സെപ്റ്റംബറിലെ ഞായറിന്റെ വേലകള്‍: അത്തക്കട ചിത്തിര മുഖം

സൂര്യന്റെ ചലനമനുസരിച്ച് ഒരുവര്‍ഷത്തെ 27 ഞാറ്റുവേലകളാക്കിയാണ് പൂര്‍വികര്‍ കൃഷി ക്രമീകരിച്ചിരുന്നത്. ഇതനുസരിച്ച് ഈ മാസത്തില്‍ മൂന്നു ഞാറ്റുവേലകളാണുള്ളത്. അറിയാം ഈ മാസത്തെ കാര്‍ഷിക കലണ്ടറിനെ കുറിച്ച്

ഞാറ്റുവേല എന്നാല്‍ ഞായറിന്റെ വേല അഥവാ സൂര്യന്റെ സഞ്ചാരം. സൂര്യന്റെ ചലനമനുസരിച്ച് ഒരുവര്‍ഷത്തെ 27 ഞാറ്റുവേലകളാക്കിയാണ് നമ്മുടെ പൂര്‍വീകര്‍ കൃഷി ക്രമീകരിച്ചിരുന്നത്. ഇതനുസരിച്ച് ഈ മാസം മൂന്നു ഞാറ്റുവേലകളാണുള്ളത്. ചിങ്ങം 15 മുതല്‍ 28 വരെ നീളുന്ന പൂരം, ചിങ്ങം 28 മുതല്‍ കന്നി 10 വരെയുള്ള ഉത്രം, കന്നി 10 മുതല്‍ 24 വരെ ചിട്ടപ്പെടുത്തിയ അത്തം എന്നിവയാണിവ.

കാലായപ്പണിക്കായി നിലമൊരുക്കുന്നതു പൂരം ഞാറ്റുവേലയിലാണ്

കാലായപ്പണിയും മധുരക്കിഴങ്ങ് വിളവെടുപ്പും

ഒന്നാംവിളയുടെ കൊയ്ത്തുകാലമാണ് പൂരം ഞാറ്റുവേല. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 13 വരെ നീളുന്ന ഈ ഞാറ്റുവേലയിലാണ് രണ്ടാം വിളയ്ക്കുള്ള ഞാറ് തയാറാക്കിയിരുന്നത്. കാലായപ്പണിക്കായി നിലമൊരുക്കുന്നതും ഈ ഞാറ്റുവേലയിലാണ്. കൊയ്ത്തുകഴിഞ്ഞ പാടങ്ങള്‍ ഉഴുത് പച്ചിലവളം ചേര്‍ക്കുകയും അടുത്ത വിളയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നതിനെയാണ് കാലായപ്പണി എന്നു വിളിച്ചിരുന്നത്. മധുരക്കിഴങ്ങ് വിളവെടുക്കുന്ന കാലം കൂടിയാണ് പൂരം.

രണ്ടാം വിളയുടെ നടീല്‍കാലം

രണ്ടാംവിളയുടെ നടീല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന കാലമാണ് ഉത്രം ഞാറ്റുവേല. സെപ്റ്റംബര്‍ 13 മുതല്‍ 27 വരെ നീളുന്നതാണിത്.

അത്തം ഞാറ്റുവേലയുടെ അവസാനത്തിലോ ചിത്തിര ഞാറ്റുവേലയുടെ ആരംഭത്തിലോ നെല്ലു നടണമെന്ന അര്‍ഥത്തില്‍ അത്തക്കട ചിത്തിര മുഖം എന്നൊരു ചൊല്ലുതന്നെ രൂപപ്പെട്ടിരുന്നു

''അത്തമുഖത്ത് എള്ളെറിഞ്ഞാല്‍ ഭരണിമുഖത്തെണ്ണ''

സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 11 വരെ നീളുന്നതാണ് ഈ മാസത്തെ അവസാന ഞാറ്റുവേലയായ അത്തം. ഈ ഞാറ്റുവേലയുടെ ആദ്യ മൂന്നു ദിവസം നെല്ല് വിതയ്ക്കാറില്ല. വിളവ് കുറയുമെന്നാണ് പഴമക്കാര്‍ പറയുന്നത്. വര്‍ഷത്തില്‍ രണ്ടുകൃഷി നടക്കുന്ന ഇരിപ്പു നിലങ്ങളിലെ രണ്ടാം വിളയുടെ നടീല്‍ പ്രവര്‍ത്തനങ്ങള്‍ ഈ ഞാറ്റുവേലയില്‍ തീര്‍ന്നിരിക്കണമെന്നാണ്. പ്രത്യേകിച്ചും ജലലഭ്യത കുറവായ സ്ഥലങ്ങളില്‍. അത്തം ഞാറ്റുവേലയുടെ അവസാനത്തിലോ ചിത്തിര ഞാറ്റുവേലയുടെ ആരംഭത്തിലോ നെല്ലു നടണമെന്ന അര്‍ഥത്തില്‍ അത്തക്കട ചിത്തിര മുഖം എന്നൊരു ചൊല്ലുതന്നെ രൂപപ്പെട്ടിരുന്നു. ഈ ഞാറ്റുവേലയില്‍ ഞാറ് അകലം കൂട്ടി നട്ടാല്‍ വിളവു വര്‍ധിക്കുമെന്നാണ് പഴമക്കാര്‍ പറഞ്ഞിരുന്നത്.രണ്ടാം വിളയ്ക്ക് വേണ്ടത്ര ജലലഭ്യത ഇല്ലാത്ത സ്ഥലങ്ങളില്‍ എള്ള്, മുതിര, ഉഴുന്ന്, മധുരക്കിഴങ്ങ് എന്നിവ ഈ ഞാറ്റുവേലയില്‍ നടാം. ''അത്തമുഖത്ത് എള്ളെറിഞ്ഞാല്‍ ഭരണിമുഖത്തെണ്ണ'' എന്നാണ് പറയാറ്. അത്തം ഞാറ്റുവേലയുടെ ആദ്യ ദിവസങ്ങളില്‍ എള്ള് വിതച്ചാല്‍ ധാരാളം നല്ല എള്ള് ലഭിക്കും. അടുത്ത ഓണത്തിനുള്ള ഓണവാഴ അഥവ നേന്ത്രവാഴ ഈ ഞാറ്റുവേലയില്‍ നടണം. മറ്റൊരു പ്രധാന കാര്യം തിരുവാതിര ഞാറ്റുവേലയില്‍ നട്ട കുരുമുളക് വള്ളികള്‍ താങ്ങുകാലുകളോട് ചേര്‍ത്തു കെട്ടി വളം ചേര്‍ക്കണമെന്നതാണ്. തെങ്ങിന് വളം ചേര്‍ത്ത് കൊത്തിമൂടുന്നതും ഈ ഞാറ്റുവേലയിലാണ്. ഇങ്ങനെ കൊത്തി മൂടിയതിന് പുറത്തുവേണം തുലാവര്‍ഷം പെയ്യാന്‍. കൊത്തിമൂടിയ തെങ്ങിന്‍ തടങ്ങളില്‍ വെള്ളരി, കക്കിരി എന്നിവ നടാം. ചതുരപയര്‍, അമര എന്നിവ പൂവിടാന്‍ ആരംഭിക്കുന്ന സമയവുമാണിത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in