കാണം വില്‍ക്കാതെ ഓണമുണ്ണാന്‍, ഒരു കഞ്ഞിക്കുഴി 'പാഠം'
കാണം വില്‍ക്കാതെ പൊന്നോണസദ്യയൊരുക്കാന്‍ എത്രനാള്‍ മുമ്പൊരുങ്ങണം, അത് ഓരോ ചെടിയും കായ്ക്കാനെടുക്കുന്ന സമയമെന്നിവര്‍ പറയും. 2021 ല്‍ സംസ്ഥാനത്തെ മികച്ച യുവകര്‍ഷകയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി കളവേലില്‍ ആഷാ ഷൈജുവും ഭര്‍ത്താവ് ഷൈജുവും. പീച്ചില്‍, പടവലം, വെണ്ട പോലുള്ള പച്ചക്കറികള്‍ക്കാണെങ്കില്‍ ഇത് 60-65 ദിവസമാണ്. പച്ചമുളകിനാണെങ്കില്‍ 70-80 ദിവസം മുമ്പൊരുങ്ങണം. വര്‍ഷത്തില്‍ മുഴുവനും പച്ചക്കറി വിളയിക്കുന്ന ഇവര്‍ പാട്ടത്തിനു സ്ഥലമെടുത്തും പച്ചക്കറിക്കൃഷി ചെയ്യുന്നുണ്ട്. ചെറിയപ്ലോട്ടുകളായി തിരിച്ചാണ് കൃഷി നടത്തുന്നത്. കൃഷി മടുക്കാതിരിക്കാന്‍ കൂടിയാണ് ഇങ്ങനെ ചെയ്യുന്നത്.
കുടുംബസമേതം കൃഷി
കുടുംബസമേതമാണ് കൃഷി. ജോലിക്കാരായി പ്രത്യേകിച്ചാരുമില്ല. നിലമൊരുക്കാന്‍ കഞ്ഞിക്കുഴിയിലെ ഹരിതകര്‍മസേന എത്തും. മറ്റെല്ലാ ജോലികളും തനിയെയാണ് ചെയ്യുന്നത്. ഓണത്തിന് പടവലം, പീച്ചില്‍, പച്ചമുളക് എന്നിവയൊക്കെയാണ് കൃഷി ചെയ്യുന്നത്. ഓണം കഴിയുമ്പോള്‍ മുതല്‍ വിളവെടുക്കത്തക്ക രീതിയിലാണ് 2000 ചുവട് വെണ്ട നട്ടിരിക്കുന്നത്. പടവലം മൈക്കോ-7 ഇനമാണ് നട്ടിരിക്കുന്നത്. പീച്ചില്‍ മൈക്കോ-1 ഇനവും. രണ്ടും 250 ചുവടുവീതം നട്ടിരിക്കുന്നു. കോഴിവളം, വേപ്പിന്‍ പിണ്ണാക്ക്, കുമ്മായം എന്നിവ ചേര്‍ത്തു നല്‍കുന്ന അടിവളത്തിനൊപ്പം മത്തി - ശര്‍ക്കര മിശ്രിതം ഇലകളില്‍ ഫോളിയാര്‍ സ്‌പ്രേയായി നല്‍കുന്നു. കായീച്ചകളെ അകറ്റാന്‍ കായീച്ചക്കെണിയും ഫിറമോണ്‍ കെണികളും തോട്ടത്തില്‍ നിന്ന് 10-15 മീറ്റര്‍ അകലെയായി സ്ഥാപിക്കും. തോട്ടത്തിനുള്ളില്‍ സ്ഥാപിച്ചാല്‍ തോട്ടത്തിലേക്ക് ഇവ ആകര്‍ഷിക്കപ്പെട്ടെത്തുമെന്നതിനാലാണ് ഇങ്ങനെ മാറ്റി സ്ഥാപിക്കുന്നത്. ഓണത്തിന് അവരവര്‍ക്കുള്ള സ്ഥലത്ത് മുന്‍കൂട്ടി പച്ചക്കറികള്‍ നട്ടാല്‍ കാണംവില്‍ക്കാതെ തന്നെ ഓണമുണ്ണാനാകുമെന്നാണ് ഇവര്‍ പറയുന്നത്.
ഫോണ്‍: ഷൈജു- 98465 85533