ ചുഴലിക്കാറ്റിൽ കേടുപാടുകൾ വന്നതോടെ ടൺ കണക്കിന് മാമ്പഴമാണ് കർഷകർ ഉപേക്ഷിച്ചത്. ബിപോർജോയ് ബാധിച്ച കച്ചിലെ അംജാർ, ഭുജ്, മാണ്ഡ്‌വി, മുന്ദ്ര എന്നിവിടങ്ങളിലെ മാങ്ങകളാണ് വിറ്റുപോകാതെ കെട്ടികിടക്കുന്നത്. ബിപോർജോയ് കൂടുതൽ ബാധിച്ചത് സൗരാഷ്ട്ര, കച്ച് മേഖലകളിലായിരുന്നു.

ബിപോർജോയ് ചുഴലിക്കാറ്റിൽ ജീവിതമാർഗം നഷ്ടപ്പെട്ട് ഗുജറാത്തിലെ മാമ്പഴ കർഷകർ; ഉപേക്ഷിക്കുന്നത് ടൺ കണക്കിന് മാങ്ങകൾ
ഗുജറാത്തിൽ നാശം വിതച്ച് ബിപോര്‍ജോയ്, ശമിക്കാതെ കാറ്റും മഴയും; രണ്ട് മരണം, 22 പേർക്ക് പരുക്ക്

ജൂൺ 15നാണ് അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ബിപോർജോയ് കര തൊട്ടത്. ചുഴലിക്കാറ്റ് വീശിയടിച്ചതോടെ വിളവെടുക്കാറായ മാങ്ങകൾ കാറ്റത്ത് നിലത്തുവീഴുകയും മഴയും ഈർപ്പവുമേറ്റ് പെട്ടെന്ന് കേടുവന്നതുമാണ് കർഷകർക്ക് തിരിച്ചടിയായത്. സർക്കാർ കണക്കുകൾ പ്രകാരം, കച്ച് മേഖലയിൽ 57,735 ഹെക്ടർ ഭൂമിയിൽ വിവിധ പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യുന്നുണ്ട്. ഇതിൽ 10,960 ഹെക്ടറിൽ മാങ്ങയാണ് പ്രധാന കൃഷി. ഗുജറാത്തിൽ തന്നെ ഏറ്റവും കൂടുതൽ മാമ്പഴം കൃഷി നടക്കുന്ന നാലാമത്തെ പ്രദേശമാണ് കച്ച്.

''ആരും മാങ്ങകൾ വാങ്ങാൻ തയാറാകുന്നില്ല. അതുകൊണ്ട് അടുത്തുള്ള തോട്ടങ്ങളിലേക്ക് മാങ്ങകൾ വലിച്ചെറിയാൻ നിർബന്ധിതരാവുകയാണ്'' - കർഷകർ പറയുന്നു. ഗുജറാത്ത് കൃഷിമന്ത്രി രാഘവ്ജി പട്ടേൽ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങളുടെ സ്ഥിതിയും വ്യാപ്തിയും വിലയിരുത്തും. ഇതിന് ശേഷമാകും നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന കർഷകരുടെ ആവശ്യത്തിൽ തീരുമാനമെടുക്കുക.

120 കിലോമീറ്റർ വേഗതയിൽ കാറ്റും പേമാരിയുമുണ്ടായതിനെ തുടർന്ന് ഈത്തപ്പഴ കൃഷികളും നശിച്ചു. 19,111 ഹെക്ടറിലാണ് ഈ മേഖലയിൽ ഈത്തപ്പഴം കൃഷി ചെയ്തിരുന്നത്. ഗുജറാത്തിൽ കനത്ത നാശനഷ്ടം വിതച്ച ബിപോർജോയ് ചുഴലിക്കാറ്റിൽ രണ്ടു പേർക്ക് ജീവൻ നഷ്ടമായിരുന്നു. 23 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 524 മരങ്ങൾ കടപുഴകി വീണു.വൈദ്യുത തൂണുകൾ വീണതിനെ തുടർന്ന് ഗുജറാത്തിലെ 940 ഗ്രാമങ്ങളിൽ വൈദ്യുതിവിതരണം പൂർണമായും തടസപ്പെട്ടു.

logo
The Fourth
www.thefourthnews.in