വിത്ത്, കക്ക, വളം കിട്ടാനില്ല;
കുട്ടനാട്ടിലെ കര്‍ഷകര്‍ രണ്ടാം കൃഷി ഉപേക്ഷിക്കുന്നു

വിത്ത്, കക്ക, വളം കിട്ടാനില്ല; കുട്ടനാട്ടിലെ കര്‍ഷകര്‍ രണ്ടാം കൃഷി ഉപേക്ഷിക്കുന്നു

പുഞ്ചകൃഷി നെല്ല് സംഭരിച്ചതിന്റെ വില ഇതുവരെ കൊടുത്തു തുടങ്ങിയിട്ടില്ലാത്തതിനാല്‍ സാമ്പത്തിക ഞെരുക്കത്തിലാണ് കര്‍ഷകര്‍

പുഞ്ചകൃഷി വിളവില്‍ വന്‍ ഇടിവുണ്ടായതിന് പിന്നാലെ കുട്ടനാട്ടിലെ കര്‍ഷകര്‍ രണ്ടാം കൃഷി ഉപേക്ഷിക്കുന്നു. പുഞ്ചകൃഷി നെല്ല് സംഭരിച്ചതിന്റെ വില ഇതുവരെ കൊടുത്തു തുടങ്ങിയിട്ടില്ലാത്തതിനാല്‍ സാമ്പത്തിക ഞെരുക്കത്തിലാണ് കര്‍ഷകര്‍. രണ്ടാം കൃഷി ആരംഭിക്കാനുള്ള വിത്ത്, കക്ക, വളം എന്നിവ സര്‍ക്കാരില്‍ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല.

കുട്ടനാട്ടിലെ നെടുമുടി, കൈനകരി, പുന്നപ്ര വടക്ക്, തെക്ക് അമ്പലപ്പുഴ കൃഷിഭവന്‍ എന്നിവയുടെ കീഴില്‍ രണ്ടാം കൃഷി ചെയ്യുന്ന നൂറിലധികം പാടശേഖരങ്ങളിലെ കര്‍ഷകരാണ് രണ്ടാം കൃഷി ഉപേക്ഷിക്കുന്നത്. 2000 ഏക്കറിലെ ആയിരത്തിലധികം കര്‍ഷകരാണ് കൃഷിയില്‍ നിന്ന് പിന്‍മാറുന്നത്.

12 രൂപയില്‍ നിന്നും ഹാന്റലിങ് ചാര്‍ജ് 100 രൂപയാക്കി വര്‍ധിപ്പിക്കുക, മുടങ്ങി കിടക്കുന്ന പമ്പിങ് സബ്‌സിഡികള്‍, ഇന്‍ഷ്വറന്‍സ് തുകകള്‍ എന്നിവ അടിയന്തരമായി കൊടുത്തു തീര്‍ക്കുക, നല്കി വരുന്ന എല്ലാ സബ്‌സിഡികളും തുടരുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പാടശേഖര സമതികളുടെ സംഘടനയായ ഐക്യ കുട്ടനാട് നെല്ല് ഉത്പാദക സംരക്ഷണ സമിതി രണ്ടാം കൃഷിയില്‍ നിന്നു വിട്ടു നില്‍ക്കാനുള്ള തീരുമാനമെടുത്തതെന്ന് പ്രസിഡന്റ് പി എ തോമസ്, സെക്രട്ടറി ലിരിഷ് അലക്‌സ്, ഷാജി പൊങ്ങ , വിജയന്‍ നായര്‍ , സിജിമോന്‍ തുടങ്ങിയവര്‍ വ്യക്തമാക്കുന്നു.

ഉത്പാദനത്തിലെ ഇടിവും ഉത്പാദനച്ചെലവിലെ വര്‍ധനയും തട്ടിച്ച് നോക്കുമ്പോള്‍ കൃഷി ലാഭകരമല്ലാത്ത അവസ്ഥയിലാണ്

ആലപ്പുഴ ജില്ലയില്‍ 38,000 ഹെക്ടറില്‍ നടന്ന പുഞ്ചകൃഷിയുടെ വിളവില്‍ വന്‍ ഇടിവുണ്ടായിരുന്നു. കായല്‍ നിലങ്ങളില്‍ വിളവ് പകുതിയോളം കുറഞ്ഞുമിരുന്നു. ഏക്കറിന് 25 ക്വിന്റല്‍ വരെ നെല്ല് ലഭിച്ചിരുന്ന പാടങ്ങളില്‍ വിളവ് 12 മുതല്‍ 20 ക്വിന്റല്‍ വരെ താഴ്ന്നിരുന്നു. ഇതിനിടയിലാണ് സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് കര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്നത്.

ഹെക്ടറിന് 1000 രൂപയാണ് സംസ്ഥാനം നെല്‍കര്‍ഷകര്‍ക്ക് നല്‍കുന്ന ഉത്പാദന ബോണസ്. ഇത് മൂന്നുവര്‍ഷമായി നല്‍കിയിട്ട്. മട കുത്തിയതിന്റെ പണം രണ്ട് വര്‍ഷമായി സര്‍ക്കാര്‍ നല്‍കിയിട്ടില്ല.

അഞ്ചേക്കറിന് മുകളില്‍ കൃഷി ചെയ്യുന്ന കര്‍ഷകന് സര്‍ക്കാര്‍ ആനുകൂല്യം കൊടുക്കേണ്ടെന്നാണ് പുതിയ തീരുമാനം. അഞ്ചേക്കറിന് മുകളില്‍ കൃഷി ചെയ്യാതെ ഒരു കര്‍ഷകനും കൃഷി ലാഭകരമാകില്ലെന്നതാണ് വസ്തുത. ഇവരുടെ നെല്ലെടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുകിലോക്ക് നല്‍കുന്ന 7.80 പൈസ നല്‍കില്ലെന്നാണ് പറയുന്നതെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു. ഉത്പാദനത്തിലെ ഇടിവും ഉത്പാദനച്ചെലവിലെ വര്‍ധനവും തട്ടിച്ചു നോക്കുമ്പോള്‍ കൃഷി ലാഭകരമല്ലാത്ത അവസ്ഥയിലാണ്. ഇതിനാലാണ് കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ തീരുമാനിക്കുന്നത്.

logo
The Fourth
www.thefourthnews.in